ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി മമത ബാനര്‍ജി; സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമം

പ്രതികരണം, ഡോക്ടറുടെ അച്ഛന്റെ ആരോപണത്തില്‍

Update: 2024-09-09 13:11 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയാക്കി കൊലചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ കുടുംബത്തിന് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് മമത ആരോപിക്കുന്നത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് 32 വയസുള്ള ജൂനിയര്‍ ഡോക്ടറുടെ അച്ഛന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സര്‍ക്കാരിനും പോലീസിനുമെതിരായ ആരോപണങ്ങളുമായി ഇനി രംഗത്ത് വരരുതെന്നാവശ്യപ്പെട്ടാണ് പോലീസ് പണം വാഗ്ദാനം ചെയ്തതെന്നാണ് ഡോക്ടറുടെ അച്ഛന്റെ ആരോപണം.

കേസിന്റെ തുടക്കം മുതല്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടെന്നും മരണവാര്‍ത്തയറിഞ്ഞെത്തിയപ്പോള്‍ തങ്ങളെ മൃതദേഹം കാണാന്‍ പോലും സമ്മതിക്കാതെ പോസ്റ്റ്മോര്‍ട്ടം അവസാനിക്കുന്നതുവരെ പോലീസ് സ്റ്റേഷനില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ട പോലീസ് ഒടുവില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം കൈമാറിയപ്പോള്‍ പണം വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടറുടെ അച്ഛന്‍ ആരോപിച്ചത്. താന്‍ ഡോക്ടറുടെ കുടുംബത്തിന് ഒരിക്കലും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഉദ്ദേശത്തില്‍ നടക്കുന്ന പ്രചാരണമാണെന്നുമായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. നഷ്ടപ്പെട്ട ജീവന് പണം പകരമാകില്ലെന്നും നഷ്ടപ്പെട്ട മകളുടെ ഓര്‍മയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തന്നെ ബന്ധപ്പെടണമെന്നുമാണ് ഡോക്ടറുടെ കുടുംബത്തോട് പറഞ്ഞതെന്നുമാണ് മമത ബാനര്‍ജി വിശദീകരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് തന്നെ അറിയിച്ചിരുന്നു എന്നാല്‍ ദുര്‍ഗാ പൂജ വരാനിരിക്കുന്നതുകൊണ്ടു തന്നെ ക്രമസമാധാനം നിയന്ത്രിക്കാനറിയാവുന്ന ഒരാള്‍ ഈ സ്ഥാനത്ത് വേണം. അതിനാലാണ് കമ്മിഷണര്‍ ആ സ്ഥാനത്ത് തുടരുന്നതെന്നും മമത പറയുന്നു. ഇപ്പോള്‍ നടക്കുന്നത് ഇടതുപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നും മമത ആരോപിക്കുന്നു. അന്വേഷണം അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നുതന്നെ ശ്രമമുണ്ടായി എന്ന ആരോപണം കുടുംബം ഉന്നയിച്ചതിനു പിന്നാലെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു.

എന്നാല്‍ അതിനുപിന്നാലെ മരിച്ച ഡോക്ടറുടെ അച്ഛന്‍ തന്നെ അട്ടിമറിശ്രമങ്ങളെ തള്ളിക്കളയുന്ന വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ് എന്നാണ് വിഡിയോയില്‍ ഡോക്ടറുടെ അച്ഛന്‍ പറയുന്നത്. ഓഗസ്റ്റ് 9നാണ് കോല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ വച്ച് ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

Tags:    

Similar News