ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് വിപിന്‍ ബാബുവിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം: ചിതയ്ക്കു തീ കൊളുത്തി അഞ്ചു വയസ്സുകാരന്‍ മകന്‍

പൈലറ്റ് വിപിന്‍ ബാബുവിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

By :  Remesh
Update: 2024-09-05 02:58 GMT

മാവേലിക്കര: തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റ് കണ്ടിയൂര്‍ പറക്കടവ് നന്ദനത്തില്‍ വിപിന്‍ ബാബുവിന് ജന്മനാടിന്റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകിട്ട് ഏഴോടെ കണ്ടിയൂര്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. തീരസംരക്ഷണസേനയുടെ കൊച്ചി ഡിസ്ട്രിക്ട് കമാന്‍ഡര്‍ ഡി.ഐ.ജി. എന്‍. രവിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. സേനാധികൃതര്‍ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു.

ഗുജറാത്തിലെ പോര്‍ബന്തറില്‍ വെച്ച് തീരരകഷാസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ അറബിക്കടലില്‍ തകര്‍ന്നു വീണാണ് അപകടം. പോര്‍ബന്തറില്‍നിന്ന് അഹമ്മദാബാദില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലും വൈകുന്നേരം അഞ്ചോടെ കണ്ടിയൂരിലെ വീട്ടിലും എത്തിച്ചു.

വീട്ടിലും ശ്മശാനത്തിലും തീരസംരക്ഷണസേനയും പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അഞ്ചുവയസ്സുള്ള മകന്‍ സെനിത് ചിതയ്ക്കു തീകൊളുത്തി. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ., ഡെപ്യൂട്ടി കളക്ടര്‍ ഡി.സി. ദിലീപ്കുമാര്‍, തഹസില്‍ദാര്‍ എം. ബിജുകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. സുരേഷ്ബാബു, ജി. ബിനു, മാവേലിക്കര ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ. ഗോപന്‍, ശാന്തി അജയന്‍, അനി വര്‍ഗീസ്, സജീവ് പ്രായിക്കര, ലളിതാ രവീന്ദ്രനാഥ്, ജയശ്രീ അജയകുമാര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

എയര്‍ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന്‍ പരേതനായ ആര്‍.സി. ബാബുവിന്റെയും ശ്രീലതാ ബാബുവിന്റെയും മകനാണ് വിപിന്‍ ബാബു. ഭാര്യ ശില്പ ഡല്‍ഹിയില്‍ മിലിറ്ററി നഴ്സാണ്. കുടുംബസമേതം ഡല്‍ഹിയില്‍ താമസിച്ചിരുന്ന വിപിന്‍ രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്.

Tags:    

Similar News