വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായി ചാനല്‍ വഴി മോശം പരാമര്‍ശം: 24 ന്യൂസ് ചാനലിനെതിരെ പോക്സോ ചുമത്താമെന്ന് ഹൈക്കോടതി; പോലീസ് മേധാവി തുടര്‍നടപടി സ്വീകരിക്കണമെന്നും ഉത്തരവ്

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി

Update: 2024-09-11 14:16 GMT

കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മരിച്ച വാളയാര്‍ പെണ്‍കുട്ടികളെക്കുറിച്ച് ഒരു ചാനല്‍ വഴി മോശം പരാമര്‍ശം നടത്തി എന്നായിരുന്നു കേസ്. 24 ന്യൂസ് ചാനല്‍ വഴിയായിരുന്നു ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം.

എന്നാല്‍ ഉദ്യോഗസ്ഥമെതിരെയല്ല, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടര്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വിഷയത്തില്‍ 24 ന്യൂസ് ചാനല്‍ വസ്തുതാ പരിശോധന നടത്താത്തത്തിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമര്‍ശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ചാനലിനെതിരെ പോക്‌സോ കുറ്റം ചുമത്താം. ആവശ്യമെങ്കില്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്.

അതേസമയം വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ.സോജന് ഐപിഎസ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ രണ്ടാഴ്ച്ച മുമ്പ് രംഗത്തുവന്നിരുന്നു. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ പ്രതികരണവുമായി രംഗത്തെത്തിയത്.

കോടതി വിധി വരും മുമ്പേ സര്‍ക്കാര്‍ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചത്. തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നല്‍കുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ചോദ്യം ഉന്നയിച്ചിരുന്നു.

2017 ജനുവരി 7 നാണ് വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. 2020 നവംബര്‍ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു.

Tags:    

Similar News