നാട്ടുകാരുടെ സ്ഥിരനിക്ഷേപം 7000 കോടി; ആകെയുള്ളത് 17 ബാങ്കുകളും; ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഇന്ത്യയിലെ ഗ്രാമത്തെയും ചരിത്രത്തെയും അറിയാം
ഗുജറാത്തിലെ കച്ചിലെ മാധപര്‍ എന്ന ഗ്രാമമാണ് ഇന്ത്യക്ക് തന്നെ അഭിമാനം
ഗാന്ധിനഗര്‍: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിലാണെന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ.അതും രണ്ട് വര്‍ഷം മുന്നെ വരെ ഇന്ത്യയിലെ സമ്പന്നഗ്രാമം എന്ന പദവിയില്‍ നിന്നൊരു ഗ്രാമമാണ് ഇന്ന് ഏഷ്യയില്‍ തന്നെ ആ പദവി അലങ്കരിക്കുന്നത്. ഗുജറാത്തിലെ കച്ചിലെ മാധപര്‍ എന്ന ഗ്രാമമാണ് ഇന്ത്യക്ക് തന്നെ അഭിമാനമായി എഷ്യയിലെ സമ്പന്നഗ്രാമമായിരിക്കുന്നത്.
രാജ്യത്തെ മുന്‍നിര ബിസിനസ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ഈ കൊച്ചു ഗ്രാമത്തിലെ ആളുകളുടെ സ്ഥിര നിക്ഷേപം മാത്രം ഏതാണ്ട് 7,000 കോടി രൂപയാണെന്നാണ് കണക്കുകള്‍. എങ്ങിനെയാണ് ഇന്ത്യയിലെ ഈ കൊച്ചുഗ്രാമം ഈ മഹത്തായ നേട്ടം കൈവരിച്ചത് എന്നറിയുന്നതിന് മുന്‍പ് ആ ഗ്രാമത്തെക്കുറിച്ചറിയണം. കുറച്ച് വര്‍ഷം മുന്‍പ് വരെ ഇന്റര്‍നെറ്റ് സാധ്യതകള്‍ പോലും തുലോം കുറവായിരുന്നു ഗ്രാമത്തില്‍.ആ ഗ്രാമത്തിലെ ജനങ്ങളുടെ അക്ഷീണ പ്രയത്നം കൊണ്ടാണ് മാധപര്‍ പടിപടിയായി വളര്‍ച്ചയുടെ പടവുകള്‍ കയറിയത്.
മാധപര്‍ എന്ന ഗ്രാമത്തിന്റെ കഥ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാടായ ഗുജറാത്തിലാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മധാപര്‍ എന്ന ഗ്രാമം.വന്‍ നഗരങ്ങള്‍പോലും മധാപറിന്റെ തിളക്കത്തിനുമുന്നില്‍ പ്രഭ മങ്ങിപ്പോയ അവസ്ഥയിലാണ്.പോര്‍ബന്ദറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ കച്ച് ജില്ലയിലാണ് കോടീശ്വര ഗ്രാമം സ്ഥിതിചെയ്യുന്നത്.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കച്ച് ജില്ലയുടെ തലസ്ഥാനമായ ഭുജ്ജ് നഗരത്തിന്റെ പുറത്തുള്ള ഒരു ഗ്രാമമാണ് മധാപുര്‍.
മധാപുരിലെ ജനസംഖ്യ ഏതാണ്ട് 32,000 ആണെന്നാണ് കണക്ക്.2011 വര്‍ഷത്തില്‍ ഇവിടത്തെ ജനസംഖ്യ 17,000 മാത്രമായിരുന്നത് ഇപ്പോള്‍ ഏകദേശം 32,000 എന്ന തോതില്‍ ഉയരുകയായിരുന്നു.ഇവരില്‍ ഭൂരിപക്ഷവും പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഈ കൊച്ചുഗ്രാമത്തില്‍ ഉള്ള ബാങ്കുകളുടെ എണ്ണമാണ് ആരെയും അത്ഭുതപ്പെടുത്തുക. 17 ബാങ്കുകളുടെ ശാഖകളാണ് ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, പിഎന്‍ബി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് തുടങ്ങിയ പ്രധാന പൊതു-സ്വകാര്യ ബാങ്കുകളുടെയെല്ലാം ശാഖകള്‍ ഇവിടെയുണ്ട്.
മാധപരിനെ സമ്പന്നമാക്കുന്നതില്‍ ഈ ബാങ്കുകള്‍ക്കുള്ള പ്രധാന്യവും എടുത്ത് പറയേണ്ടതാണ്.ഈ ബാങ്കുകളിലായി ഏതാണ്ട് 7000 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടെന്നാണ് കണക്ക്.ഈ നിക്ഷേപങ്ങളാണ് യഥാര്‍ത്ഥത്തില്‍ മധാപുരിനെ സമ്പന്നമാക്കുന്നത്.ഒരു ഗ്രാമത്തില്‍ മാത്രം ഇത്രയും ബാങ്കുകള്‍ കാണപ്പെടുന്നത് അപൂര്‍വമാണ്.കൂടുതല്‍ ബാങ്കുകള്‍ ഇവിടെ ശാഖകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുമുണ്ട്.ഒരു ബാങ്കിന് ഗ്രാമത്തെ സമ്പന്നമാക്കാന്‍ പറ്റുമോ..പറ്റും ആ ഗ്രാമത്തിലെ ജനങ്ങള്‍ കൂടി വിചാരിക്കണമെന്നേയുള്ളു.ഈ യാഥാര്‍ത്ഥ്യമാണ് മാധപര്‍ നമ്മോട് പറയുന്നത്.
അടിസ്ഥാന സൗകര്യം പോലുമില്ലാതിരുന്ന ഗ്രാമത്തില്‍ ഇന്ന് ജലസേചന സൗകര്യം, സാനിറ്റേഷന്‍, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഈ ഗ്രാമത്തിലുണ്ട്.ബംഗ്ലാവുകള്‍, പൊതു-സ്വകാര്യ സ്‌കൂളുകള്‍, തടാകങ്ങള്‍,ആരാധനാലയങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ടെന്നും ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കുഞ്ഞു ഗ്രാമം സമ്പന്നമായതിന് പിന്നിലെ കഥ
ബാങ്ക് ഉണ്ടായാല്‍ മാത്രം ഗ്രാമം സമ്പന്നമാകില്ലലോ.. അവിടേക്ക് കൃത്യമായ നിക്ഷേപം കൂടി വരേണ്ടതുണ്ട്.അത് കൃത്യമായി ഉണ്ടായതാണ് മാധപരിന്റെ വിജയരഹസ്യം.ഈ ഗ്രാമത്തിന്റെ സമ്പത്തിന് കാരണം ഇവിടെ നിന്ന് വിദേശത്തു പോയി ബിസിനസ് ചെയ്യുന്നവരാണ്.ഇത്തരം കുടുംബങ്ങള്‍ തങ്ങളുടെ ഗ്രാമത്തിലെ ബാങ്കുകളിലും, പോസ്റ്റോഫീസുകളിലുമായി കോടിക്കണക്കിന് രൂപയാണ് എല്ലാ വര്‍ഷവും നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.
മാധപര്‍ എന്ന പ്രദേശത്ത് ഏകദേശം 20,000 വീടുകളാണുള്ളത്.ഈ ഗ്രാമത്തിലെ ഏകദേശം 1,200 കുടുംബങ്ങളും വിദേശത്താണ് ജോലിചെയ്യുന്നത്.കൂടുതലായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇവിടത്തുകാര്‍ താമസമാക്കിയിരിക്കുന്നത്.മധ്യ ആഫ്രിക്കയിലെ നിര്‍മാണ മേഖലയില്‍ ഗുജറാത്തികള്‍ക്കാണ് വലിയ ആധിപത്യമുള്ളത്.ഈ ഗ്രാമത്തിലുള്ളവരിലും നല്ലൊരു പങ്കും ആഫ്രിക്കന്‍ രാജ്യങ്ങളിലെ കണ്‍സ്ട്രക്ഷന്‍ ബിസിനസിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.പലരും യു.കെ, ആസ്ട്രേലിയ, അമേരിക്ക, ന്യൂസിലണ്ട് എന്നിവിടങ്ങളിലൊക്കെയാണ് താമസമാക്കിയിരിക്കുന്നത്.
വിദേശങ്ങളില്‍ ചെറിയചെറിയ ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് പുറമെ മറ്റുള്ളവര്‍ അന്യനാടുകളില്‍ ജോലിചെയ്യുന്നു.എന്തായാലും കിട്ടുന്ന കാശ് അപ്പോള്‍ത്തന്നെ നാട്ടിലേക്ക് അയയ്ക്കും.വിദേശത്തുനിന്ന് പണം ഒഴുകുന്നതിനൊപ്പം കൃഷിയിലൂടെയും മറ്റും നാട്ടിലുള്ളവരും പണം സമ്പാദിക്കുന്നു. കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെലവിനുള്ളത് മാത്രമെടുത്ത് ബാക്കിയെല്ലാം സമ്പാദിക്കുന്നു. ചോളം, മാങ്ങ, കരിമ്പ് എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷികള്‍.ഇത്തരത്തില്‍ നാട്ടിലെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമായി കോടികളാണ് ഓരോരുത്തര്‍ക്കും നിക്ഷേപമുള്ളത്.
വിദേശ രാജ്യങ്ങളിലാണ് താമസവും, ബിസിനസുമൊക്കെ ചെയ്യുന്നതെങ്കിലും ഇവര്‍ തങ്ങളുടെ ഗ്രാമത്തോട് വളരെയധികം അറ്റാച്ച്മെന്റ് ഉള്ളവരാണ്.ഇതിനാല്‍ തങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളിലല്ല മറിച്ച് സ്വന്തം ഗ്രാമത്തിലെ ബാങ്കുകളിലാണ് ഇവര്‍ തങ്ങളുടെ പണം പാര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പാരുല്‍ബെന്‍ കാറ പറയുന്നു.ഗ്രാമത്തിലുള്ളവര്‍ നടത്തുന്ന ഭീമമായ നിക്ഷേപങ്ങള്‍ ബാങ്കുകള്‍ക്കും നേട്ടം നല്‍കുന്നതായി ഇവിടത്തെ ഒരു ലോക്കല്‍ ബാങ്കിന്റെ മാനേജര്‍ സാക്ഷ്യപ്പെടുത്തുന്നു.