ഡ്യൂട്ടി ചെയ്യണം അടിയും വാങ്ങണം, പ്രതിയും ആവണം? ഇതെന്ത് ന്യായം, ഇതെന്ത് നീതി? ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസെടുത്തതില്‍ പൊലീസ് സേനയില്‍ അമര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കമ്മീഷണറെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് പൊലീസ് അസോസിയേഷന്‍

Update: 2026-02-15 07:13 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തില്‍ പൊലീസ് സേനയില്‍ പ്രതിഷേധം കടുക്കുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇങ്ങോട്ട് ആക്രമിച്ചിട്ടും പൊലീസുകാരനും സഹോദരിയും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാന്‍ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ് ഐ ആറിലുണ്ട്. അതേസമയം പുറത്ത് വന്ന വീഡിയോകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസില്‍ മെല്ലെ പൊക്ക് ആണെന്നും പൊലീസികാരനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിടികൂടാത്തിലും സേനയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പൊലീസ് അസോസിയേഷന്‍ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ സിറ്റി പൊലീസ് കമീക്ഷണര്‍ക്ക് എതിരെ ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. ഷോപ്പിംഗ് മാളില്‍ എസ്എഫ്‌ഐക്കാര്‍ പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ ഇതുവരെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടര്‍നടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂര്‍ പൊലീസ് പറയുന്നത്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കേരള പോലീസ് അസോസിയേഷന്‍ രംഗത്ത് വന്നു. ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാമെന്ന് കേരള പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി.. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ ഗുരുതര പരിക്കേറ്റ പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലിരിക്കെ, അവന്റെ ഒരു കണ്ണേ പോയുള്ളു എന്ന തരത്തില്‍, പരസ്യമായി ആക്ഷേപിച്ചുമൊക്കെ രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ച തന്നെയാണ് തിരുവനന്തപുരത്തും അരങ്ങേറിയത്.

ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിന് വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. കൂടാതെ ഇന്നലെ നടന്ന സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിയമപാലനം നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥന് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും സ്വീകരിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു

അതേ സമയം പൊലീസ് സേനയുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതെന്ത് ന്യായം ഇതെന്ത് നീതി Duty യും ചെയ്യണം *അടിയും വാങ്ങണം പ്രതിയും ആവണം. കുടുംബത്തോടൊപ്പം മാളില്‍ വന്ന തിരുവനതപുരം AR camp ലെ മിഥുനെന്ന പോലീസുകാരനെ SFI ഗുണ്ടകള്‍ തല്ലി.കാരണം മേലധികാരികളുടെ നിര്‍ദ്ദേശപ്രകാരം കുറച്ച് കാലം മുന്നെ ചെയ്ത Duty യോടുള്ള വൈരാഗ്യം, അതിനു ശേഷം ഈ പോലീസുകാരന്‍ എവിടെ പോയാലും പുറകെ നടന്ന് കേട്ടാല്‍ അറക്കുന്ന അമ്മയെ കൂട്ടി ചേര്‍ത്ത് ചീത്തയും അടിക്കാനായി വട്ടം കൂടലും ആയിരുന്നു. ഇന്ന്‌സഹോദരിയോടൊപ്പം MOT യില്‍ പോയപ്പോള്‍ മാറി നടക്കാന്‍ ശ്രമിച്ചിട്ടും വിടാതെ പുറകെ നടന്ന് ചീത്തവിളിക്കുകയും അടിക്കുകയും ചെയ്തു. എല്ലാ ദൃശ്യങ്ങളും വ്യക്തമായി ഉണ്ടായിട്ടും പാര്‍ട്ടിക്കാര്‍ പറഞ്ഞതനുസരിച്ച് പോലീസുകാരനെ പ്രതിയാക്കി കേസെടുക്കുന്നു. ഇതെന്ത് ന്യായം ഇതെന്ത് നീതി . പോലീസുകാര്‍ Duty ചെയ്യണ്ടെ ഇങ്ങനെ ആണേല്‍ എങ്ങനെ.... പോലീസ് സംഘടന അറിഞ്ഞോ? കേരളത്തില്‍ പോലീസിന്റെ രക്ഷക്ക് പട്ടാളത്തെ ഇറക്കേണ്ടി വരുമോ?ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.....

പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാരനെയാണ് ഷോപ്പിംഗ് മാളില്‍ വച്ച് ആസൂത്രിതമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാര്‍ ലാത്തിവീശി. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തുച്ഛമായ കൂലിയ്ക്ക് വോളന്റിയര്‍മാരായി നില്ക്കാന്‍ പോയ നിരപരാധികളായ വിദ്യാര്‍ത്ഥികളെ ആണ് പൊലീസ് തല്ലിയതെന്ന് അന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. അകാരണമായി മര്‍ദ്ദിച്ച പൊലീസുകാരെ 'കണ്ടോളാമെന്ന്' അന്നുതന്നെ എസ്എഫ്‌ഐ ഭീഷണി മുഴക്കിയിരുന്നു.

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മിഥുന്‍ റോയിക്കാണ് മര്‍ദനമേറ്റത്. എസ്.എഫ്.ഐക്കാര്‍ നല്‍കിയ കേസില്‍ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സഹോദരിക്കും എതിരെ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ മാളിലായിരുന്നു സംഭവം. പുതുവത്സര രാത്രിയില്‍ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. ശംഖുംമുഖം അസി. കമീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി.

അന്ന് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ എസ്.എഫ്.ഐക്കാര്‍ നല്‍കിയ പരാതിയില്‍ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്. ഇതിനിടെയാണ് ശനിയാഴ്ച പൊലീസുകാരനായ മിഥുന്‍ റോയ് തലസ്ഥാനത്തെ ഷോപ്പിങ് മാളില്‍ എത്തുന്നതും എസ്.എഫ്.ഐക്കാര്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതും. മാളിലെ മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊലീസുകാരന്‍ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയാറായില്ല. പിന്നീട് സമ്മര്‍ദം വന്നതോടെയാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതി വിനായക് പിന്നാലെ നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. എസ്.എഫ്.ഐക്കാരെ മിഥുന്‍ റോയ് ആയുധം കൊണ്ട് ആക്രമിച്ചെന്ന് കാണിച്ചാണ് എസ്.എഫ്.ഐക്കാരുടെ പരാതി.

Tags:    

Similar News