നാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്‍ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴി

കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍

Update: 2025-09-28 09:00 GMT

കരൂര്‍: നടന്‍ വിജയ് നയിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് തമിഴ്‌നാട് വെട്രിക കഴകം കക്ഷി (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച ഹര്‍ജി നാളെ കോടതി പരിഗണിക്കും. റാലിക്കിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നും, ദുരന്തത്തിന് മുമ്പ് റാലിക്കെതിരെ കല്ലേറുണ്ടായെന്നും ടിവികെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കരൂരില്‍ നടന്ന ദുരന്തത്തില്‍ ഇതുവരെ 39 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ക്കായി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കരൂരില്‍ ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്‌നാട് എഡിജിപി എസ്. ഡേവിഡ്‌സന്റെ നേതൃത്വത്തില്‍ ആറ് പോലീസ് സൂപ്രണ്ടുമാരും യോഗത്തില്‍ പങ്കെടുത്തു.

ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ മതിഅഴകന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, നടന്‍ വിജയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിന് നാല് പ്രധാന കാരണങ്ങള്‍

നടന്‍ വിജയ് തന്റെ കാരവാനില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്ന കാരവന്റെ ജനല്‍ അടച്ചതും, നാമക്കലില്‍നിന്ന് കരൂരിലേക്ക് നൂറുകണക്കിന് ആരാധകര്‍ വിജയ്യുടെ വാഹനത്തെ പിന്തുടര്‍ന്നതും, സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ അറിയിപ്പുകളും, ജനക്കൂട്ടത്തിനിടയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് ദുരന്തത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിജയ് പ്രസംഗം ആരംഭിച്ചതിന് ശേഷം വെറും 10 മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ച് ദുരന്തമായി മാറിയത്.

നാമക്കലില്‍ റാലി അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് ആരാധകര്‍ വിജയ്യുടെ വാഹനത്തെ പിന്തുടരാന്‍ തുടങ്ങിയിരുന്നു. താരത്തെ കാണുന്നത് ഒഴിവാക്കാന്‍ കാരവാനിന്റെ വശത്തെ ജനല്‍ അടച്ചത് തെറ്റായ കണക്കുകൂട്ടലായിരുന്നു. താരത്തെ നേരില്‍ കാണാനാകാത്തതുകൊണ്ട് കൂടുതല്‍പേര്‍ വാഹനത്തെ പിന്തുടര്‍ന്നു. ഈ നിര്‍ദ്ദേശം അവഗണിച്ച് വാഹനത്തെ പിന്തുടര്‍ന്നെത്തിയ വലിയ ജനക്കൂട്ടം കരൂരില്‍ കാത്തുനിന്നവര്‍ക്കൊപ്പം ചേര്‍ന്നതോടെ, കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു

വൈകിട്ട് 7 മണിക്ക് ശേഷം വിജയ് കരൂരിലെത്തിയപ്പോഴേക്കും സാഹചര്യം പൂര്‍ണ്ണമായും നിയന്ത്രണം വിട്ട നിലയിലായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച്, പത്തിലധികംപേര്‍ കയറിയിരുന്ന ഒരു മരക്കൊമ്പ് ജനക്കൂട്ടത്തിലേക്ക് ഒടിഞ്ഞുവീണത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനെത്തുടര്‍ന്ന് ചിതറിയോടിയ ജനങ്ങള്‍ക്കിടയില്‍ തിക്കും തിരക്കും വര്‍ദ്ധിച്ച് ദുരന്തമായി മാറുകയായിരുന്നു. വിജയ് പ്രസംഗം പൂര്‍ത്തിയാക്കി ഉടന്‍ സ്ഥലത്തുനിന്ന് മടങ്ങി.

Tags:    

Similar News