തെളിവെടുപ്പിലും കുലുക്കമില്ലാതെ രാഹുല്‍; മുഖത്ത് ആത്മവിശ്വാസം; പോലീസിനോട് നിസ്സഹകരണം; ആ കാനഡക്കാരിയെ പീഡിച്ചത് തിരുവല്ലയിലെ 'ക്ലബ് സെവന്‍' ഹോട്ടലില്‍; ഫോണും ലാപ്‌ടോപ്പും പരിശോധിക്കുന്നത് കോണ്‍ഗ്രസ് ഉന്നതരെ കുടുക്കാന്‍; നിര്‍ണ്ണായക ചാറ്റുകള്‍ക്ക് വീണ്ടെടുക്കാന്‍ പോലീസ്
പത്തനംതിട്ട: ബലാത്സംഗക്കേസ് പോലെ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ടിട്ടും, പോലീസ് കസ്റ്റഡിയിലായിട്ടും തരിമ്പും കൂസലില്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മുഖത്ത് അല്പം പോലും ആശങ്കയില്ലാതെ, 'ഇതൊന്നും തന്നെ ബാധിക്കില്ല' എന്ന ശരീരഭാഷയോടെയാണ് രാഹുല്‍ പോലീസിന്റെ തെളിവെടുപ്പിനോട് പ്രതികരിക്കുന്നത്. ചോദ്യങ്ങള്‍ക്കും നടപടികള്‍ക്കും മുന്നില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ, എന്നാല്‍ അന്വേഷണസംഘത്തിന് പിടിനല്‍കാത്ത തന്ത്രമാണ് രാഹുല്‍ പയറ്റുന്നത്. രാഹുലിന്റെ സ്വകാര്യ ഫോണും കാണാതായ ലാപ്‌ടോപ്പും കണ്ടെടുക്കാനുള്ള പോലീസിന്റെ അത്യാവേശം കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ കുടുക്കാനുള്ള തന്ത്രമാണെന്ന സംശയം ബലപ്പെടുന്നു. ആരെല്ലാമാണ് രാഹുലിന്റെ സുഹൃത്തുക്കള്‍ എന്ന് മനസ്സിലാക്കാനാണ് നീക്കം.
ഇന്ന് പുലര്‍ച്ചെ 5.30-ഓടെ പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ നിന്ന് പുറപ്പെട്ട പോലീസ് സംഘം രാഹുലിനെ തിരുവല്ലയിലെ 'ക്ലബ് സെവന്‍' ഹോട്ടലിലാണ് ആദ്യം എത്തിച്ചത്. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും രാഹുലിന്റെ മുഖത്ത് അതിന്റെ യാതൊരുവിധ അസ്വസ്ഥതകളും പ്രകടമായിരുന്നില്ല. തികച്ചും സ്വാഭാവികമായ ഭാവത്തോടെയാണ് അദ്ദേഹം ഹോട്ടലിലേക്ക് പോലീസിനൊപ്പം കയറിയത്. കേസ് തന്നെ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാലാകാം, 'ഒന്നും സംഭവിക്കില്ല' എന്ന ഉറച്ച ഭാവം അദ്ദേഹത്തില്‍ ഉടനീളം കാണാമായിരുന്നു.
പുറമേ ശാന്തനാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോട് കടുത്ത നിസ്സഹകരണമാണ് രാഹുല്‍ പുലര്‍ത്തുന്നതെന്നാണ് വിവരം. ഈ നിസ്സഹകരണവും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ ലോക്ക് കോഡ് നല്‍കാന്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. പോലീസിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളെ അദ്ദേഹം നിസ്സാരമായി തള്ളിക്കളയുകയാണ്. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന ലാപ്‌ടോപ്പ് എവിടെയാണെന്ന ചോദ്യത്തിനും രാഹുല്‍ മൗനം പാലിക്കുകയോ വ്യക്തമായ മറുപടി നല്‍കാതിരിക്കുകയോ ചെയ്യുന്നു. ഇത് വീട്ടിലുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ അടൂര്‍ മുണ്ടപ്പള്ളിയിലെ വീട്ടിലേക്ക് തെളിവെടുപ്പിന് നീങ്ങുന്നത്.
രാഹുലിന്റെ ഈ 'കൂള്‍' മനോഭാവം അറസ്റ്റ് സമയത്തും പ്രകടമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് മെമ്മോയില്‍ പോലും ഒപ്പിടാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. താന്‍ നിയമനടപടികള്‍ക്ക് വഴങ്ങില്ലെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നല്‍കിയതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. സമ്മര്‍ദ്ദത്തില്‍ പോലീസ് വ്യാഴാഴ്ച ഉച്ചവരെ മാത്രമാണ് രാഹുലിനെ കസ്റ്റഡിയില്‍ കിട്ടിയിരിക്കുന്നത്. ഇതിനുള്ളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിന് വെല്ലുവിളിയാണ്. എന്നാല്‍ രാഹുലിന്റെ ഈ 'വിട്ടുകൊടുക്കാത്ത' പ്രകൃതം അന്വേഷണത്തെ സാങ്കേതികമായി തടസ്സപ്പെടുത്തുന്നുണ്ട്. താമസിച്ചിരുന്ന മറ്റൊരു വസതിയില്‍ നിന്ന് ലഭിച്ച ഫോണില്‍ രാഷ്ട്രീയക്കാരുമായുള്ള ചിത്രങ്ങള്‍ മാത്രമേയുള്ളൂ എന്നതും പോലീസിന് തിരിച്ചടിയാണ്.
കാനഡയില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയില്‍ ശനിയാഴ്ച രാത്രിയാണ് നാടകീയമായി രാഹുലിനെ പാലക്കാട്ടുനിന്ന് പിടികൂടിയത്. 16-ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, വരും മണിക്കൂറുകളിലെ തെളിവെടുപ്പിലും രാഹുല്‍ ഇതേ 'കൂള്‍' സമീപനം തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
