കൊതിച്ചത് അച്ഛനെപ്പോലെ പൈലറ്റ് ആകാന്‍; കാഴ്ച്ചാ പരിമിതി തടസമായപ്പോള്‍ സംരംഭകനായി; ആരും ചിന്തിക്കാത്ത വഴിയില്‍ ബിപിഎല്‍ മൊബൈലില്‍ തുടക്കം; സാങ്കേതികത്തികവില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍; തരൂരിനെ വിറപ്പിച്ച പോരാട്ടത്തോടെ കേരള ബിജെപിയുടെ അമരത്തേക്ക്; രാജീവ് ചന്ദ്രശേഖറിന്റെ കഥ..!

കൊതിച്ചത് അച്ഛനെപ്പോലെ പൈലറ്റ് ആകാന്‍

Update: 2025-03-23 14:08 GMT

തിരുവനന്തപുരം: പരമ്പരാഗത രാഷ്ട്രീയക്കാരുടെ വഴികളിലാണ് കേരളം ഏറെയും സഞ്ചരിച്ചിട്ടുള്ളത്. ഖദര്‍ ഷര്‍ട്ടും മുണ്ടും ജുബ്ബയും മുണ്ടും ധരിക്കുന്ന രാഷ്ട്രീയക്കാരാണ് കേരളത്തില്‍ പൊതുവേയുള്ളത്. അടിത്തട്ടില്‍ നിന്നും അടിമുടി രാഷ്ട്രീയക്കാരായാണ് ഇത്തരം രാഷ്ട്രീയക്കാര്‍ വളര്‍ന്നത്. എന്നാല്‍, അടിമുടി രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാതെ സ്വന്തം തൊഴില്‍മാര്‍ഗ്ഗം കണ്ടെത്തി അധ്വാനിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ മാതൃകയാക്കണം എന്ന് പറയുന്നവരാണ് ഇന്നത്തെ യുവതലമുറ. ആ തലമുറയ്ക്ക് മുന്നില്‍ കേരളത്തില്‍ വഴികാട്ടികളായി ഉള്ളത് ശശി തരൂരും, മാത്യു കുഴല്‍നാടനെയും പോലുള്ളവരാണ്. എന്നാല്‍, ഇവര്‍ ആരും തന്നെ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാരന്റെ റോളില്‍ എത്തിയിരുന്നില്ല. ആ പതിവു തെറ്റിച്ചു കൊണ്ടാണ് രാജീവ് ചന്ദ്രശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവിയിലേക്ക് എത്തുന്നത്.

സ്വപ്രയത്ന്നം കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടി നിരവധി പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായി മാറിയ ആളാണ് രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ ടെക്‌നോളജി നേട്ടങ്ങള്‍ക്ക് തുടക്കമിട്ടവരുടെ കൂട്ടത്തില്‍ രാജീവിന്റെ പേരും മുന്നിലാണ്. മൊബൈല്‍ ഫോണുകളെ കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയതു തന്നെ രാജീവ് തുടങ്ങിയ ബിപിഎല്‍ മൊബൈല്‍ കമ്പനി വഴിയാണ്. രാജീവ് തുടക്കമിട്ട ഈ സംരംഭവത്തിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയില്‍ ടെലികോം മേഖലയില്‍ സാങ്കേതിക വിപ്ലവം വരുന്നതും. ഇങ്ങനെ സാങ്കേതിക മേഖലയില്‍ കൈവെക്കാനുള്ള ആത്മവിശ്വാസം കൈമുതലാക്കിയാണ് രാജീവ് കേരളത്തില്‍ ബിജെപിയുടെ ഗതിമാറ്റത്തിന് ഒരുങ്ങുന്നത്.

കേരളത്തില്‍ മത്സരിക്കാന്‍ എത്തി വിജയതുല്യമായ തോല്‍വിയായിരുന്നു രാജീവ് നേരിട്ടത്. തരൂര്‍ എന്ന കരുത്തനോട് പതിനയ്യായിരത്തോളം വോട്ടുകള്‍ക്കാണ് രാജീവ് തോറ്റത്. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ തരൂര്‍ മത്സര രംഗത്തില്ലെങ്കില്‍ അവിടേക്ക് വിജയിച്ചു കയറാമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് പിന്നീട് രാജീവ് കേരളത്തില്‍ സജീവമായത്. തിരുവനന്തപുരത്ത് അടുത്ത 5 വര്‍ഷവും താന്‍ ഉണ്ടാകുമെന്നായിരുന്നു അന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. തരൂരിനോട് ഏറ്റ തോല്‍വി നിരാശ സമ്മാനിച്ചെങ്കിലും നിരന്തര പരിശ്രമത്തോടെ കേരളത്തിലെ ബിജെപിക്ക് പുതിയ ഉണര്‍വ്വു പകരാനുള്ള ദൗത്യമാണ് രാജീവില്‍ നിക്ഷിപ്തമാകുന്നത്.


 



ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തില്‍ രാജീവിന്റെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ രാജീവ് കേന്ദ്രനേതൃത്വത്തെ താല്‍പര്യക്കുറവ് അറിയിച്ചിരുന്നു. പശ്ചാത്തലത്തില്‍ കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേര് വീണ്ടും സജീവമായപ്പോഴാണ്, കോര്‍ കമ്മിറ്റി രാജീവിനെ തന്നെ തിരഞ്ഞെടുത്തത്. എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റുന്ന നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്ന നിലപാടിലായിരുന്നു ബിജെപി ദേശീയ നേതൃത്വം. എ.ഐ സാങ്കേതിക വിദ്യയിലേക്ക് കാലം മാറുമ്പോള്‍ അതിന് ഉതകുന്ന രാഷ്ട്രീയക്കാരന്‍ വരട്ടെ എന്നതാണ്് കേന്ദ്രനയം, രാജീവിന്റെ വരവോട് സംസ്ഥാന ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇടവരുമെന്നാണ് പ്രതീക്ഷ.

തൃശ്ശൂരില്‍ വേരുകള്‍, പൈലറ്റാന്‍ കൊതിച്ചു നടന്നില്ല, സംരംഭകനായി

വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ല്‍ അഹമ്മദാബ്ദിലാണു രാജീവിന്റെ ജനനം. തൃശൂര്‍ ദേശമംഗലം സ്വദേശികളാണ് മാതാപിതാക്കള്‍. തൃശൂരിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമാണ് രാജീവ് തുടര്‍പഠനത്തിനായി ബെംഗളൂരുവിലേക്ക് പോകുന്നത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഷിക്കാഗോ ഇലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അച്ഛനെപ്പോലെ പൈലറ്റ് ആകാനാണ് കൊതിച്ചതെങ്കിലും കാഴ്ച പരിമിതി തടസ്സമായതോടെയാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടണ്ട്. ഇതിന് ശേഷം പെന്റിയം ചിപ്പിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കല്‍ എഞ്ചിനീയറും വ്യവസായിയുമായ വിനോദ് ധാം ആണ് രാജീവിനെ ഇന്റല്‍ കമ്പനിയിലേക്ക് എത്തിച്ചത്. 1988 മുതല്‍ 1991 വരെ ഇന്റലില്‍ ജോലി ചെയ്ത രാജീവ് ഐ486 പ്രൊസസര്‍ രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു.


 



1991ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ രാജീവ് ബിപിഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളിയുമായ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. പിന്നീട് ബിപിഎല്‍ ഗ്രൂപ്പിന്റെ ഭാഗമായി രാജീവ് ചന്ദ്രശേഖര്‍. 1994ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചതാണ് രാജീവിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 2005ല്‍ ബിപിഎല്‍ കമ്യൂണിക്കേഷന്‍സിന്റെ 64 ശതമാനം ഓഹരി എസാര്‍ ഗ്രൂപ്പിനു വിറ്റത് 8,214 കോടി രൂപയ്ക്ക്. അതേ വര്‍ഷം തന്നെ സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന സംരംഭത്തിന് അദ്ദേഹം ബെംഗളൂരുവില്‍ തുടക്കം കുറിച്ചു.

2006ല്‍ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സില്‍ നിക്ഷേപം നടത്തി. 2008ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. 2016ല്‍ റിപ്പബ്ലിക് ടിവിയുടെ ഹോള്‍ഡിങ് കമ്പനിയായ എആര്‍ജി ഔട്ട്‌ലയര്‍ മീഡിയയിലും നിക്ഷേപം നടത്തി. 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് നല്‍കിയ നാമനിര്‍ദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടി രൂപയുടെ ആസ്തിയുണ്ട്.

രാഷ്ട്രീയ വഴി തുടങ്ങിയത് കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയവഴിയിലേക്ക് കടക്കുന്നത്. 2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തവണ കര്‍ണാടകയില്‍നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. 2007ല്‍ പ്രതിപക്ഷ എംപിയായിരിക്കെ, 2 ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ചു പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയത് രാജീവ് ചന്ദ്രശേഖറാണ്.

സ്‌പെക്ട്രം ലേല മാഫിയയുടെ സമ്മര്‍ദത്തിനു വഴങ്ങാതെ 3 ജി ലേല നടപടികള്‍ സുതാര്യമായി നടന്നതിനു പിന്നിലും രാജീവിന്റെ പരിശ്രമങ്ങളായിരുന്നു. 2016ല്‍ എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജീവിനെ നിയമിച്ചു. 2018 ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കര്‍ണാടകയില്‍നിന്നുതന്നെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2021 രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഐടി, നൈപുണ്യവികസന വകുപ്പ് മന്ത്രി. 2024ല്‍ 'തിരുവനന്തപുരത്തിനൊരു കേന്ദ്രമന്ത്രി' എന്ന പ്രഖ്യാപനവുമായാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപി തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്.


 



ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാന്‍ രാജീവിനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ നേരിയ വോട്ടിനു കൈവിട്ട പാര്‍ലമെന്റ് മണ്ഡലം 2029ല്‍ തിരിച്ചുപിടിക്കാമെന്നാണ് രാജീവിന്റെ കണക്കുക്കൂട്ടല്‍. 2026ല്‍ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് തരൂരിനെക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകള്‍ രാജീവ് അധികം നേടിയിരുന്നു.

ലോക്‌സഭയിലേയ്ക്കുള്ള കന്നി അങ്കത്തില്‍ത്തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ തരൂരിനെതിരെ മികച്ച മല്‍സരം കാഴ്ചവച്ചതുമാണ് രാജീവിനെ ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ വഴിയൊരുക്കിയത്. കുറച്ചുനാളായി, കേരളത്തില്‍ സജീവ സാന്നിധ്യമാണ് രാജീവ്. അടുത്തകാലത്ത് തിരുവനന്തപുരത്ത് വീടും സ്വന്തമാക്കി. ഗ്രൂപ്പുകള്‍ക്ക് അതീതമായി സംസ്ഥാന ബി.ജെ.പിയെ നയിക്കുകയെന്ന കഠിനപരീക്ഷണമാണ് രാജീവിന് മുന്നിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിനും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനും അധിക സമയമില്ലെന്നതും വെല്ലുവിളിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം രാജീവ് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. പൊതുജനസമക്ഷം വെക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ മുഖമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.


 



Tags:    

Similar News