പാതിരാത്രിയിൽ ഭീകരർ ഇരച്ചെത്തി; വീട്ടിൽ അതിക്രമിച്ചു കയറി തുരുതുരാ വെടിവെയ്പ്പ്; നടുക്കും ശബ്ദത്തിൽ ഞെട്ടി ഉണർന്ന് നാട്ടുകാർ; കുപ് വാരയിൽ സാമൂഹ്യപ്രവർത്തകനെ വെടിവച്ചുകൊലപ്പെടുത്തി; എങ്ങും കൂട്ട നിലവിളി; കാരണം വ്യക്തമല്ല; അന്വേഷണം തുടങ്ങി
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം വീണ്ടും അശാന്തം ആയിരിക്കുകയാണ്. ഇപ്പോഴിതാ, ജമ്മുകശ്മീരിലെ കുപ് വാരയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചുകൊന്നു.ഗുലാം റസൂൽ എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയായിരുന്നു ഭീകരർ തുരുതുരാ വെടിവെയ്പ്പ് നടത്തിയത്. ഇന്നലെയാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നുന്നെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. ഇദ്ദേഹത്തെ എന്തിനാണ് വെടിവെച്ചത് എന്നതുള്‍പ്പെടുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ഭീകരർക്കെതിരെ സുരക്ഷാസേന നടപടികള്‍ കടുപ്പിച്ചു. ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അടക്കമുള്ള ഭീകരരുടെ വീടുകൾ തകർത്തു.ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്നുവിട്ടതായി റിപ്പോർട്ടുണ്ട്. ഝലം നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തിയതിനാൽ പാക് അധീന കശ്മീരിലെ ഹത്തിയൻ ബാല ജില്ലയിലുള്ളവർ ആശങ്കയിലാണ്.
പെഹൽഗാം ഭീകരാക്രമണത്തിൽ തെളിവ് ശേഖരണം തുടരുന്നതായി എൻഐഎ വ്യക്തമാക്കി. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കും. അതിനിടെ, മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനം നടത്തി. അറബിക്കടലിലെ നാവികസേനയുടെ കപ്പലുകളിൽ നിന്നാണ് മിസൈൽ പ്രയോഗിച്ചത്. അതേസമയം,സിന്ധു നന്ദീജല കരാർ ഏകപക്ഷീയമായി പിൻവലിക്കാനാവില്ലെന്ന് പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ടും ഭീകരര്‍ക്ക് സഹായം നല്‍കിയും പങ്കാളികളായ പ്രാദേശിക ഭീകരരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തുന്നത് തുടരുന്നു. ഇതുവരെ പത്ത് ഭീകരരുടെ വീടുകളാണ് ജമ്മു കശ്മീരില്‍ തകര്‍ത്തത്. 25 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയേയും അതിക്രൂരമായി വെടിവച്ച് കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പഴുതടച്ച അന്വേഷണവും തിരച്ചിലും തുടരുന്നതിനിടെയാണ് ഭീകരരുടെ വീടുകള്‍ പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പത്ത് ഭീകരവാദികളുടെ വീടുകള്‍ തവിടുപൊടിയാക്കി.
കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി സുരക്ഷാസേന ബോംബിട്ടു തകര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം. ലഷ്‌കറെ തൊയ്ബ ഭീകരനായ ജമീല്‍ അഹമ്മദിന്റെയും ജെയ്‌ഷെ മുഹമ്മദ് അംഗമായ അമീര്‍ നസീറിന്റെയും വീടുകളാണ് സുരക്ഷാസേന തകര്‍ത്തത്. ജമീല്‍ അഹമ്മദ് 2016-മുതല്‍ ഭീകരസംഘടനയില്‍ സജീവ അംഗമായിരുന്നുവെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട്‌ചെയ്തു. പഹല്‍ഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീരില്‍ മറ്റൊരു ഭീകരവാദിയുടെ വീടാണ് സുരക്ഷാ സേന തകര്‍ത്തത്. തകര്‍ത്ത വീടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ള ഭീകരവാദി അമീര്‍ നസീറിന്റെ ത്രാലിലെ വീടും കഴിഞ്ഞ തദിവസം സുരക്ഷാ സേന ബോംബിട്ട് തകര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച പുല്‍വാമ സ്വദേശി അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ക്ക്, ഷോപ്പിയാനിലെ, ലഷ്‌കറെ-തൊയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹമ്മദ് കുട്ടായ്, കുല്‍ഗാം സ്വദേശി സാക്കിര്‍ അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും നേരത്തെ തകര്‍ത്തിരുന്നു. കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച രണ്ടുപേരെ അറസ്റ്റു ചെയ്തു.
പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ലഷ്‌കര്‍ ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കര്‍, സാക്കിര്‍ അഹമ്മദ് ഗാനി, അമീര്‍ഡ അഹമ്മദ് ദാര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടേയും. സഹായം ചെയ്ത പ്രാദേശിക ഭീകരരായ ഷാഹിദ് അഹമ്മദ് കട്ടേയ്, അഹ്‌സന്‍ ഉള്‍ ഹഖ് അമീര്‍ എന്നിവരുടേയും, ജയ്‌ഷെ ഭീകരരായ അമീര്‍ നസീര്‍ വാനി, ജമീല്‍ അഹമ്മദ് ഷേര്‍ ഗോജ്രി, എന്നിവരുടേയും, ടിആര്‍എഫ് ഭീകരരായ അഗ്‌നാന്‍ സാഫി ദാര്‍, ഫറൂഖ് അഹമ്മദ് തെദ്വ എന്നിവരുടേയും വീടുകളാണ് നെടുകെ പിളര്‍ത്തിയത്.
ഭീകരരെ സഹായിക്കുന്നവരുടെ പട്ടിക അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുണ്ട്. കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. അഞ്ച് എകെ 47 ഉള്‍പ്പെടെ വന്‍ ആയുധശേഖരവും സൈന്യം കണ്ടെടുത്തു. ജമ്മു-കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 14 പ്രാദേശികഭീകരരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സികള്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. 20-നും 40-നുമിടയ്ക്ക് പ്രായമുള്ളവരാണിവര്‍. മൂന്നുപേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും എട്ടുപേര്‍ ലഷ്‌കറെ തൊയ്ബയുടെയും മൂന്നുപേര്‍ ജയ്‌ഷെ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ്. പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരവാദികള്‍ക്കാവശ്യമായ പ്രാദേശികസഹായങ്ങളും നല്‍കുന്നത് ഇവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.