കൈകാലുകള്‍ക്ക് ഉണ്ടാകുന്ന ബലഹീനത; രോഗം മൂര്‍ച്ഛിക്കുന്നവരില്‍ നെഞ്ചിലെ പേശികള്‍ക്ക് ബലഹീനത അനുഭവപ്പെടും; മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു; 16 പേര്‍ വെന്റിലേറ്ററില്‍, ഒരു മരണം; ഉയര്‍ന്ന ചികിത്സാ ചിലവ് വലിയ വെല്ലുവിളി
മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്ന
മുംബൈ: മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 16 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പ്രധാനമായും പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോളാപൂര്‍ സ്വദേശിയായ ഇയാള്‍ പൂനെയില്‍ വന്നിരുന്നു, അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകര്‍ച്ച കണക്കിലെടുത്ത് രോഗബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പൂനെയിലെ ന്യൂറോളജിക്കല്‍ സൊസൈറ്റി അറിയിച്ചു. ഗില്ലന്‍ബാരി രോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. രോഗം പടരുന്നത് തടയാന്‍ ഏഴംഗ കേന്ദ്രസംഘം പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുമെന്ന് കരുതുന്നു.
' മൂന്നംഗ സംഘം ഇതിനോടകം പൂനെയിലെത്തി ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരുന്നുണ്ട്. മറ്റ് മൂന്ന് അംഗങ്ങള്‍ ജനുവരി 28നും ഒരാള്‍ ജനുവരി 29നും മഹാരാഷ്ട്രയിലെത്തും. രോഗവ്യാപനം സ്ഥിരീകരിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് രോഗമെത്തുന്നത് തടയുന്നതിനുമായി വിദഗ്ധസംഘം സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നാഡികളെ ബാധിക്കുന്ന രോഗം മൂലം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രോഗലക്ഷണങ്ങള്‍
കൈകാലുകള്‍ക്ക് ഉണ്ടാകുന്ന ബലഹീനത, കാലുകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, പേശീകള്‍ക്കുണ്ടാകുന്ന ബലഹീനത എന്നിവയാണ് ഗില്ലന്‍ബാരിയുടെ പ്രാഥമിക ലക്ഷണം. നടക്കാന്‍ കഴിയാതെ വരിക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗം മൂര്‍ച്ഛിക്കുന്നവരില്‍ നെഞ്ചിലെ പേശികള്‍ക്ക് ബലഹീനത അനുഭവപ്പെടുകയും ശ്വാസതടസമുണ്ടാകുകയും ചെയ്യും.
ഗില്ലന്‍ബാരിയുടെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ സാധാരണയായി ശ്വാസകോശ സംബന്ധമായതോ ദഹനനാളത്തിലെ അണുബാധയോ ഈ രോഗത്തില്‍ കൊണ്ടെത്തിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് ബാധിതരായ രോഗികളില്‍ ഗില്ലന്‍ബാരി രോഗമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചികിത്സാ ചെലവ് വെല്ലുവിളി
ഇന്‍ട്രാവണസ് ഇമ്യൂണോഗ്ലോബുലിന്‍ തെറാപ്പി, പ്ലാസ്മ എക്സ്ചേഞ്ച് എന്നിവ രോഗത്തെ ഒരുപരിധിവരെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കും. ചില രോഗികള്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ഗില്ലന്‍ബാരിയോടനുബന്ധിച്ച് വരാന്‍ സാധ്യതയുണ്ട്. ഫിസിയോ തെറാപ്പി പോലെയുള്ള ചികിത്സയിലൂടെ ശരീരചലനം വീണ്ടെടുക്കാന്‍ രോഗികള്‍ക്ക് സാധിക്കുകയും ചെയ്യും. രോഗം മൂര്‍ഛിച്ചവര്‍ക്ക് പോലും 6 മാസത്തെ ചികിത്സ കൊണ്ട് എഴുന്നേറ്റ് നടക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ജിബിഎസ് ചികിത്സയ്ക്ക് ചെലവേറിയതാണ് രോഗികള്‍ നേടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. ഒരു കുത്തിവെയ്പിന് 20,000 രൂപയോളം വേണ്ടിവരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും, ജിബിഎസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
ഗില്ലന്‍ബാരിയില്‍ നിന്നുള്ള മോചനം രോഗലക്ഷണങ്ങളും രോഗിയുടെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. രണ്ടാഴ്ച മുതല്‍ നാലാഴ്ചവരെയാണ് രോഗഗലക്ഷണങ്ങള്‍ ഉണ്ടാകുക. കൈകാലുകള്‍ക്ക് പെട്ടെന്ന് ബലഹീനത അനുഭവപ്പെടുകയോ നടക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയാല്‍ വിദഗ്ധരായ ഡോക്ടറെ സമീപിക്കേണ്ടതാണ്. വയറിളക്കം, ഛര്‍ദ്ദി എന്നിവയും ഗില്ലന്‍ബാരിയോടനുബന്ധിച്ച് അനുഭവപ്പെടും.
തിളപ്പിച്ചാറിയ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കണം. നന്നായി വേവിച്ചെടുത്ത ഇറച്ചിയാണ് കഴിക്കേണ്ടത്. കൂടാതെ ഇടയ്ക്കിടെ കൈള്‍ സോപ്പിട്ട് കഴുകണം. രോഗം പടരുന്ന സാഹചര്യമായതിനാല്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.