വിഴിഞ്ഞത്തേക്ക് കൂറ്റന്‍ കപ്പലുകളുടെ വരവ് തുടരുന്നു; മദര്‍ഷിപ്പ് എം എസ് സി ലിസ്ബണ്‍ വിഴിഞ്ഞത്തെത്തി; എം എസ് സി സിമോണ നാളെ തുറമുഖത്തെത്തും; വഴിഞ്ഞത് എത്തുന്ന മൂന്നാമത്തെ വലിയ ചരക്കുകപ്പല്‍; കപ്പലിന്റെ ക്യാപ്ടനും മലയാളി

Update: 2024-10-12 14:44 GMT

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന കൂറ്റന്‍ കപ്പലുകളുടെ വരവ് തുടരുന്നു. എം എസ് സി സിമോണ എന്ന കൂറ്റന്‍ കപ്പലാണ് നാളെ വിഴിഞ്ഞം തീരത്ത് എത്തുക. വിഴിഞ്ഞത്ത എത്തിയ കപ്പലുകളില്‍ വലിപ്പത്തില്‍ മൂന്നാമത്തെ കപ്പലാണ് നാളെ തീരത്ത് എത്തുന്ന സിമോണ. കൊളംബോയില്‍ നിന്നും യാത്രതിരിച്ച കപ്പല്‍ നാളെ തീരത്ത് എത്തും. കപ്പലിന്റെ ക്യാപ്ടന്‍ ഒരു മലയാളിയാണ് എന്ന പ്രത്യേകതയുമുണ്ട്. ജാക്‌സണ്‍ ഐക്കര എബ്രഹാമാണ് കപ്പലിന്റെ ക്യാപ്ടന്‍.

അതേസമയം കണ്ടെയ്നറുകളുമായി കൂറ്റന്‍ ചരക്ക് കപ്പലുകള്‍ എത്തുന്ന വിഴിഞ്ഞത്ത് അമ്മ കപ്പലുകളിലൊന്നായ എം. എസ്. സി ലിസ്ബണ്‍ ം നങ്കൂരമിട്ടു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് കണ്ടെയ്നറുകളുമായാണ് എത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട കപ്പലിന് 337 മീറ്റര്‍ നീളവും 46 മീറ്റര്‍ വീതിയുമുണ്ട്.

ലൈബീരിയന്‍ റജിസ്ട്രേഷനിലുള്ള ലിസ്ബണ്‍ 2007 ലാണ് നീറ്റിലിറങ്ങിയത്. കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം കപ്പല്‍ നാളെ തിരിച്ചു പോകും. ട്രയല്‍ റണ്‍ തുടങ്ങിയശേഷം ഇതുവരെ 19 കപ്പലുകളാണ് വിഴിഞ്ഞത്ത് കണ്ടെയ്നറുകളുമായി എത്തിയത്. ഇതിലൂടെ 60,503 ടി ഇ യു ശേഷിയില്‍ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞം അന്താരാഷ്ര്ട തുറമുഖത്തിന് സാധിച്ചു. വിഴിഞ്ഞത്തിന് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വെളിവാക്കുന്നത് കൂടിയാണ് ട്രയല്‍ റണ്ണിലെ കപ്പലുകളുടെ തുടര്‍ച്ചയായ വരവ്.

അതിനിടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ കമ്മിഷനിങ് ഡിസംബര്‍ 3ന് നടത്താന്‍ ആലോചനയിലാണ് സര്‍ക്കാര്‍. സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനാണ് കമ്മിഷനിങ് നടത്തേണ്ടത്. തീയതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്.

വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ആരംഭിച്ചശേഷം 19 കപ്പലുകളാണ് തുറമുഖത്തിലെത്തിയത്. 60,503 കണ്ടെയ്‌നറുകള്‍ (ടിഇയു) കൈകാര്യം ചെയ്തു. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയുടെ നിര്‍മാണത്തിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഔട്ടര്‍ റിങ് റോഡും, വികസന ഇടനാഴിയും, ഔട്ടര്‍ ഏരിയ ഗ്രോത് കോറിഡോറും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.ട

8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 23 യാര്‍ഡ് ക്രെയിനുകളും വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിച്ചു. തുറമുഖത്തിനായുള്ള 220 കെവി സബ്‌സ്റ്റേഷന്‍, 33 കെവി സബ്‌സ്റ്റേഷന്‍, പോര്‍ട്ട് ഓപ്പറേഷന്‍ കെട്ടിടം, ഗേറ്റ് കോംപ്ലക്‌സ്, സെക്യൂരിറ്റി ബില്‍ഡിങ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം രാജ്യാന്തര കപ്പല്‍ചാലിന് അടുത്തായതിനാല്‍ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് വരെ വിഴിഞ്ഞം തുറമുഖത്തില്‍ എത്താന്‍ കഴിയും. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തതിന്റെ നികുതി ഇനത്തില്‍ ഇതുവരെ 4.7 കോടിരൂപ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള മത്സ്യബന്ധന തുറമുഖം വിഴിഞ്ഞത്ത് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News