'യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..'; വല്ലുപ്പയുടെ വാക്കുകള്‍ കേട്ട് പണം കൈയില്‍ വാങ്ങി തിരികെ പോക്കറ്റിലിട്ടു നല്‍കി എം വി ഗോവിന്ദന്‍; അറിഞ്ഞു കൊണ്ട് നല്‍കിയതല്ല, പാര്‍ട്ടിക്കാര്‍ പറഞ്ഞതുകൊണ്ട് ചെയ്തതെന്ന് പരിപാടിക്ക് ശേഷം വയോധികന്‍; വികസന മുന്നേറ്റ ജാഥയിലെ പി ആര്‍ പൊളിഞ്ഞെന്ന് പരിഹസിച്ചു യുഡിഎഫ് ഗ്രൂപ്പുകള്‍

'യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..'

Update: 2026-02-15 11:12 GMT

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രയാണം തുടരുകയാണ്. പരിപാടി ഹിറ്റാക്കാന്‍ വേണ്ടി പലയിടുത്തും പാര്‍ട്ടിക്കാര്‍ പൊടിക്കൈകളും പയറ്റാറുണ്ട്. അത്തരമൊരു പൊടക്കൈ പയറ്റിയത് പാളിയെന്നാണ് യുഡിഎഫ് സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ പറയുന്നത്. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം, അല്ലാത്ത പക്ഷം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അടക്കം ലഭിക്കില്ലെന്ന പ്രചരണമാണ് ഇടതുമുന്നണി നയിക്കുന്നത്. ഇത്തരം പ്രചരണം താഴെത്തട്ടില്‍ നടത്താന്‍ ശ്രമം ശക്തമാണ് താനും.

പെന്‍ഷന്‍ വിഷയം സജീവമാകുന്നതിന്റെ ഭാഗമായി എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ ഒരു വയോധികന്‍ എത്തി 'യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..' എന്നുപറഞ്ഞ് പണം ഗോവിന്ദന് കൈമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇടതു ഗ്രൂപ്പുകളില്‍ പ്രചരിച്ച ഈ വീഡിയോയില്‍ വയോധികനില്‍ നിന്നും വാങ്ങിയ ശേഷം അദ്ദേഹത്തിന്റെ തന്നെ പോക്കറ്റില്‍ തിരികെ ഇട്ടുനല്‍കുന്ന ഗോവിന്ദന്‍ മാഷിനെയും കാണാം. ഈ വീഡിയോ മ്യൂസിക്കിന്റെ അകമ്പടിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഈ വീഡിയോക്ക് പിന്നിലെ കളികള്‍ വെളിച്ചത്തു വന്നത്. ഒരു യുഡിഎഫ് അനുഭാവി ഇതേ വയോധികന്റെ അടുത്തെത്തി എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് മനസ്സറിഞ്ഞു ചെയ്തതല്ല, പാര്‍ട്ടിക്കാര്‍ പറഞ്ഞതു കൊണ്ട് ചെയ്തുവെന്നാണ് വയോധികന്‍ പറഞ്ഞത്. ഇതോടെ എം വി ഗോവിന്ദന്‍ മാഷിന്റെ ജാഥയിലെ പി ആര്‍ പൊളിഞ്ഞു എന്ന പ്രചരണമാണ് ശക്തമായിരിക്കുന്നത്. യുഡിഎഫ് സൈബര്‍ പേജായ പോരാളി വാസു അടക്കം ഇടതു പ്രചരണം പൊളിഞ്ഞു എന്ന വിധത്തില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ വടക്കന്‍ വടക്കന്‍ മേഖലവികസന മുന്നേറ്റ ജാഥയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോക്ക് സമാനമായ പി ആര്‍ പണിയാണ് ഇവിടെയും നടന്നതെന്നാണ് വിമര്‍ശനം. എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്രയ്ക്ക് കണ്ണൂരിലെ മമ്പറത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തിനിടെ ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ചത്. ഇതിന് പിന്നാലെ അതിഥി തൊഴിലാളികളെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.

അന്‍പതോളം അതിഥി തൊഴിലാളികള്‍ ആയിരുന്നു ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് എത്തിയത്. ഹിന്ദിയില്‍ അഭിവാദ്യങ്ങളെഴുതിയ ബാനറും ചുവന്ന കൊടിയുമായി മുദ്രാവാക്യം വിളികളോടെയാണ് സംഘം എത്തിയത്. പിന്നാലെ എംവി ഗോവിന്ദന് ചുവപ്പ് ഹാരമണിയിക്കുകയും ചെയ്തിരുന്നു. ഈ വിഡിയോ വൈറലായതിന് പിറകെയാണ് ചടങ്ങിന് മുന്‍പ് പ്രാദേശിക സിപിഎം നേതാക്കള്‍ തൊഴിലാളികളെ മുദ്രാവാക്യം വിളി പഠിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ കേരളത്തിലെ ജാഥയ്ക്ക് സ്വീകരണം നല്‍കാന്‍ ബംഗാളിലെ തൊഴിലാളികളെ ഇറക്കേണ്ടി വന്നെന്ന് ഉള്‍പ്പെടെയുള്ള ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. പരിചയസമ്പന്നരായ പാര്‍ട്ടി കേഡര്‍മാരേക്കാള്‍ കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ അച്ചടക്കമുള്ളവരാണെന്നും പോസ്റ്റുകള്‍ പറയുന്നു. പരിശീലനം നിങ്ങളെ മികച്ചവരാക്കുമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു.


Full View

അതിഥി തൊഴിലാളികളുടെ പങ്കാളിത്തത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ സിപിഎം തള്ളിയിരുന്നു. കേരളത്തിലെ തൊഴില്‍ മേഖലയ്ക്കുള്ള നന്ദി പ്രകടനമായാണ് തൊഴിലാളികള്‍ അഭിവാദ്യം അര്‍പ്പിച്ചതെന്നാണ് സിപിഎം നേതാക്കളുടെ വാദം. അതേസമയം ഒരു വയോധികനെയും സിപിഎം പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു എന്ന വിമര്‍ശനനമാണ് പുതുയ വീഡിയോ പുറത്തുവന്നതോടെ യുഡിഎഫ് സൈബര്‍ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. അതേസമയം സാധുവായ വയോധികനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന ആരോപണവും ശക്തമാണ്.

Tags:    

Similar News