'എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല; സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല; 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം?' ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്; വീഡിയോയുമായി മസ്താനി

എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല; സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല

Update: 2026-01-23 06:50 GMT

തിരുവനന്തപുരം: ദീപക്കിന്റെ ആത്മഹത്യയും തുടര്‍ന്നു ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തില്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോ ചിത്രീകരിച്ച ഷിംജിതയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളുമൊക്കെ അതിശക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവതാരകയും ബിഗ് ബോസ് താരവുമായ മസ്താനി. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും മീമുകളും കാണുമ്പോള്‍, നാളിതുവെ സ്ത്രീകള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ ഇതുപോലൊരു കൂട്ടായ പ്രതിഷേധം കണ്ടിട്ടില്ലെന്നും സ്ത്രീകളാരും എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരാണെന്ന് പറഞ്ഞിട്ടുമില്ലെന്നുമാണ് മസ്താനി പറയുന്നത്. ആ വാക്കുകളിലേക്ക്:

''ഞാന്‍ സമകാലീന വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിച്ച് വിഡിയോ ഇടുന്ന കൂട്ടത്തില്‍ പെട്ട ആളല്ല. പക്ഷെ ആ വിഷയം നിങ്ങളുമായി സംസാരിക്കണമെന്ന് തോന്നി. ദീപക് എന്ന വ്യക്തിയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അതിന് കാരണക്കാരിയായ ഷിംജിത എന്ന സ്ത്രീയെ ഒരിക്കലും പിന്തുണയ്ക്കാന്‍ പറ്റില്ല.

പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് വിഡിയോകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതൊക്കെയും സ്ത്രീകള്‍ക്ക് എതിരെയുള്ളതാണ്. എല്ലാ സ്ത്രീകളേയും ഞങ്ങള്‍ക്ക് പേടിയാണ്, എല്ലാ സ്ത്രീകളും ഇങ്ങനെയാണ്, സ്ത്രീകള്‍ക്ക് ബസില്‍ പ്രവേശനമില്ല, സ്ത്രീകളുടെ കൂടെ യാത്ര ചെയ്യില്ല, എല്ലാ സ്ത്രീകളും ഷിംജിതമാരാണ് എന്നൊക്കെ പറയുന്ന വിഡിയോകള്‍ കാണുന്നുണ്ട്.

അതുകാണുമ്പോള്‍ ആലോചിക്കുകയാണ്, ഒരുപാട് സ്ത്രീകള്‍ ചൂഷണങ്ങളും പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്. പീഡനങ്ങള്‍ അനുഭവിച്ച് മരണപ്പെട്ടിട്ടുണ്ട്. ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്. ഞാനുള്‍പ്പടെ ഈ വിഡിയോ കാണുന്ന സ്ത്രീകള്‍ക്കും, നിങ്ങളുടെ വീടുകളിലുള്ള സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഒരു പുരുഷനില്‍ നിന്നും അനുഭവിച്ച ചൂഷണത്തിന്റെ കഥയെങ്കിലും പറയാനുണ്ടാകും.

പൊതുസ്ഥലങ്ങളില്‍, സ്‌കൂളില്‍, ബസില്‍, ട്രെയ്നില്‍, ഇടവഴികളില്‍, ട്യൂഷന്‍ ക്ലാസുകളില്‍, മദ്രസകളില്‍, സ്വന്തം വീട്ടില്‍, സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടകളില്‍, അച്ഛനില്‍ നിന്നും, കാമുകനില്‍ നിന്നും, ടീച്ചേഴ്സില്‍ നിന്നും, അയല്‍വക്കത്തെ ചേട്ടനില്‍ നിന്നും, അങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തൊന്ന് ഇരുത്തി സംസാരിച്ചാല്‍ മനസിലാകും.

അപ്പോഴൊന്നും ഇതുപോലെയുള്ള വിഡിയോകള്‍ ചെയ്യാനോ, ഞങ്ങള്‍ എല്ലാവരേയും പേടിച്ച് നില്‍ക്കുകയാണെന്ന് ഒറ്റക്കെട്ടായി പറഞ്ഞിട്ടില്ല. ഇതുപോലെയുള്ള വിഡിയോകള്‍ കാണുമ്പോള്‍ എന്തോ പോലെ. ഈ സംഭവം നടക്കുന്നതിന് രണ്ട് മുമ്പാണ് പതിനാല് വയസുള്ള പെണ്‍കുട്ടിയെ അവള്‍ ഏറ്റവും വിശ്വസിച്ചിരുന്നയാള്‍ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ആ പോസ്റ്റുകളുടെ താഴെ വന്ന കമന്റുകള്‍ അയാം സോറി, ആര്‍ഐപി സഹോദരി എന്നൊക്കെയാണ്. അങ്ങനെ കമന്റ് ചെയ്തിട്ട് അവര്‍ മൂവ് ഓണ്‍ ചെയ്യപ്പെടും.

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും മരണപ്പെടുന്നതും നോര്‍മല്‍ ആണ് എന്ന് വിചാരിച്ചിട്ടാണോ? കാരണം ഇതുപോലെയുള്ള പ്രതിഷേധമോ ഒറ്റക്കെട്ടായി നില്‍ക്കുന്നതോ കാണാത്തതു കൊണ്ട് ചോദിക്കുന്നതാണ്. ദീപക്കിന് സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്. പക്ഷെ പുരുഷന്മാരില്‍ നിന്നുള്ള ഈ പ്രതിഷേധങ്ങള്‍ കാണുമ്പോള്‍, പേടിയാകുന്നു മീമുകള്‍ കാണുമ്പോള്‍ പറയാനുള്ളത്, ചില്‍ ഗായ്സ് നോട്ട് ഓള്‍ വിമണ്‍''.

'' നോട്ട് ഓള്‍ വിമണ്‍ . ദീപക് എന്ന വ്യക്തിയോടൊപ്പം തന്നെ ആണ്. എന്നാലും ഇത് പറയാതെ ഇരിക്കാന്‍ വയ്യ . എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല. സാവാദ് എന്നൊരുത്തന്‍ ഉണ്ടായിരുന്നു. സവാദിനെ പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ ഈ ബസില്‍ കയറരുത് എന്ന ബോര്‍ഡ് എവിടെയും കണ്ടിട്ടില്ല . ഒരു ഷിംജിതയോ അക്സ കെ റെജിയോ വരുമ്പോ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കില്‍, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം'' എന്ന കുറിപ്പോടെയാണ് മസ്താനി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Tags:    

Similar News