ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ഖറും ചെന്നൈയില്‍ താമസിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍; കുടല്‍ കാന്‍സറിന്റെ തുടക്കമെന്ന് സ്ഥിരീകരിച്ചതോടെ റേഡിയേഷന്‍ ചികിത്സ നടത്തിയേക്കും; നിസ്സാര പ്രശ്‌നം മാത്രമെന്നും ഷൂട്ടിങ്ങിനെ ബാധിക്കില്ലെന്നും സിനിമ പ്രവര്‍ത്തകര്‍
മമ്മൂട്ടിക്ക് കാൻസറോ? സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ്
തിരുവനന്തപുരം: മലയാള സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് 74ാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞാണ്. ഭ്രമയുഗം, റോഷാക്ക്, കാതല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം മമ്മൂട്ടിയിലെ നടനെ വീണ്ടും ഊതിക്കാച്ചിയെടുത്തതാണ്. അത്രയ്ക്ക് അനായാസവും ഗംഭീരവുമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷകള്‍ക്ക് വകയുള്ളതാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച ചില ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
റമദാന്‍ കാലം കൂടി ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ക്കറും ചെന്നൈയില്‍ താമസിച്ചു വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ എത്തിയത്. ട്വിറ്ററിലും മറ്റുമായി ചില ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയത് മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നമെന്ന പ്രചരണം ശക്തമായത്. നടനുണ്ടായ ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നാണ് വരുണ്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. എന്തുപറ്റി മമ്മൂട്ടിക്ക് എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ മറുപടി നല്‍കി.
ഇത് കൂടാതെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. താരത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു, ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നിങ്ങനെ പലവിധത്തിലാണ് പ്രചരണം വന്നത്. ഇതോടെ ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടന് മമ്മൂട്ടിക്ക് നേരിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവ്സ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്നോസ് ചെയ്തത്. എന്നാല്‍, ഇത് അത്ര ഗൗരവമുള്ളതല്ലെന്നും നിസ്സാര പ്രശ്‌നമാണെന്നുമാണ് അറിയാന്‍ മമ്മൂട്ടിയുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയനായ മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്. വാപ്പച്ചിയുടെ പരിശോധനകളുടെ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. തുടര്‍ചികിത്സ അവശ്യഘട്ടത്തില്‍ നടത്താനാണ് തീരുമാനം. റമദാന്‍ കാലം കഴിഞ്ഞതിന് ശേഷം അധികം താമസിയാതെ തന്നെ മമ്മൂട്ടി സിനിമകളില്‍ സജീവമാകും. റേഡിയേഷന്‍ ചികിത്സ നടത്തി പരിഹരിക്കാവുന്ന നേരിയ അവസ്ഥയാണ് താരത്തിന് എന്നാണ് അറിയുന്നത്.
മമ്മൂട്ടി നായകനായ മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂള്‍ ഈമാസം അവസാനത്തേക്ക് നീട്ടിയിട്ടുണ്ട്. അതേസമയം മറ്റു താരങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ ഷൂട്ടു ചെയ്തു വരികയാണ് ഇപ്പോള്‍. അധികം താമസിയാതെ മമ്മൂട്ടിയും ഈ സിനിമാ ചിത്രീകരണത്തില്‍ സജീവമായി രംഗത്തുവരും. മമ്മൂട്ടിയുടെ ആരാധകര്‍ അടക്കം അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഉടന്‍ സിനിമയില്‍ സജീവമാകും എന്നും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
അതേസമയം അടുത്തതായി മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്‌റ്റൈലിഷായെത്തുന്ന ഗെയിം ത്രില്ലര്‍ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിദേശ രാജ്യങ്ങളില്‍ അടക്കം പോയിരുന്നു മമ്മൂട്ടി. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാര്‍ച്ച് 26 ന് സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് ദുബായില്‍ വെച്ച് നടക്കും. മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനൊപ്പം തിയേറ്ററുകളില്‍ ബസൂക്കയുടെ ട്രെയ്ലറും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ബിഗ് സ്‌ക്രീനുകളില്‍ ബസൂക്ക ട്രെയ്ലര്‍ കാണാന്‍ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.