ഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതം

Update: 2025-07-31 01:34 GMT

മോസ്‌കോ: റഷ്യയുടെ വിദൂര കിഴക്കന്‍ കാംചത്ക ഉപദ്വീപില്‍ ഇന്നലെ പുലര്‍ച്ചെ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ റഷ്യയുടെ ആണവ അന്തര്‍വാഹിനികള്‍ക്ക് എന്തു സംഭവിച്ചുവെന്ന ആശങ്ക ശക്തം. റഷ്യയുടെ പ്രധാന ആണവ അന്തര്‍വാഹിനി താവളങ്ങളുടെ തൊട്ടടുത്തായിരുന്നു ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും ശക്തമായ ആറാമത്തെ ഭൂകമ്പമായി കണക്കാക്കപ്പെടുന്ന ഭൂകമ്പം, ബോറെയ്, ഡെല്‍റ്റ-ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ചില ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെയാണ് ഉണ്ടായത്. 'മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല' എന്ന് റഷ്യന്‍ അധികാരികള്‍ വാദിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന് സംശയങ്ങള്‍ ഏറെയാണ്. റഷ്യയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചു. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ടായിരുന്നു. അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

ജപ്പാനില്‍ രണ്ടിടങ്ങളിലായി തീരത്ത് വലിയ തിരമാലകള്‍ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റഷ്യയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കിന്‍ഡര്‍ ഗാര്‍ഡന്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയെ കാണാതായതായും വിവരമുണ്ട്. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചതായി ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി അറിയിച്ചു. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്ലോവ്സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 2011ലെ ഫുക്കുഷിമ ആണവ ദുരന്തം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, റഷ്യയുടെ കിഴക്കന്‍ തീരത്തുണ്ടായ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പസഫിക് മേഖലയില്‍, പ്രത്യേകിച്ചും ജപ്പാനില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഫുക്കുഷിമ ഡായ്ചി ആണവ നിലയത്തിലെ എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചതായി പ്ലാന്റ് ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. പ്ലാന്റില്‍ അസാധാരണ സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഫുക്കുഷിമയില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചത്, 2011-ലെ ദുരന്തത്തിന്റെ ഭീകരതയുടെ ഓര്‍മ്മകള്‍ വീണ്ടും സജീവമാക്കി. എന്നാല്‍, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സുസജ്ജമായ സംവിധാനങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് റഷ്യയിലെ അന്തര്‍വാഹിനികളുടെ സുരക്ഷ അടക്കം ചര്‍ച്ചയാകുന്നത്.

റഷ്യയിലെ കംചത്ക ഉപദ്വീപിനടുത്ത് നിന്ന് ഉത്ഭവിച്ച ശക്തമായ ഭൂകമ്പമാണ് ജപ്പാന്റെ വടക്കുകിഴക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് ഫുക്കുഷിമ പ്രിഫെക്ചറില്‍, വലിയ ആശങ്കയുണ്ടാക്കിയത്. 2011-ലെ ദുരന്തത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നതിനാല്‍ത്തന്നെ ഈ മേഖലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. 2011 മാര്‍ച്ചില്‍, ജപ്പാനിലെ ഹോന്‍ഷു ദ്വീപിന്റെ വടക്കുകിഴക്കന്‍ മേഖലയായ ടൊഹോക്കുവില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:46-ന് റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഫുക്കുഷിമ ദുരന്തത്തിന് വഴിയൊരുക്കിയത്. ഓഷികയായിരുന്നു പ്രഭവകേന്ദ്രം. ലോകത്തിലെ നാലാമത്തെ വലിയ ഭൂകമ്പമായിരുന്നു അത്. പിന്നാലെ 33 അടി വരെ ഉയരമുള്ള കൂറ്റന്‍ സുനാമി തിരകള്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ തീരത്തേക്ക് ആഞ്ഞടിച്ചു. സെന്‍ഡായി നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാവുകയും വിമാനത്താവളം മുങ്ങുകയും ചെയ്തു. എന്നാല്‍ ഇത്തരം സാഹചര്യമൊന്നും ഇത്തവണ ഉണ്ടായിട്ടില്ല.

റഷ്യയിലെ കിഴക്കന്‍ മേഖലയിലെ കാംചത്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചനത്തെ തുടര്‍ന്ന് ജപ്പാനില്‍ ഏകദേശം 1.9 ദശലക്ഷം ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടു. ഇതില്‍ 10,500 പേര്‍ ഹൊക്കൈഡോയിലാണ്. ഈ ഭാഗങ്ങളില്‍ ആളുകള്‍ മേല്‍ക്കൂരകളിലും മറ്റും കൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള താമസക്കാരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. ജപ്പാനില്‍ ഒമ്പത് അടിവരെ ഉയരത്തിലുള്ള ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു.റഷ്യയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കുറില്‍സ്‌ക് മേഖലയിലാണ് പ്രധാനമായും നിയന്ത്രണം. യു.എസിന് പുറമേ ചൈനയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയുടെ കിഴക്കന്‍ തീരത്ത് 30 സെന്റിമീറ്ററിനും ഒരു മീറ്ററിനും ഇടയില്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്ന് ചൈനയുടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നു.

'ഏറ്റവും പുതിയ മുന്നറിയിപ്പിന്റെയും വിശകലന ഫലങ്ങളുടെയും അടിസ്ഥാനത്തില്‍, ഭൂകമ്പം സുനാമിക്ക് കാരണമായതായി ദേശീയ വിഭവശേഷി മന്ത്രാലയത്തിലെ സുനാമി ഉപദേശക കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ചൈനയുടെ ചില തീരപ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലുണ്ടായത്. മനുഷ്യചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആറാമത്തെ വലിയ ഭൂചലനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശാന്തസമുദ്രത്തില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് - കാംചാറ്റ്സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിക്കുന്നു. റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് കയറുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുണ്ട്.

ജൂലൈ 20ന് റഷ്യയില്‍ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനം ഉണ്ടായിരുന്നു. തുടര്‍ ചലനങ്ങളെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂചലനങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ല്‍ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.

Tags:    

Similar News