ലോകം എമ്പാടുമുള്ള നൂറു കണക്കിന് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയോ ആകാശത്ത് നിന്ന് തിരിച്ചുവിടുകയോ ചെയ്തു; ഡല്‍ഹിയില്‍ നിന്ന് പറന്ന വിമാനങ്ങള്‍ ഡല്‍ഹിയില്‍ തന്നെ ഇറക്കി; വിമാന താവളങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങി: സബ് സ്റ്റേഷന്‍ പോട്ടിത്തെറിച്ച് ഹീത്രു എയര്‍ പോര്‍ട്ട് ഇരുട്ടിലായപ്പോള്‍ കുടുങ്ങിയത് ലോകം എമ്പാടുമുള്ള യാത്രക്കാര്‍

Update: 2025-03-22 03:04 GMT

ലണ്ടന്‍: പ്രധന ഇലക്ട്രിക്കല്‍ സ്റ്റേഷന്‍ പൊട്ടിത്തെറിച്ച് ഇരുട്ടിലായതോടെ ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂ വിമാനത്താവളം പ്രവര്‍ത്തന രഹിതമായി. അമേരിക്കയിലെ 9/11 ന് ശേഷം ലോകം കണ്ട ഏറ്റവും വലിയ യാത്രാ തടസ്സങ്ങളാണ് അതിനു ശേഷം ഉണ്ടായത്. അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ എല്ലാം തന്നെ പാതിവഴിയില്‍ യാത്രമുടക്കി തിരികെ യാത്രയായി. പ്രതിദിനം 1300 ഓളം ലാന്‍ഡിംഗുകളും ടേക്ക് ഓഫുകളും നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂവിലുണ്ടായ അപകടം ലോക വ്യോമയാന മേഖലയെ തന്നെ പ്രതികൂലമായി ബാധിച്ചു.

അതിരവിലെ 3 മണിക്ക് വിമാനത്താവളം അടച്ചിടുമ്പോള്‍ 120 വിമാനങ്ങള്‍, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഹീത്രൂ ലക്ഷ്യമാക്കി പറക്കുകയായിരുന്നു എന്ന് ഫ്‌ലൈറ്റ് റഡാര്‍ 24 പറയുന്നു. അതില്‍, പ്രധാനമായും ഏഷ്യയില്‍ നിന്നുള്ള 36 വിമാനങ്ങള്‍ ഇറങ്ങുവാന്‍ ഒരിടം തേടി നാലു മണിക്കൂറുകളോളമാണ് ആകാശത്തു ചെലവഴിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നും ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുമൊക്കെയുള്ളവരെയും ഇത് ബാധിച്ചു. ഡാറ്റാ സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ആ സമയം ഏകദേശം 2,90,000 യാത്രക്കാരാണ് ഹീത്രൂവില്‍ നിന്ന് യാത്ര ആരംഭിക്കുവാനോ ഹീത്രൂവില്‍ വന്നിറങ്ങാനോ ഉദ്ദേശിച്ചിരുന്നത്.

ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം, ലിയോണ്‍ തുടങ്ങി മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും തിരിച്ചു പറക്കേണ്ടതായി വന്നു. ലണ്ടനിലേക്കുള്ള സര്‍വ്വീസുകള്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. സമാനമായ രീതിയില്‍ ഡുബ്ലിനില്‍ നിന്നും ഹീത്രൂവിലേക്ക് പറക്കേണ്ട 34 സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. ചൈനയില്‍ ഭര്‍ത്താവിനൊപ്പം കുടുങ്ങിപ്പോയ ഒരു ബ്രിട്ടീഷ് വനിത ഡെയ്ലി മെയിലിനോട് പറഞ്ഞത് എപ്പോ തിരികെയെത്താം എന്നതിനെ കുറിച്ച് ഒരു അറിവും ഇല്ലെന്നാണ്. ചൈനയിലെ കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങള്‍ കാരണം ഹോട്ടലിലേക്ക് തിരികെ പോകാനും കഴിയുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റു വിമാനത്താവളങ്ങളില്‍ തിരക്കായത് സാഹചര്യം വഷളാക്കി

ബ്രിട്ടനിലെ മറ്റ് വിമാനത്താവളങ്ങള്‍ എല്ലാം തന്നെ അവയുടെ പൂര്‍ണ്ണ കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ആകാശത്ത് കുടുങ്ങിയ പല വിമാനങ്ങളും ഇറക്കാന്‍ ഇടം കണ്ടെത്താന്‍ കഴിയാതെ പോയി. ചിലവ മറ്റു യൂറോപ്യന്‍ നഗരങ്ങളിലേക്ക് തിരിച്ചു വിട്ടെങ്കിലും അവിടെയും അധികം താമസിയാതെ സമാനമായ സ്ഥിതിയായി. ബാങ്കോക്കില്‍ നിന്നുള്ള വിമാസം ബ്രസ്സല്‍സിലേക്ക് തിരിച്ചു വിട്ടപ്പോള്‍, ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നുള്ള വിമാനം ഐസ്ലാന്‍ഡിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇന്ത്യ ഉള്‍പ്പടെ പല ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് അവ യാത്ര പുറപ്പെട്ട ഇടങ്ങളിലേക്ക് തന്നെ തിരിച്ചു പറക്കേണ്ടതായി വന്നു.

ബോസ്റ്റണില്‍ നിന്നുള്ള വിമാനം കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടപ്പോള്‍, മറ്റു ചില വിമാനങ്ങള്‍ അയര്‍ലന്‍ഡ്, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, മാഡ്രിഡ് എന്നിവിടങ്ങളിലേക്കും യു കെയിലെ തന്നെ മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് വിമാനത്താവളങ്ങളിലേക്കും തിരിച്ചു വിടുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും തിരിച്ചു പറന്നു. പെര്‍ത്തില്‍ നിന്നും ഹീത്രൂവിലേക്കുള്ള ഖണ്ഡാസ് വിമാനം പാരിസിലേക്കായിരുന്നു തിരിച്ചുവിട്ടത്.

യൂറോപ്യന്‍ വിമാനത്താവളങ്ങളിലും തിരക്കേറിയതോടെ കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡ് വിമാനത്താവളം പോലുള്ള ഇടങ്ങളിലേക്കും വിമാനങ്ങള്‍ തിരിച്ചു വിടുകയാണ്. ഇതോടെ പല യാത്രക്കാരും കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ജപ്പാനില്‍ നിന്നും ഹീത്രൂവിലേക്ക് പറക്കുകയായിരുന്ന വിമാനം 13 മണിക്കൂര്‍ ആകാശത്ത് ചെലവഴിച്ചതിനു ശേഷം ഹെല്‍സിങ്കിയിലാണ് ഇറങ്ങിയത്. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ വിമാനക്കമ്പനികളില്‍ നിന്നും ഏറ്റവും പുതിയ വിവരം ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്.

അനിശ്ചിതത്വത്തിലായി ഹീത്രൂ

ഇലക്ട്രിക്കല്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനവും അഗ്‌നിബാധയും കാരണം വിമാനത്താവളത്തിലെ വൈദ്യുതി വിതരണം വലിയതോതില്‍ തന്നെ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഹീത്രൂ വിമാനത്താവള വക്താവ് അറിയിച്ചു. തങ്ങളുടെ ജീവനക്കാര്‍ അത് സാധാരണ രീതിയിലാക്കാന്‍ കഠിനമായി ശ്രമിക്കുകയാണെന്നും എന്നാല്‍, എപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകും അന്നത് പറയാനാകില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് വിമാനത്താവളം അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും വക്താവ് പറഞ്ഞു.

അഗ്‌നിബാധ അണയ്ക്കാന്‍ അഗ്‌നിശമന സേന കഠിന പ്രയത്‌നം നടത്തുന്നതിനിടെ ആളിക്കത്തുന്ന തീനാളങ്ങളുടെയും ആകാശത്തോളമുയരുന്ന കറുത്ത പുകയുടെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിനിടെ ഹീത്രൂ വിമാനത്താവളത്തിന് അകത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നത് വിമാനത്താവളത്തിനകം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ അന്ധകാരത്തിലായി എന്നാണ്. വലിയ തോതിലുള്ള അഗ്‌നിബാധയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് വക്താവ് പറയുന്നത്.

പ്രധാനപ്രതി നെറ്റ് സീറോയോ?

ബ്രിട്ടനിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി രണ്ടര ലക്ഷത്തോളം യാത്രക്കാരെയാണ് ഹീത്രൂവിലെ അപകടം ബാധിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതായാലും ഈ സംഭവം ഹീത്രൂവിനും ബ്രിട്ടീഷ് സര്‍ക്കാരിനും എതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. 9/11 സംഭവത്തിന്റെ ഒരു നിയന്ത്രിത പതിപ്പാണിതെന്നായിരുന്നു സ്‌ഫോടനത്തെയും തുടര്‍ന്നുണ്ടായ തീപിടുത്തത്തെയും പലരും വിശേഷിപ്പിച്ചത്. ഡീസല്‍ ബാക്ക് അപ് ജനറേറ്ററുകളില്‍ നിന്നും നെറ്റ് സീറോ നയത്തിന്റെ ഭാഗമായി ബയോമാസിലേക്ക് മാറിയതാണ് പവര്‍ ബാക്ക് അപ് ഇല്ലാതെയാകാന്‍ കാരണമായതെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു.

ഡീസല്‍ ജനറേറ്ററുകള്‍ പൂര്‍ണ്ണമായും നീക്കിയ വിമാനത്താവളം, അവയോടൊപ്പം മാത്രം പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം രൂപ കല്പന ചെയ്ത ബയോമാസ് ജനറേറ്ററുകളെ പൂര്‍ണ്ണമായും ആശ്രയിക്കുകയാണെന്ന് റിഫോം യു കെ എം പി റിച്ചാര്‍ഡ് ടൈസ് ആരോപിച്ചു. ഡീസല്‍ ജനറേറ്ററുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാം എന്നല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിച്ച് വിമാനത്താവളത്തിന് ആവശ്യമായ വൈദ്യുതി പൂര്‍ണ്ണമായും നല്‍കാന്‍ ഇവയ്ക്കാവില്ല. എന്നാല്‍, ഈ ആരോപണത്തോട് ഹീത്രൂ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, വിമാനത്താവളത്തിന് ആവശ്യമായ പവര്‍ ബാക്ക് അപ് ഉണ്ട് എന്നാണ് വിമാനത്താവളത്തിലെ മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടത്. എന്നാല്‍, അടിയന്തിര ഘട്ടങ്ങളില്‍ വിമാനത്താവളം പൂര്‍ണ്ണമായും അത് സജീവമാക്കാന്‍ അല്‍പം സമയമെടുക്കുമെന്നും അവര്‍ പറയുന്നു. ഹീത്രൂ പോലുള്ള ഒരു വിമാനത്താവളത്തിന് സ്വതന്ത്രമായി നില്‍ക്കുന്ന ഒരു ഗ്രിഡ് സംവിധാനം അടിയന്തിര ഘട്ടങ്ങളിലേക്കായി ഇല്ല എന്നത് അദ്ഭുതപ്പെടുത്തുന്നു എന്നാണ് വ്യോമയാന വിദഗ്ധനായ ജൂലിയന്‍ ബ്രേ പറഞ്ഞത്. ഇത് ഹീത്രൂ വിമാനത്താവളത്തിന് പണമില്ലാത്തതുകൊണ്ടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കും

വൈദ്യുതി വിതരണം താത്ക്കാലികമായി ഏറെക്കുറെ പുനസ്ഥാപിക്കാന്‍ ആയതോടെ വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ന് രാത്രിയോടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പഴയ രീതിയിലാക്കാന്‍ കഴിയുമെന്നും വിമാനത്താവളാധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

Tags:    

Similar News