ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി; പിന്നാലെ ആനിമോളുടെ നിലവിളി; ശബ്ദം കേട്ട് സുഹൃത്തുക്കള്‍ അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി; കൂട്ടുകാര്‍ കണ്ടത് കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെ; അബിന്‍ ലാലിനെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ

അബിന്‍ ലാലിനെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ

Update: 2025-05-13 14:19 GMT

ദുബായ്: ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആണ്‍ സുഹൃത്ത് അബിന്‍ ലാല്‍ മോഹന്‍ലാല്‍ കുറ്റം സമ്മതിച്ചു. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും.

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിന്‍ ലാലിന്റെ ഫോട്ടോ സുഹൃത്തുക്കള്‍ കൈമാറുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു.

ദുബായ് കരാമയില്‍ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു.

സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിന്‍ലാല്‍ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ദുബായിലെ ഒരു സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്ന ആനി മോളെ ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് അബിന്‍ലാല്‍ തന്നെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. കൊല്ലം കൊട്ടാരക്കരയില്‍ വാടകവീട്ടില്‍ താമസിക്കുന്ന അമ്മ ഗില്‍ഡയുമായി ആനിമോളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബന്ധം വേര്‍പ്പെടുത്തിയതാണ്.

ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിന്‍ലാലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ആനിമോളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നുവെന്നും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പറയുന്നു. ഇതേ തുടര്‍ന്നുള്ള വാക്കു തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ഇന്‍സ്റ്റഗ്രമിലൂടെ പരിചയത്തിലായ ആനിമോളെ യുഎഇയിലെത്തിച്ചത് അബിന്‍ ലാല്‍ ആണെന്ന് സൂഹൃത്തുക്കള്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പ് യുഎഇയിലെത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബൂദബിയില്‍ നിന്ന് ദുബൈയിലെത്തിയിരുന്നു. ഇവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലെത്തി എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.

ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദ അന്വേഷണം തുടരുകയാണെന്നാണ് വിവരം. നടപടികള്‍ പൂര്‍ത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ദുബായ് പൊലീസ് മോര്‍ച്ചറിയിലുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി നേതൃത്വം നല്‍കുന്നു.

Tags:    

Similar News