ഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയും

പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ

Update: 2025-12-01 17:19 GMT

മോസ്‌കോ: റഷ്യയുടെ നിരന്തരമായ സൈബറാക്രമണവും, അട്ടിമറി നീക്കങ്ങളും ഡ്രോണ്‍ കടന്നുകയറ്റങ്ങളും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാറ്റോ അംഗരാജ്യങ്ങള്‍. ഇതിങ്ങനെ പോയാല്‍ ശരിയാവില്ലെന്ന കണക്കുകൂട്ടലില്‍ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നാറ്റോ. വ്‌ളാഡിമിര്‍ പുട്ടിന്‍ ഭരണകൂടത്തിന്റെ ഭീഷണികളോട് വെറുതെ പ്രതികരിച്ചത് കൊണ്ട് കാര്യമില്ലെന്ന് നാറ്റോയുടെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അഡ്മിറല്‍ ജുസെപ്പെ കാവോ ഡ്രാഗോണ്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.

സഖ്യത്തിന്റെ ഈ നീക്കം റഷ്യയുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഭാവി ആക്രമണങ്ങള്‍ തടയാന്‍ ആദ്യം അങ്ങോട്ട് കയറി പ്രഹരിക്കുന്നതിനെക്കുറിച്ച് (Pre-emptive Strike) ആലോചിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മര്യാദ കൊണ്ട് കാര്യമില്ല

കടുത്ത സൈബര്‍ ഓപ്പറേഷനുകളോ നേരിട്ടുള്ള ഏറ്റുമുട്ടലോ ഒഴിവാക്കുകയാണ് നാറ്റോയുടെ പതിവ്. എന്നാല്‍ ഈ രീതി പൊളിച്ചെഴുതാന്‍ സമയമായെന്ന് അഡ്മിറല്‍ ഡ്രാഗോണ്‍ സൂചന നല്‍കി. 'ഞങ്ങള്‍ എല്ലാം പഠിക്കുകയാണ്... സൈബര്‍ കാര്യങ്ങളില്‍ നമ്മള്‍ പ്രതികരിക്കുന്നവരാണ്. പ്രതികരിക്കുന്നതിന് പകരം കൂടുതല്‍ ആക്രമണോത്സുകരാകുക (Being more aggressive) എന്നത് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്.'-ഡ്രാഗോണ്‍ പറഞ്ഞു.

ഒരു 'മുന്‍കൂര്‍ ആക്രമണം' (Pre-emptive Strike) പോലും 'പ്രതിരോധ നടപടി'യായി കണക്കാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എതിരാളിയുടെ ആക്രമണോത്സുകതയോട് താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ആക്രമണോത്സുകരാകുന്നത് ഒരുമാര്‍ഗ്ഗമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായ ചട്ടക്കൂട്, അധികാരപരിധി, ഇത് ആര് ചെയ്യും എന്നതൊക്കെയാണ് ചോദ്യങ്ങള്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്‌കോയുടെ രൂക്ഷ പ്രതികരണം

ഡ്രാഗോണിന്റെ പ്രസ്താവനയോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചു. 'റഷ്യക്കെതിരെ കടന്നുകയറി ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ജുസെപ്പെ കാവോ ഡ്രാഗോണിന്റെ പ്രസ്താവന, നാറ്റോ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്ന അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയായി ഞങ്ങള്‍ കാണുന്നു,' റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ അതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും (സഖ്യരാജ്യങ്ങള്‍ ഉള്‍പ്പെടെ) സഖറോവ മുന്നറിയിപ്പ് നല്‍കി.

പോളണ്ടിലും റൊമാനിയയിലും ഡ്രോണ്‍ അട്ടിമറി

സമീപ മാസങ്ങളിലായി കിഴക്കന്‍ യൂറോപ്പില്‍ റഷ്യന്‍ ഇടപെടല്‍ വര്‍ധിച്ചിട്ടുണ്ട്. പോളണ്ടില്‍ വാര്‍സോയെ തെക്കുകിഴക്കന്‍ പോളണ്ടുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വേ ലൈനില്‍ സ്‌ഫോടനമുണ്ടായി. ഇത് അഭൂതപൂര്‍വമായ അട്ടിമറി പ്രവര്‍ത്തനമാണെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് വിശേഷിപ്പിച്ചു.

യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന റൊമാനിയയില്‍ ഡ്രോണ്‍ അതിക്രമിച്ചുകടന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. റൊമാനിയയും അയല്‍രാജ്യമായ മോള്‍ഡോവയും റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതായി പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാള്‍ട്ടിക് കടലിലെ നിര്‍ണായകമായ അന്തര്‍വാഹിനി കേബിളുകള്‍ മുറിച്ചുമാറ്റിയ കേസില്‍ റഷ്യന്‍ ബന്ധമുള്ള കപ്പല്‍ ജീവനക്കാര്‍ അന്താരാഷ്ട്ര കപ്പല്‍പ്പാതയിലായതിനാല്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടതും നാറ്റോയ്ക്ക് വെല്ലുവിളിയാണ്.

നിയമപരവും ധാര്‍മ്മികവുമായ പരിമിതികള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയേക്കാള്‍ കൂടുതല്‍ വെല്ലുവിളിയാകുന്നുണ്ടെന്ന് അഡ്മിറല്‍ ഡ്രാഗോണ്‍ സമ്മതിച്ചു. എങ്കിലും, പുടിന്റെ ഹൈബ്രിഡ് യുദ്ധത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ നിലപാട് അനിവാര്യമാണെന്ന കാഴ്ചപ്പാടിലാണ് നാറ്റോ.

Tags:    

Similar News