കല്‍പ്പാത്തി വീഥിയില്‍ രഥമുരുളുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണവും; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് നേതാക്കള്‍, മതസൗഹാര്‍ദ്ദവും ഐക്യവും മുന്നോട്ട് വെക്കാന്‍ മൂന്ന് പാര്‍ട്ടികളും; പ്രചരണചൂടില്‍ കല്‍പ്പാത്ത രഥോത്സവത്തിന് ഇന്ന് തുടക്കം
പാലക്കാട്: തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമാകും. ഇന്ന് മുതല്‍ മൂന്ന് നാള്‍ കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം 10.30ക്കും 11.30നും ഇടയിലാണ് രഥാരോഹണം നടക്കുന്നത്. തുടര്‍ന്ന് മൂന്ന് രഥങ്ങളുടെ പ്രദക്ഷിണം നടക്കും. ഭക്തരാണ് തേര് വലിക്കുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് എന്നതാണ് ഈ വര്‍ഷത്തെ രഥോല്‍സവത്തിന്റെ പ്രത്യേകത. രാഷ്ട്രീയവും ഭക്തിയും ഒന്നിച്ച് കൊണ്ടുപോകാനാണ് സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ കടുത്ത പ്രചരണം തന്നെയായിരിക്കും ഇന്ന് പാലക്കാട് നടക്കുന്നത്. ഉത്സവം പ്രചാരണത്തിനുള്ള സുവര്‍ണാവസരമാക്കാനാണ് മൂന്ന് പാര്‍ട്ടികളുടെയും ശ്രമിക്കുന്നത്. നിരവധി ഭക്തര്‍ ഈ ഉത്സവത്തിന് എത്തുന്നതിനാല്‍ തങ്ങളുടെ ആശയങ്ങള്‍ എത്തിക്കാനായിരിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നത്.
വലിയ ജനസഞ്ചയം രഥോത്സവത്തിന് എത്തുന്നതിനാല്‍ മൂന്ന് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ പ്രചാരണത്തിന് പുതുമകളും തന്ത്രപരമായ നീക്കങ്ങളും കൊണ്ടുവരാനായിരിക്കും ശ്രമിക്കുക. എല്ലാ വേദികളിലും നേതാക്കള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം പ്രദേശത്തെ വികസന പ്രശ്‌നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. പാര്‍ട്ടികളുടെ ബാനറുകള്‍ ആളുകള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വെക്കുവാനും സാധിതയുണ്ട്. ഉത്സവത്തിന് ചില പാര്‍ട്ടികളില്‍ നിന്ന് പണം പിരിവ് നല്‍കുന്നത് വരെ പ്രചരണമാക്കാന്‍ സാധ്യതയുണ്ട്.
കല്‍പ്പാത്തി രഥോത്സവം കേരളത്തിലെ മതേതര സങ്കല്പത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ഉദാഹരണമാണ്. ഇവിടെ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ സമാധാനപരമായി ഒന്നിച്ചുചേരുന്നതും ഐക്യവും കൂടാതെ സഹവാസത്തിന്റെ പ്രതീകമായി ഈ ഉത്സവം മാറുന്നു. ഈ പശ്ചാത്തലത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളും സമുദായ ഐക്യം മുന്‍നിര്‍ത്തിയുള്ള പ്രചാരണമായിരിക്കും നടത്തുക.
ചേലക്കരയിലും വയനാടും ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ പാലക്കാട് മാത്രം ഉത്സവത്തിന്റെ ആരവത്തിലാണ്. പ്രധാന ചടങ്ങി ഇന്നായതിനാല്‍ വോട്ടെടുപ്പ് ഈ മാസം 20 ലേക്ക് മാറ്റിയിരുന്നു. പ്രചരണം തകര്‍തിയായി നടക്കുന്നതിനാല്‍ പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും രാവിലെ മുതല്‍ കല്‍പ്പാത്തി കേന്ദ്രീകരിച്ചായിരിക്കും പ്രചരണം നടത്തുക. കൊടിയേറിയ ദിവസം എല്ലാ സ്ഥാനാര്‍ഥികളും രാവിലെ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
അതേസമയം, കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും. കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ഗതാഗതനിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.അതേസമയം പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും.