യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്

റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്;

Update: 2025-03-07 18:26 GMT

വാഷിങ്ടണ്‍: യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി കൊമ്പുകോര്‍ത്ത് ദിവസങ്ങള്‍ക്ക് ശേഷം താന്‍ റഷ്യക്കെതിരെ വലിയതോതിലുള്ള ഉപരോധങ്ങളും താരിഫുകളും പരിഗണിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

യുക്രെയിനുമായി വെടിനിര്‍ത്തലും സമാധാന കരാറും ഒപ്പിടും വരെ റഷ്യക്കെതിരെ ഉപരോധം എന്നതാണ് ട്രംപിന്റെ വിരട്ടല്‍. യുക്രെയിന് നേരേ കഴിഞ്ഞ ദിവസം രാത്രി റഷ്യ നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.

'യുദ്ധരംഗത്ത് റഷ്യ ഇപ്പോള്‍ യുക്രെയിനെ പൂര്‍ണ്ണമായും ആക്രമിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിലേക്ക് റഷ്യ ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്കെതിരെ വലിയ തോതിലുള്ള ബാങ്കിങ് ഉപരോധങ്ങള്‍, താരിഫ് വര്‍ധന എന്നിവ പരിഗണനയിലാണ്. വളരെ വൈകുന്നതിന് മുന്‍പായി തന്നെ ചര്‍ച്ചയ്ക്ക് വരൂ. റഷ്യയോടും യുക്രെയിനോടുമാണ്, സമയം വൈകും മുമ്പേ വേഗം ചര്‍ച്ചാമേശയിലേക്ക് വരൂ, നന്ദി', ട്രംപ് കുറിച്ചു.

രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് ഏതെങ്കിലും രാജ്യത്തെ തടയുന്നത് ലക്ഷ്യമാക്കിയാണ് ഉപരോധങ്ങള്‍ കൊണ്ടുവരുന്നത്.

യുദ്ധം തുടങ്ങിയ ശേഷം യുഎസ്, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ 21,000ത്തിലധികം ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജനുവരിയില്‍ അധികാരമേറ്റയുടന്‍, പുടിന്‍ യുദ്ധം അവസാനിപ്പിച്ചിച്ചെങ്കില്‍ താരിഫും, കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് യുക്രെയിനേക്കാള്‍, റഷ്യയെയും പുടിനെയും കൈകാര്യം ചെയ്യാനാണ് എളുപ്പമെന്ന് ട്രംപ് പറഞ്ഞു. താന്‍ പുടിനെ വിശ്വസിക്കുന്നതായും അദ്ദേഹം തുറന്നുപറഞ്ഞു.

' തുറന്നുപറഞ്ഞാല്‍, യുക്രയിനെ കൈകാര്യം ചെയ്യാനാണ് ഞാന്‍ പാടുപെടുന്നത്. റഷ്യയെ കൈകാര്യം ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമാണ്, 'ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സൈനിക-ഇന്റലിജന്‍സ് സഹായം അവസാനിപ്പിച്ച ട്രംപ് യുക്രെയിനെ വലിയ പരീക്ഷണത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. സമ്മര്‍ദ്ദ തന്ത്രമാണ് ട്രംപ് പയറ്റുന്നത്.

Tags:    

Similar News