ഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാല്‍ എന്താ! ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്; പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയത്; പ്രമാടത്ത് സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ല; യുദ്ധകാല അടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയതെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ

ഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാല്‍ എന്താ!

Update: 2025-10-22 12:12 GMT

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ഗ്രീറ്റില്‍ താഴ്ന്നെന്ന വാര്‍ത്തകള്‍ തള്ളി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍.ദൂരെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണെന്നും പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു.

'ദൂരെ നിന്ന് നോക്കിയപ്പോള്‍ തോന്നിയതാകാം. ഞാന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലോ. തെറ്റിദ്ധാരണയുടെ പുറത്താണ് അത്തരമൊരു വാര്‍ത്ത വന്നത്. വല്ലാത്ത അപമാനമായിപ്പോയി. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പുറകിലേക്ക് ആയിപ്പോയി. ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി പിറകുവശത്തെ ചളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ല', ജനീഷ് കുമാര്‍ പറഞ്ഞു.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് എല്ലാം ചെയ്തത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയത്. കോണ്‍ഗ്രീറ്റ് ഇച്ചിരി താഴ്ന്നാല്‍ എന്താ കുഴപ്പം. ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ ചോദിച്ചു.

അതേസമയം സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്.

ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പോയ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചത്. നിശ്ചയിച്ചതില്‍ നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തേക്ക് പിന്നീട് തള്ളിമാറ്റികയാണ് ചെയ്തത്. അതില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ യാത്ര സംബന്ധിച്ച ആശയക്കുഴപ്പമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ നാലു മണിയായിട്ടും രാഷ്ട്രപതിയുടെ യാത്രാമാര്‍ഗത്തില്‍ തീരുമാനമായിരുന്നില്ല. രാവിലെ ആറു മണിയോടെയാണ് ഹെലികോപ്റ്റര്‍ എന്ന തീരുമാനത്തിലെത്തിയത്. പ്രമാടത്ത് അടിയന്തരമായി മൂന്നു ഹെലിപ്പാഡുകള്‍ സജ്ജമാക്കാന്‍ ഇന്നലെ വൈകീട്ടോടെ തീരുമാനിച്ചിരുന്നു. ഹെലിപ്പാഡ് ഇന്നലെ രാത്രി കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങിയെങ്കിലും ഇന്നു പുലര്‍ച്ചെയാണ് പൂര്‍ത്തിയായത്.

ഹെലിപാഡ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പും രംഗത്തെത്തി. പ്രമാടം ഗ്രൗണ്ടില്‍ ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് ഹെലിപ്പാഡ് തയ്യാറാക്കിയത്. എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News