മോഷ്ടിച്ചത് ആയിരം യൂറോയുടെ ഫര്‍ണിച്ചറുകള്‍; പിഴയടച്ചതോടെ താക്കീത് നല്‍കി വിട്ടയച്ച് കോടതി; മലയാളികള്‍ക്ക് നാണക്കേടായി ഒരു ഐറിഷ് കളവുകേസ്!

യൂറോപ്പിലേക്ക് കുടിയേറിയവരുടെ വിശ്വാസ്യതയെ ബാധിക്കും

Update: 2024-09-05 16:28 GMT

ഡബ്ലിന്‍: പൊതുവെ സത്യസന്ധതക്ക് പേരുകേട്ട സമൂഹമായാണ് യൂറോപ്പ് അറിയപ്പെടുന്നത്. ഇവിടെ പല കടകളിലുമുള്ള ഹോണസ്റ്റി ബോക്സ് തന്നെ പേരുകേട്ടതാണ്. പലപ്പോഴും ജീവനക്കാര്‍ ആരുമില്ലാത്ത കടകളില്‍, സാധനങ്ങളുടെ വില എഴുതിവെച്ചിരിക്കുക മാത്രമാണ് ചെയ്യുക. ജനമാകട്ടെ സ്വയം സാധനങ്ങള്‍ തൂക്കിയെടുത്ത് അതിന്റെ വില കൃത്യമായി പണപ്പെട്ടിയിലിട്ട് പോവുകയും ചെയ്യും. ഈ പണപ്പെട്ടിയാണ് ഹോണസ്റ്റി ബോക്സ് എന്ന് അറിയപ്പെടുന്നത്. സംസ്‌ക്കാരത്തെക്കുറിച്ച് വലിയ മേനി പറയുന്ന, നമ്മുടെ നാട്ടിലൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണിത്.

യൂറോപ്പിലെത്തുന്ന മലയാളി സമൂഹവും പൊതുവെ ഇത്തരം കാര്യങ്ങള്‍ പാലിക്കയാണ് പതിവ്. എന്നാല്‍ ഒറ്റപ്പെട്ട അപവാദങ്ങള്‍ എവിടെയും ഉണ്ടാവുമല്ലോ. അത്തരത്തില്‍ അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ ഒരു വാര്‍ത്തയാണ്, അയര്‍ലന്‍ഡിലെ പ്രമുഖ മാധ്യമമായ, ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടുത്തെ ഒരു മലയാളി മെയില്‍ നഴ്സ്, മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടുതവണ ഫര്‍ണിച്ചര്‍ കടകളില്‍ മോഷണം നടത്തിയതിന്റെ വാര്‍ത്തയാണിത്. ആയിരം യൂറോയുടെ ( ഏകദേശം 93,000 രൂപ) ഫര്‍ണിച്ചര്‍ മോഷണം നടത്തിയതിനാണ്, ലനീഷ് ശശി എന്ന 26കാരനായ മലയാളിയെ ഡബ്ലിന്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

അതേസമയം മറ്റ് ക്രിമിനല്‍ പശ്ചാത്തലം ഒന്നും ഇല്ലാത്തതിനാല്‍ ലനീഷ് ശശിയെ, നഷ്ടപരിഹാരം ഈടാക്കിയതിനുശേഷം വിട്ടയച്ചു. രണ്ടാം മോഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടതെന്ന് വാര്‍ത്തയില്‍ പറയുന്നു. രണ്ട് മോഷണങ്ങളിലും പ്രതി കുറ്റസമ്മതം നടത്തി. ഈ വര്‍ഷം ജൂലൈ 27 ന് 1,078 യൂറോ വിലമതിക്കുന്ന ഫര്‍ണിച്ചറുകള്‍ ബാലിമുണിലെ ഐകിയയില്‍ നിന്നാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ വസ്തുക്കള്‍ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 29 ന് കടയില്‍ നിന്ന് 116 യൂറോ വിലമതിക്കുന്ന ഫര്‍ണിച്ചറുകള്‍ മോഷ്ടിച്ചപ്പോള്‍ ശശിയെ പിടിയിലാവുകയായിരുന്നു. ഇതിലെ മോഷണ മുതല്‍ കണ്ടെടുത്തിട്ടുണ്ട്.

അയര്‍ലന്‍ഡിലെ തെഫ്റ്റ് ആന്‍ഡ് ഫ്രോഡ് നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. ലനീഷ് ശശി അയര്‍ലണ്ടിലെ ഒരു ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗത്തില്‍ നഴ്സായി ജോലി ചെയ്യുകയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്. പ്രതി തനിക്ക് ഒരു അബദ്ധം പറ്റിപ്പോയതാണെന്ന് കോടതിയില്‍ സമ്മതിക്കുകയും, പിഴയടച്ച് ശിക്ഷാവിധികളില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കണമെന്നും ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു. കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാമെന്നും ലിനേഷ് ശശി വാഗ്ദാനം ചെയ്തതോടെയാണ് കോടതി, ശിക്ഷ ഒഴിവാക്കിയതെന്ന് ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അദ്ദേഹം മുമ്പ് ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും ഇനി ഇയാള്‍ കോടതിയില്‍ വരില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. പ്രതി കുറ്റം സമ്മതിക്കുകയും, തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ജഡ്ജി കെല്ലി ചൂണ്ടിക്കാട്ടി. 'ഇനി കോടതിയില്‍ വരരുത്,' അവര്‍ ലനേഷ് ശശിക്ക് മുന്നറിയിപ്പ് നല്‍കി. 'ഇത് വളരെ ചെലവേറിയ പാഠമാണ്' എന്ന് കോടതി പറഞ്ഞുവെന്നും, ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വാര്‍ത്തയില്‍ എവിടെയും പിടിയിലായത് ഒരു ഇന്ത്യാക്കാരനാണെന്നും, മലയാളി ആണെന്നന്നും ഒന്നും ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് പറഞ്ഞിരുന്നില്ല. പക്ഷേ വിഷയം അയര്‍ലന്‍ഡിലെ ഇന്ത്യാക്കാരുടെയും മലയാളികളുടെയുമൊക്കെ വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്, യൂറോപ്പിലേക്ക് കുടിയേറി വന്നവരുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും വ്യാപക വിമര്‍ശനം ഉണ്ടായിട്ടുണ്ട്.

Tags:    

Similar News