മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമവായ നീക്കവുമായി കേരള സര്‍ക്കാര്‍; ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് പരിഗണനയില്‍; ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നേക്കും; മുനമ്പത്തെ സുവര്‍ണാവസരമായി കണ്ട് എസ്ഡിപിഐയും; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് ആവശ്യം
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമവായ നീക്കവുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം ചേരും. മുസ്ലിംലീഗ് അടക്കം മുന്നോട്ടുവെച്ച സമവായ നിര്‍ദേശം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. പ്രശ്‌നപരിഹാരമെന്ന നിലയില്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചനകള്‍. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. അന്തിമ തീരുമാനം ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ഉണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന് സര്‍ക്കാര്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്.
വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ കൊച്ചിയിലെത്തി ലത്തീന്‍ സഭാ മെത്രാന്‍ സമിതിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തില്‍ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം തര്‍ക്കത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ലീഗ് - ലത്തീന്‍ സഭ ചര്‍ച്ചയില്‍ സമവായ ധാരണയായിട്ടുണ്ട്. നിര്‍ദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
അതേസമയം, മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. ഫറൂക്ക് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രിബ്യൂണല്‍ പരിഗണിക്കുക. വഖഫ് ബോര്‍ഡ് 2019ല്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്‌ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നതാണ് ഫാറൂഖ് കോളേജിന്റെ വാദം. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിലെത്തുക. ജഡ്ജി രാജന്‍ തട്ടിലാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതിനിടെ വിഷയത്തില്‍ മുതലെടുപ്പ് ശ്രമങ്ങളുമായി എസ്ഡിപിഐയും സജീവമായി രംഗത്തുണ്ട്. മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അന്യായമായി കൈവശം വച്ച റിസോര്‍ട്ട് , ബാര്‍ ഉടമകളെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള കോടതി വിധികളെല്ലാം ഭൂമി വഖ്ഫ് തന്നെയാണെന്ന് സ്ഥാപിച്ചിട്ടുള്ളതാണ്.ദാനാധാരമാണെന്ന വാദം നില നില്‍ക്കില്ല. പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയത് പോലെ അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാവുകയും എന്നാല്‍ വഖ്ഫ് ഭൂമി കൈയേറിയ റിസോര്‍ട്ട് ഉടമകളെ ഉടന്‍ തന്നെ ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖ്ഫ് അന്യാധീനപ്പെടാന്‍ കാരണം ഫറോക്ക് കോളേജിലെ അന്നത്തെ കൈകാര്യക്കാരും ഇടനിലക്കാരായി നിന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. പോള്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുമാണ്. അഡ്വ. പോളിന്റെ മകന് ഇപ്പോള്‍ വഖഫ് ഭൂമിയില്‍ സ്ഥാപനമുണ്ട്. മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കയ്യേറ്റത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരുന്നതിന് ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.വഖ്ഫ് ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ക്ക് വഴി ഒരുക്കും എന്നത് കൊണ്ട് കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പ് അംഗീകരിക്കാന്‍ കഴിയില്ല.
വിദ്യാഭ്യാസ ശക്തീകരണത്തിന് വേണ്ടി ലഭിച്ച ഭൂമി കയ്യേറ്റക്കാര്‍ക്ക് വിട്ട് കൊടുത്തത് ഫാറൂക്ക് കോളേജിന്റെ പിടിപ്പ് കെടും കെടുകാര്യസ്ഥതയും കൊണ്ടാണ്. അത് കൊണ്ട് തന്നെ ഫാറൂഖ് കോളേജ് ഇതില്‍ പ്രധാന കുറ്റക്കാരാണ്. മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്നുള്ള വിഡി സതീശന്റെ നിലപാട് മുസ് ലിം സമുദായത്തോടുള്ള വഞ്ചനയാണ്.യഥാര്‍ത്ഥത്തില്‍ സതീശന്‍ സംസാരിക്കുന്നത് റിസോര്‍ട്ട് മുതലാളിമാര്‍ക്ക് വേണ്ടിയാണ്.കേരളത്തില്‍ ഉടനീളം വഖ്ഫ് ഭൂമികള്‍ അപഹരിച്ചതിന് കൂട്ടുനിന്നിട്ടുള്ളത് മുസ് ലിം ലീഗാണ്. അത് ബോധ്യമുള്ളത് കൊണ്ടാണ് മുസ്ലിം ലീഗ് നിലപാടില്ലായ്മ തുടരുന്നത്.
എറണാകുളം ജില്ലയില്‍ വിവിധ വഖ്ഫ് കൈയേറ്റങ്ങള്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ നിയമിച്ച ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടിട്ടുണ്ട്. അത്തരം ഭൂമികള്‍ തിരിച്ചു പിടിക്കാനുള്ള ഇടപെടല്‍ ഉണ്ടാവണം-അദ്ദേഹം ആവശ്യപ്പെട്ടു. അതേസമംയ മുനമ്പം വഖ്ഫ് ഭൂമി വിവാദത്തില്‍ ഫറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരിയും അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ മുസ്ലിം-കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് സംഘടിപ്പിച്ച മാനവസഞ്ചാരത്തിന്റെ ഭാഗമായി കോഴിക്കോട് മീഡിയാ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തില്‍ ഫാറൂഖ് കോളജ് അധികൃതര്‍ മൗനം ഭേദിച്ചാല്‍ പ്രശ്‌നപരിഹാരമുണ്ടാകും. മറ്റുള്ളവര്‍ അഭിപ്രായം പറയുന്നതിനേക്കാള്‍ നല്ലത് കൃത്യമായി പറയേണ്ട ആളുകള്‍ പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രേഖ പരിശോധിച്ച് കൃത്യമായ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറിന്റെ കൂടി നേതൃത്വത്തിലാണ്. എന്നാല്‍ ഏതെങ്കിലും കാലത്ത് നടത്തിയിട്ടുള്ള കൃത്യവിലോപത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരെ ഇറക്കിവിടണം എന്ന ആശയത്തോട് യോജിക്കാന്‍ കഴിയില്ല. നാടിന്റെ ക്രമസമാധാനവും സാമൂഹിക അന്തരീക്ഷവും കലുഷിതമാകുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വഖ്ഫ് സംരക്ഷണവും ക്രമസമാധാനവും മുഖ്യമാണ്. മുനമ്പത്തെ വഖ്ഫ് ഭൂമി എങ്ങനെ വിറ്റു എന്നത് വലിയ ചോദ്യമാണ്. എങ്ങനെ രജിസ്ട്രാര്‍ അത് രജിസ്ട്രര്‍ ചെയ്ത് കൊടുത്തു. പാവപ്പെട്ട ജനങ്ങളോട് കാശ് വാങ്ങി കച്ചവടം നടത്തിയതാണെങ്കില്‍ അത് തികച്ചും നാടിന്റെ നിയമത്തിനെതിരാണ്. ഫാറൂഖ് കോളാജാണ് വില്‍പ്പന നടത്തിയതെങ്കില്‍ അവരാണത് പരിഹരിക്കേണ്ടതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
എന്താണ് നടത്തിയതെന്ന് ഫറൂഖ് കോളജ് അധികൃതര്‍ വ്യക്തമാക്കണം. റിസോര്‍ട്ട് മാഫിയകള്‍ എങ്ങനെ വഖ്ഫ് ഭൂമി കൈക്കാലാക്കിയെന്നത് കൃത്യമായി പഠിക്കണം. കുടിയിറക്കപ്പെടുന്നവര്‍ക്ക് വീട് വെച്ച് കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മുനമ്പം ഭൂമിയിലുള്ളവരെ പുനരവധിപ്പിക്കുന്നതിന് സഹായിക്കാന്‍ എസ് വൈ എസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ ഭൂമി വഖ്ഫ് ആണോ അല്ലയോ എന്നത് സംബന്ധിച്ച് ഒരു വ്യക്തിയല്ല അഭിപ്രായം പറയേണ്ടത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് എല്ലാവരും സഹായം ചെയ്ത് കൊടുക്കണം. കൃസ്ത്യന്‍ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക റോളുണ്ടെന്ന് തോന്നുന്നില്ല.
കൈയേറ്റക്കാരും വഖ്ഫിന്റെ ഉടമയും തമ്മിലുള്ള തര്‍ക്കമാണിത്. മതങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ല. എന്നാല്‍ പ്രശ്‌നങ്ങളില്ലാതെയിരിക്കുന്നതിന് നടക്കുന്ന ചര്‍ച്ചകള്‍ നല്ലതാണ്. വഖ്ഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നതും കൈയേറുന്നതും ധാരാളമായി കണ്ടുവരികയാണ്. റഹ്‌മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി കമ്മിറ്റി കൈയേറ്റത്തെ കുറിച്ച് വലിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഒന്നാമത്തെ കൈയേറ്റക്കാരായി സര്‍ക്കാറിനെയാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട്ടെ മൊയ്തീന്‍ പള്ളി, പട്ടാളപ്പള്ളി തുടങ്ങിയ സുന്നി വഖ്ഫുകള്‍ മറ്റ് ആശയക്കാര്‍ കൈയേറിയതാണ്. വഖ്ഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമസ്തയുടെ അഭിപ്രായങ്ങള്‍ ആധികാരികമായി സംയുക്ത പാര്‍ലിമെന്ററി സമിതി(ജെ പി സി)ക്ക് കൈമാറിയിട്ടുണ്ട്. ബില്ലും മുനമ്പം വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.