ലോകകപ്പിന് നഗരം ഒരുക്കാന്‍ 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു; മൊറോക്കോയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് മൃഗസ്‌നേഹികള്‍; ഫിഫയ്ക്ക് പരാതി നല്‍കി സംഘടനകള്‍; ആതിഥേയത്വം പിന്‍വലിക്കണമെന്ന് ആവശ്യം

ലോകകപ്പിന് നഗരം ഒരുക്കാന്‍ 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു

Update: 2026-02-18 03:42 GMT

റാബറ്റ്: 2030 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന് മുന്നോടിയായി മൊറോക്കോയില്‍ ലക്ഷക്കണക്കിന് നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. നായ്ക്കളെ കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടുകളും വ്യാപകമാകുകയാണ്. മുപ്പത് ലക്ഷം നായ്ക്കളെയാണ് ഇത്തരത്തില്‍ കൊ്ന്നൊടുക്കാന്‍ നീക്കം നടക്കുന്നത്. സ്പെയിനിനും പോര്‍ച്ചുഗലിനും ഒപ്പം 2023 ല്‍ മൊറോക്കോയെയും സഹ ആതിഥേയരായി അംഗീകരിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. മൊറോക്കോയിലെ

മൃഗാവകാശ സംഘടനകള്‍ ഇതില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട നെഗറ്റീവ് ധാരണകള്‍ ഒഴിവാക്കുന്നതിനും നഗരങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും കൂടുതല്‍ വൃത്തിയുള്ളതും സുരക്ഷിതവുമാക്കുന്നതിനും അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുമാണ് ഈ ശ്രമം നടത്തുന്നത് എന്നാണ് മൃഗസ്നേഹികള്‍ ആരോപിക്കുന്നത്.

മൊറോക്കോയിലെ തെരുവുകളില്‍ ഏകദേശം മുപ്പത് ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നായ്ക്കളെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലുക, വാഹനമിടിപ്പിച്ച് കൊല്ലുക, വിഷം കൊടുക്കുക അല്ലെങ്കില്‍ വെടിവച്ച് കൊല്ലുക, തുടര്‍ന്ന് മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍ സംസ്‌കരിക്കുക തുടങ്ങിയ കഠിനമായ രീതികള്‍ മൊറോക്കന്‍ അധികൃതര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ പുറത്തുവിട്ട വിശദാംശങ്ങളില്‍ പറയുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുള്ള മാരാകേഷിനെ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വിശേഷിപ്പിച്ചത് 'കൊല കേന്ദ്രം' എന്നാണ്. ചില നഗരങ്ങളില്‍ നായ്ക്കളെ ദിവസങ്ങളോളം പട്ടിണിക്കിട്ടതിന് ശേഷം മാലിന്യ ഡിപ്പോകളില്‍ ജീവനോടെ കത്തിച്ചുവെന്നും ആരോപണം ഉണ്ട്. നേരത്തേയും പല അന്താരാഷ്ട്ര പരിപാടികളും നടക്കുന്നതിന് മുന്നോടിയായി ഇത്തരത്തില്‍ മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്ന ഒരു രീതി ഉണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ആനിമല്‍ വെല്‍ഫെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ കോയലിഷന്‍ പറയുന്നത്.

ഫിഫ പോലുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നില്ല എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷബാധ, നിര്‍ബന്ധിത പട്ടിണി, നായ്ക്കളെ വെടിവച്ചുകൊല്ലല്‍ എന്നിവ രേഖപ്പെടുത്തുന്ന ഫോട്ടോകള്‍ ഉള്‍പ്പെടെ 91 പേജുള്ള ഒരു രേഖ സഖ്യം ഫിഫയ്ക്ക് സമര്‍പ്പിച്ചു. 2030 ഫിഫ ലോകകപ്പിനുള്ള ബിഡ് വേളയില്‍, മൊറോക്കോ മൃഗക്ഷേമത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുവെന്നും തെരുവ് നായ്ക്കള്‍ക്കുള്ള ക്ലിനിക്കുകളും പിന്തുണാ പരിപാടികളും വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയതായും ഫിഫ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മൊറോക്കോയുടെ കരട് ചട്ടങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മുതിര്‍ന്ന നിയമ, മൃഗക്ഷേമ വിദഗ്ധരുടെ ഒരു ആഗോള പാനലിനെ വിളിച്ചുചേര്‍ത്ത് മൃഗക്ഷേമ ഗ്രൂപ്പായ ഐഎഡബ്ല്യുപിസിയുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫിഫ പറഞ്ഞു.

അവരുടെ ശുപാര്‍ശകള്‍ ഇപ്പോള്‍ മൊറോക്കോയിലെ അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം ലണ്ടനിലെ മൊറോക്കോ എംബസി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. തെരുവ് നായ്ക്കളെ കൊന്നുതള്ളുന്നു എന്ന ആരോപണം നിഷേധിച്ച അധികൃതര്‍ മൃഗങ്ങളുടെ പരിപാലനത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രതിബദ്ധത ഉണ്ടെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രേഖകള്‍ കാണിക്കുന്നത്, തെരുവ് നായ്ക്കളെ നേരിടാന്‍ 2025 സെപ്റ്റംബറില്‍ തദ്ദേശീയ അധികാരികള്‍ 1,000 റൗണ്ട് വെടിയുണ്ടകള്‍ ഓര്‍ഡര്‍ ചെയ്തു എന്നാണ്.

മൊറോക്കോ നായ്ക്കളുടെ കൂട്ടക്കൊല അവസാനിപ്പിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിന് സഹ ആതിഥേയത്വം വഹിക്കാനുള്ള അവകാശം പിന്‍വലിക്കണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടു.

'ഒരു ആഗോള കായിക മത്സരത്തിനായി തയ്യാറെടുക്കാന്‍ ദശലക്ഷക്കണക്കിന് നായ്ക്കളെ കൊല്ലുന്നത് പുരോഗതിയല്ല, അത് ഒരു ധാര്‍മ്മിക പരാജയമാണ്' എന്നാണ് ഹോളിവുഡ് നടന്‍ മാര്‍ക്ക് റഫലോ എക്സില്‍ പോസ്റ്റ് ചെയ്തത്. തോക്കുധാരികള്‍ 24 മണിക്കൂറും തെരുവുകളില്‍ പട്രോളിംഗ് നടത്തുകയും, മൃഗങ്ങളെ വെടിവയ്ക്കുകയും, പലപ്പോഴും മുറിവേറ്റ നിലയില്‍ മരിക്കാന്‍ വിടുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില നായ്ക്കളെ ക്ലാമ്പിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് കുടുക്കി ട്രക്കുകളിലേക്ക് എറിയുകയും, മനുഷ്യത്വരഹിതമായി കൊല്ലുന്നതായും പറയപ്പെടുന്നു.

Tags:    

Similar News