ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറമനസോടെ മലയാളികള്‍; ഇന്ന് തിരുവോണം; ഓണക്കോടിയുടുത്ത്, സദ്യയുണ്ട് പൊന്നോണം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍
വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലാണ് കേരളത്തില്‍ ഇക്കുറി ആഘോഷം.
തിരുവനന്തപുരം: ഇന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണദിനം. ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കി ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലാണ് കേരളത്തില്‍ ഇക്കുറി ആഘോഷം. എങ്കിലും പൊലിമ കുറയാതെ തന്നെയാണ് ആഘോഷം.
തിരുവോണ തലേന്നായ ഉത്രാട ദിനത്തില്‍ ഉത്രാടപ്പാടില്‍ പതിവുപോലെ ഗംഭീരമായി. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറ മനസ്സോടെയാണ് ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് പൂര്‍ണതയിലെത്തുന്നത്. വര്‍ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓണാഘോഷം നടക്കുന്നുണ്ട്.
ഉത്രാട പാച്ചിലിലായിരുന്നു ഇന്നലെ നാട്. ഓണക്കോടി എടുക്കാനും ഓണസദ്യയ്ക്കും ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കും തിരക്കോടു തിരക്കായിരുന്നു. പച്ചക്കറി, പഴം, പൂവ്, പാല്‍, വസ്ത്രം വിപണികളിലായിരുന്നു ആളുകള്‍ ഒഴുകിയെത്തിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്കായിരുന്നു. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.
വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളുമായി ഓണക്കാലത്ത് സജീവമായിരുന്നു. പൂവിപണിയും സജീവമായിരുന്നു. ഓണച്ചന്ത, ഭക്ഷ്യമേള, വിപണനമേളയുമെല്ലാം നന്നു തിരുവോണസദ്യ അടിപൊളിയാക്കാനുള്ള ഒരുക്കങ്ങള്‍ വീടുകളില്‍ എന്നതു പോലെ നഗരങ്ങളിലെ കാറ്ററിംഗ് കേന്ദ്രങ്ങളിലും നടന്നു. ഹോട്ടലുകളില്‍ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ച് സദ്യയുടെയും പായസത്തിന്റെയും മറ്റും വിതരണവും നടക്കുന്നു.
വിഭവസമൃദ്ധമായ തിരുവോണ സദ്യയുമായി ഹോട്ടലുകളും ചയ്യാറാണ്. പുത്തനുടുപ്പുകളും സദ്യയുമായി ഓണം പൊടിപൊടിക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികള്‍ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്‌കാരിക വിനോദങ്ങളിലല്‍ ഒന്നാണ് ഓണക്കളികള്‍ ഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. കാമ്പസുകളിലേ ഓണാഘാഷവും പതിവുപോലെ നടന്നിരുന്നു. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്. ഈ ഓണക്കളികളുടെ വരവു കൂടിയാണ് ഓണക്കാലം.
ഓണം ഐതിഹ്യം
ഓണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളും ഉണ്ടെങ്കിലും കേരളത്തില്‍ പൊതുവേ അംഗീകരിക്കപ്പെട്ടത് വാമനനും മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ്. അസുരവംശത്തിലെ രാജാവായിരുന്നെങ്കിലും കടുത്ത വിഷ്ണു ഭക്തനും സദ്ഭരണത്തിനുടമയുമായിരുന്നു മഹാബലി. അതിഗംഭീര സദ്ഭരണമായിരുന്നു ബഹബലിയുടേത്.
മഹാബലിക്ക് കീഴില്‍ നാട്ടിലെങ്ങും സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും നടമാടി. അങ്ങനെയിരിക്കെയാണ് മഹാബലിക്ക് ദേവലോകം കീഴടക്കണം എന്ന ആഗ്രഹമുദിച്ചത്. ദേവലോകം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇന്ദ്രനും മറ്റ് ദേവന്‍മാരും വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് സഹായം തേടി. മനസലിഞ്ഞ വിഷ്ണു ഭഗവാന്‍ ദേവഗണങ്ങളെ രക്ഷിക്കാം എന്ന് വാക്ക് കൊടുത്തു. അങ്ങനെ വാമനന്റെ അവതാരം സ്വീകരിച്ച് വിഷ്ണു ഭൂമിയിലെത്തി.
ചിങ്ങ മാസത്തിലെ തിരുവോണ ദിവസമായിരുന്നു വിഷ്ണു വാമനനായി അവതരിച്ചത്. ഈ സമയം മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യുകയായിരുന്നു. ഇതിനിടെ മഹാബലിക്ക് മുന്നിലെത്തി വാമനന്‍ തനിക്ക് ഭിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ടു. എന്ത് വേണമെങ്കിലും തരാം എന്നായിരുന്നു മഹാബലിയുടെ മറുപടി. മൂന്നടി മണ്ണാണ് തനിക്ക് വേണ്ടത് എന്നും അത് താന്‍ തന്നെ അളക്കുമെന്നും വാമനന്‍ മഹാബലിയോട് പറഞ്ഞു.
എന്നാല്‍ അസുരഗുരുവായ ശുക്രാചാര്യര്‍ ഇതിലെ ചതി മനസിലാക്കി. മഹാബലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ബലിയുടെ നിലപാട്. ഇതിനിടെ ആകാശത്തോളം വളര്‍ന്ന വാമനന്‍ ആദ്യ രണ്ട് അടി കൊണ്ട് ഭൂമിയും സ്വര്‍ഗവും പാതാളവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ് കാണിച്ചു കൊടുത്തു.
വാമനന്‍ മഹാബലിയുടെ ശിരസില്‍ കാല്‍വെക്കുകയും പാതാളത്തിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവദിക്കണം എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന വാമനന്‍ കേള്‍ക്കുകയും ചെയ്തു. ഇത് പ്രകാരം തന്റെ പ്രജകളെ കാണാന്‍ മഹാബലി വരുന്ന ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. അന്നേ ദിവസം മഹാബലിയെ വരവേല്‍ക്കുകയാണ് മലയാളികള്‍.
(മറുനാടന്‍ മലയാളിയുടെ പ്രിയവായനക്കാര്‍ക്ക് തിരുവോണാശംസകള്‍. ഓണം പ്രമാണിച്ച് ഇന്ന് വെബ്‌സൈറ്റ് അപ്‌ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല.- എഡിറ്റര്‍)