'അടല്‍ സമാധി' പോലെ ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന് സ്മാരകം വേണമെന്ന് കോണ്‍ഗ്രസ്; അന്ത്യകര്‍മങ്ങള്‍ രാജ്ഘട്ടില്‍? സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസം അവധി

മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങള്‍ രാജ്ഘട്ടില്‍?

Update: 2024-12-27 11:09 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പകുതി ദിവസത്തെ അവധിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്ന് വരെയാണ് ദുഃഖാചരണം. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. തെലങ്കാനയും കര്‍ണാടകയും വെള്ളിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിരുന്നു. കോണ്‍ഗ്രസും ഏഴുദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

അതേ സമയം മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ച എഐസിസി ആസ്ഥാനത്തുനിന്നു മൃതദേഹം സംസ്‌കാരം നടക്കുന്ന ശ്മശാനത്തിലേക്ക് കൊണ്ടുപോകും. അന്ത്യകര്‍മങ്ങള്‍ എവിടെ നടക്കുമെന്ന് സംബന്ധിച്ചു സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ബന്ധുക്കളുമായി ആലോചിച്ച് സംസ്‌കാരസ്ഥലം സര്‍ക്കാര്‍ തീരുമാനിക്കും.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ അന്ത്യകര്‍മങ്ങള്‍ ദേശീയ സ്മാരകമായ രാജ്ഘട്ടിലാണ് നടത്തിയത്. ഇതേ മാതൃകയില്‍ തന്നെ മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങളും നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച, ഡല്‍ഹി മോത്തിലാല്‍ നെഹ്റു റോഡിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം, ശനിയാഴ്ച രാവിലെ 8 മണിയോടെ, മൃതദേഹം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒന്‍പതരവരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനം തുടരും.

ഇതിനുശേഷം വിലാപയാത്രയായി ഭൗതികദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോകും.. അടല്‍ ബിഹാരി വാജ്പേയിയുടെ അന്ത്യവിശ്രമസ്ഥലമായ 'അടല്‍ സമാധി' പോലെ ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന് സ്മാരകം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. യുഎസില്‍ താമസിക്കുന്ന മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തും. ഇതിനാലാണ് സംസ്‌കാര ചടങ്ങുകള്‍ ശനിയാഴചത്തേക്ക് മാറ്റിയത്.

മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യകര്‍മങ്ങള്‍ക്കായി സര്‍ക്കാര്‍ നിശ്ചിത പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്. വിലാപയാത്രയ്ക്കു മുന്‍പ് മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിക്കും. തുടര്‍ന്ന് ആദരസൂചകമായി 21 ഗണ്‍ സല്യൂട്ട് നല്‍കും. ദേശീയ ദുഃഖാചരണം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സംസ്‌കാര സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ രാജ്യത്ത് സര്‍ക്കാരിന്റെ പൊതുചടങ്ങുകളോ ഔദ്യോഗിക പരിപാടികളോ ഉണ്ടാകില്ല. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലുള്ള വസതിയിലാണ് ഭൗതികശരീരം. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് എ.ഐ.സി.സി. ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം 9.30-ഓടെ സംസ്‌കാരച്ചടങ്ങുകളാരംഭിക്കും.

Tags:    

Similar News