ട്രംപിന്റെ യുക്രെയിന്‍ സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്‌കിയുടെ നാറ്റോ സ്വപ്‌നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെ
ട്രംപിന്റെ യുക്രെയിന്‍ സമാധാന പദ്ധതി ചോര്‍ന്നു
വാഷിങ്ടണ്‍: താന്‍ അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം യുക്രെയിന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ഡൊണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യുഎസ് പ്രസിഡന്റിന്റെ പരിഹാരം അകലുന്നതിനിടെ, വിമര്‍ശനങ്ങളും പെരുകിയിരുന്നു. ഏതായാലും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈസ്റ്ററോടെ യുക്രെയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയെയും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും ഒരുമേശയ്ക്ക് ചുറ്റുമിരുത്തി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പു വയ്പ്പിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തും. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞ യുദ്ധം 100 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലിലേക്ക് എത്തിക്കുകയാണ് യുഎസ് പ്രസിഡന്റിന്റെ ലക്ഷ്യം.
യുക്രെയിനിലെ സ്ട്രാന എന്ന ഓണ്‍ലൈന്‍ പത്രമാണ് ട്രംപിന്റെ പദ്ധതി റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ഇല്ലെങ്കിലും യുക്രെയിനിലെ രാഷ്ട്രീയ- നയതന്ത്ര വൃത്തങ്ങളില്‍ ഇതിനകം വിഷയം ചര്‍ച്ചയായി കഴിഞ്ഞു. ഏപ്രില്‍ 20 ഓടെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. അതോടെ, റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന് അവസാനമാകും. നാറ്റോയില്‍ ചേരുന്നതില്‍ യുക്രെയിനെ വിലക്കും. തങ്ങള്‍ പിടിച്ചെടുത്ത യുക്രെയിന്റെ ഭൂമിയില്‍ റഷ്യന്‍ പരമാധികാരം കീവ് അംഗീകരിക്കണമെന്നും റഷ്യ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്.
റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ നിന്ന് യുക്രെയിന്‍ സേനയ്ക്ക് പിന്‍വാങ്ങേണ്ടി വരും. ഓഗസ്റ്റിലാണ് പ്രത്യാക്രമണ തന്ത്രത്തിന്റെ ഭാഗമായി യുക്രെയിന്‍ പടയാളികള്‍ കുര്‍സ്‌കില്‍ കടന്നുകയറിയത്. ബ്രീട്ടീഷ് സൈനികരടങ്ങുന്ന യൂറോപ്യന്‍ സൈനികവിഭാഗം ഈ മേഖലയില്‍ കാവല്‍ നില്‍ക്കും. അമേരിക്കന്‍ സൈനികര്‍ ഇക്കൂട്ടത്തില്‍ ഉണ്ടാകില്ല.
യുക്രെയിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത ഒരു പതിറ്റാണ്ടിനിടെ, യൂറോപ്യന്‍ യൂണിയന്‍ 486 ബില്യന്‍ ഡോളര്‍ ചെലവഴിക്കും. ഫെബ്രുവരിയില്‍ സെലന്‍സ്‌കിയും പുടിനും തമ്മില്‍ ഫോണില്‍ സംസാരിക്കുമെന്നാണ് സൂചന. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 20 ഓടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരും.
പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുകൂട്ടാനും ട്രംപ് ലക്ഷ്യമിടുന്നു. ഇതുവരെയുള്ള യുദ്ധത്തില്‍ 45,000 ത്തിലേറെ യുക്രെയിന്‍ സൈനികരും, 8,4000 റഷ്യന്‍ പടയാളികളും കൊല്ലപ്പെട്ടുവെന്നാണ് സെലന്‍സ്‌കിയും യുക്രെയിന്‍ ഇന്റലിജന്‍സ് ഏജന്‍സികളും പറയുന്നത്.
യുക്രെയിന്‍ സൈന്യത്തിന് അമേരിക്ക നല്‍കുന്ന പിന്തുണ തുടരുമെന്നാണ് സൂചന. 2030 ഓടെ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ യുക്രെയിന് വഴിയൊരുക്കുന്നതാണ് ട്രംപിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സമാധാന പദ്ധതിയുടെ ആധികാരികത സെലന്‍സ്‌കിയുടെ ഓഫീസ് തുടര്‍ച്ചയായി നിഷേധിക്കുകയാണ്. യുക്രെയിന്റെ 20 ശതമാനത്തോളം സ്ഥലത്താണ് ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണം ഉള്ളത്. പുടിന്റെ കൈകളില്‍ ഒരു ഏക്കര്‍ പോലും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അവകാശപ്പെട്ട സെലന്‍സ്‌കി ഇപ്പോള്‍ ആ ഭൂമി ഉടന്‍ യുക്രെയിന് തിരിച്ചുകിട്ടില്ലെന്ന കാര്യം അംഗീകരിച്ചിട്ടുണ്ട്.