മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് തൊട്ടു മുമ്പ് ഞെട്ടലായി തീവ്രവാദ സാന്നിധ്യം തിരിച്ചറിഞ്ഞ ഇന്റലിജന്‍സ്; തീവ്രവാദികളുടെ ലക്ഷ്യം കശ്മീര്‍ തിരഞ്ഞെടുപ്പ് അട്ടിമറി; അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കാന്‍ സൈന്യം

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായാണ് ഈ ഏറ്റുമുട്ടലുകള്‍ നടന്നത്.

Update: 2024-09-14 07:08 GMT


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഇന്ന് രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടുമ്പോള്‍ ചര്‍ച്ചയാകുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള തീവ്രവാദികളുടെ ശ്രമം. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. തുടര്‍ന്നാണ് വെള്ളിയാഴ്ച വടക്കന്‍ കശ്മീര്‍ ജില്ലയില്‍ പട്ടാന്‍ മേഖലയിലെ ചക് താപര്‍ ക്രീരിയില്‍ വെടിവെപ്പുണ്ടായത്.

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള നുഴഞ്ഞുകയറ്റ നീക്കങ്ങളെ അതീവ ജാഗ്രതയോടെ നേരിടുകയണ് സൈന്യം. ജമ്മു കശ്മീര്‍ 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഇത് അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ സജീവ ഇടപെടല്‍ നടത്തുന്നുവെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കിഷ്ത്വാറിലും ഭീകരരുമായി ഏറ്റുമുട്ടലില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. പിങ്ഗ്നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായാണ് ഈ ഏറ്റുമുട്ടലുകള്‍ നടന്നത്.

തിരഞ്ഞെടുപ്പ് റാലിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും, സമാധാനപരമായുള്ള നടത്തിപ്പ് ഉറപ്പാക്കാനും വേണ്ടി ഡോഡ, കിഷ്ത്വാര്‍ എന്നീ ജില്ലകളില്‍, പ്രത്യേകിച്ച് വേദിക്ക് ചുറ്റും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 42 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഡോഡ സന്ദര്‍ശിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് ഭീകരര്‍ പ്രദേശത്ത് സജീവമാകുന്നത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. ഇതിനെ ചെറുക്കാന്‍ സൈന്യവും സജീവമാണ്.

ഈ വര്‍ഷം ജൂലൈയില്‍, കത്തുവയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ രണ്ട് ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ച് സൈനികരുടെ ജീവന്‍ നഷ്ടപ്പെടുകയും അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാനമായി ഈ വര്‍ഷം മെയ് മാസത്തില്‍, സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്ത ഓപ്പറേഷനില്‍, ഒരു തീവ്രവാദി കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

ആഗസ്ത് അവസാന വാരത്തില്‍ രജൗരിയില്‍ ലാത്തി മേഖലയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം ലക്ഷ്യമിട്ടപ്പോഴും ഏറ്റുമുട്ടല്‍ നടന്നു. ജൂലൈയില്‍ ഇതേ ജില്ലയിലെ ഗുന്ദ മേഖലയില്‍ സുരക്ഷാ പോസ്റ്റിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.

Tags:    

Similar News