'സഹായിക്കണം, ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല'; കടലാസില്‍ എഴുതിയ സന്ദേശങ്ങള്‍ ജനലിലൂടെ പ്രദര്‍ശിപ്പിച്ച് കണ്ണീരോടെ യുഎസ് നാടുകടത്തിയവര്‍; പാനമ ഹോട്ടലില്‍ തടവിലുള്ള 300 പേരില്‍ ഇന്ത്യക്കാരും; മുറികള്‍ക്ക് പൊലീസ് കാവല്‍; ഭൂരിഭാഗവും സ്വമേധയാ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ തയാറല്ലെന്ന് റിപ്പോര്‍ട്ട്; ദാരിയന്‍ പ്രവിശ്യയിലേക്ക് മാറ്റാന്‍ സാധ്യത

യുഎസ് നാടുകടത്തിയവര്‍ കണ്ണീരോടെ പാനമ ഹോട്ടലില്‍

Update: 2025-02-20 12:15 GMT

പാനമ സിറ്റി: അമേരിക്കയില്‍ നിന്നും നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഒരു ഹോട്ടലില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഹോട്ടലില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഇവര്‍ യാചിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങളാണ് പുറത്തു വന്നത്. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണു മധ്യഅമേരിക്കന്‍ രാജ്യമായ പാനമയില്‍ കഴിയുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് അനധികൃതമായി കുടിയേറിയവരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. നാടുകടത്തിയവരെ അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അന്താരാഷ്ട്ര അധികാരികള്‍ അനുമതി നല്‍കാത്തതിനാല്‍ പനാമ സര്‍ക്കാര്‍ അവരെ വിട്ടയ്ക്കാന്‍ അനുവദിച്ചിട്ടില്ല.

പാനമയും യുഎസും തമ്മിലുള്ള കരാര്‍ പ്രകാരം ഇവര്‍ക്കു ഭക്ഷണവും ആരോഗ്യസേവനങ്ങളും നല്‍കുന്നുണ്ട്. നാടുകളിലെത്തിക്കാന്‍ രാജ്യാന്തര സന്നദ്ധ സംഘടനകള്‍ സൗകര്യമൊരുക്കുംവരെ പുറത്തിറങ്ങാന്‍ അനുമതിയില്ല. മുറികള്‍ക്കു പൊലീസ് കാവലുണ്ട്. ഇവിടെയുള്ള 40 ശതമാനത്തിലേറെപ്പേര്‍ സ്വമേധയാ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ തയാറല്ലെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ ചിലരാണു ഹോട്ടല്‍ ജനാലകള്‍ക്കു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചത്.

'സഹായിക്കണം', 'ഞങ്ങളുടെ രാജ്യത്തേക്ക് മടങ്ങിയാല്‍ രക്ഷിക്കില്ല' തുടങ്ങിയ വാചകങ്ങള്‍ കടലാസില്‍ എഴുതി ജനലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവര്‍ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു ഇടത്താവളമായ കോസ്റ്ററിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യവിമാനം എത്തിയിരുന്നു. കൂടുതല്‍ വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ എത്തും. പാനമയില്‍നിന്നു നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയന്‍ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റാനും സാധ്യതയേറി.

തടഞ്ഞുവെച്ചിരിക്കുന്ന കുടിയേറ്റക്കാരില്‍ 40 ശതമാനം പേരും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇറാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറിയവരില്‍ ഭൂരിഭാഗവും. ഇവയില്‍ ചില രാജ്യങ്ങളില്‍ കുടിയേറ്റക്കാരെ നേരിട്ട് നാടുകടത്താന്‍ യുഎസിന് ബുദ്ധിമുട്ട് ഉണ്ട്. അതിനാല്‍ താത്കാലത്തേക്ക് താമസിക്കാനുള്ള ഇടമായി പനാമയെ ഉപയോഗിക്കുകയാണ്.

പനാമയും യുഎസും തമ്മിലുള്ള കുടിയേറ്റ കരാറിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് വൈദ്യസഹായവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് പനാമയുടെ സുരക്ഷാ വകുപ്പ് മന്ത്രി ഫ്രാങ്ക് അബ്രെഗോ ചൊവ്വാഴ്ച പറഞ്ഞു. നാടുകടത്തിയവരെ താത്കാലികമായി താമസിപ്പിക്കുന്നതിന് പനാമന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, അവരുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത് യുഎസ് ആണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തിടെ പനാമ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ഈ മാസം ആദ്യമാണ് കരാര്‍ പ്രഖ്യാപിച്ചത്.

നാടുകടത്തപ്പെട്ട 299 പേരില്‍ 171 പേര്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെയും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെയും സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് സ്വമേധയാ മടങ്ങിപ്പോകാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അബ്രഗോ പറഞ്ഞു. മറ്റ് 128 കുടിയേറ്റക്കാരുമായി യുഎന്‍ ഏജന്‍സികള്‍ സംസാരിക്കുന്നുണ്ട്. നാടുകടത്തപ്പെട്ട ഒരു ഐറിഷ് പൗരന്‍ ഇതിനോടകം തന്നെ രാജ്യത്തേക്ക് മടങ്ങിയെന്ന് അബ്രെഗോ പറഞ്ഞു.

രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാടുകടത്തല്‍. ഫെബ്രുവരി അഞ്ചിന് 104 ഇന്ത്യക്കാരുമായി യുഎസ് വ്യോമസേനയുടെ ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ചണ്ഡീഗഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി 15ന് രണ്ടാമത്തെ വിമാനവും അമൃത്സറിലെത്തി. ഞായറാഴ്ച 112 പേരടങ്ങുന്ന മൂന്നാമത്തെ ബാച്ചും അമൃത്സറിലെത്തുകയുണ്ടായി.

Similar News