കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വിജയിക്ക് ആശ്വാസം; അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വിരമിച്ച ജഡ്ജിക്ക്; വിജയ് എന്‍ഡിഎയിലേക്ക് ചേക്കേറാന്‍ സാധ്യത കൂടി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

Update: 2025-10-13 08:01 GMT

ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയെന്നും സുപ്രീംകോടതി വിധിയല്‍ വ്യക്തമാക്കി.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കും.

നേരത്തേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തില്‍ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നല്‍കുന്നതാണ്. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.

സെപ്റ്റംബര്‍ 27നായിരുന്നു കരൂരില്‍ വിജയ്യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്യെ കാണാന്‍ രാവിലെ മുതല്‍ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കുകയും ചെയ്തു.

ഇതോടെ ആളുകള്‍ കുപ്പിവെള്ളം പിടിക്കാന്‍ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആദ്യ ദിവസം 38പേരാണ് മരിച്ചത്.

അതിനിടെ കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ് എന്‍ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചനകളും പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയാണ് വിജയ്യെ മുന്നണിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിജയ്യുമായി എടപ്പാടി ഫോണില്‍ സംസാരിച്ചതായാണ് വിവരം. പൊങ്കലിന് ശേഷം തീരുമാനമറിയിക്കാമെന്ന് വിജയ് പറഞ്ഞതായാണ് വിവരം.

2026ല്‍ തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെയ്ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് വിജയ്യെ കൂടെ കൂട്ടാന്‍ എന്‍ഡിഎ തീരുമാനിച്ചത് എന്നാണ് സൂചന. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച വിജയ് ബിജെപി പ്രബല ശക്തിയായ എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.

അതിനിടെ കരൂര്‍ സന്ദര്‍ശനത്തില്‍ ഡിജിപി ജി വെങ്കിട്ടരാമനെതിരെ അസാധാരണ ഉപാധികള്‍ വച്ചിരിക്കുകയാണ് വിജയ്. ആരും പിന്തുടരുതെന്നും സായുധ സംഘം ഒപ്പമുണ്ടാകണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. വേദിക്ക് ചുറ്റം സുരക്ഷാ ഇടനാഴിവെയ്ക്കണമെന്നതാണ് മറ്റൊരു ഉപാധി. വിജയ്യുടെ അഭിഭാഷകനാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കരൂര്‍ സന്ദര്‍ശിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് ടിവികെ ഡിജിപിക്ക് അപേക്ഷ നല്‍കിയത്. യാത്രാ അനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാം എന്നായിരുന്നു ഡിജിപി നല്‍കിയ മറുപടി. യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിജിപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് മുന്നില്‍ ടിവികെ ഉപാധികള്‍വെച്ചത്.

മതിയായ സുരക്ഷ ഒരുക്കുന്ന പക്ഷം ഏറ്റവും അടുത്ത ദിവസം തന്നെ കരൂരില്‍ എത്താനാണ് വിജയ് ലക്ഷ്യംവെയ്ക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടില്‍ പോയി കാണുന്നതിന് പകരം കരൂരില്‍ പ്രത്യേക വേദി ഒരുക്കാനാണ് ടിവികെ ലക്ഷ്യംവെയ്ക്കുന്നത്. ഇതിനായി രണ്ട് വേദികള്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ച തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ചില പ്രവര്‍ത്തകരും മാത്രമായിരിക്കും അവിടെ ഉണ്ടാകുക. പൊലീസ് എല്ലാ ഉത്തരവാദിത്വങ്ങളും തങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണ്. തങ്ങള്‍ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ തയ്യാറാണ്. എന്നാല്‍ പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും ടിവികെ വൃത്തങ്ങള്‍ പറയുന്നു.

Tags:    

Similar News