കേരളത്തില്‍ ഷൂട്ടിംഗുള്ളപ്പോള്‍ ദുബായില്‍ പീഡനം! വ്യാജ ഒപ്പിട്ട് കോടതിയെ തെറ്റിധരിപ്പിച്ച് സാമ്പത്തിക കുറ്റകൃത്യത്തില്‍ 'ഒറ്റയ്ക്ക് വഴി വെട്ടിവന്നവനെ' കുടുക്കാന്‍ ശ്രമം; ആ വ്യാജ ഒപ്പ് നിതിന്യായ പീഠത്തിനും പ്രാഥമികമായി ബോധ്യപ്പെട്ടു; ഷംനാസിനെതിരെ കേസ് കൂടുതല്‍ കടുക്കും; വാദി പ്രതിയായി! ആക്ഷന്‍ ഹീറോ ബിജു മുമ്പോട്ട് തന്നെ
കൊച്ചി: നിവിന്‍ പോളിക്കെതിരായ സ്ത്രീ പീഡന കേസ് എല്ലാ അര്‍ത്ഥത്തിലും കോടതിയില്‍ പൊളിഞ്ഞിരുന്നു. ഇപ്പോഴിതാ നിവിന്‍പോളിക്കെതിരായ സാമ്പത്തിക കുറ്റകൃത്യക്കേസിലും കോടതി നിരീക്ഷണ ആ വഴിക്ക്. സ്വന്തമായി വഴിവെട്ടി വന്നവന്‍ എന്ന ടാഗ് ലൈനുള്ള നടന്‍ വീണ്ടും ഒരു കുടുക്കില്‍ നിന്നും രക്ഷപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇതിന്റെ സൂചനകള്‍ പുറത്തു വന്നു. എറണാകുളത്തെ പോലീസ് നിവിന്‍ പോളിയുടെ പരാതിയില്‍ കേസുമെടുത്തു. ഇപ്പോള്‍ കോടതിയിലും സത്യം തെളിയുകയാണെന്ന സൂചനകള്‍ സജീവമായ ചര്‍ച്ചകളിലേക്ക് എത്തുന്നു. 'ആക്ഷന്‍ ഹീറോ ബിജു 2'മായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ ഏബ്രിഡ് ഷൈനിനുമെതിരെ 1.90 കോടി രൂപയുടെ വഞ്ചനാകുറ്റത്തിനു പരാതി നല്‍കിയ തലയോലപ്പറമ്പ് സ്വദേശി പി.എസ്.ഷംനാസിനെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം രേഖകള്‍ ഹാജരാക്കിയെന്ന് വ്യക്തമാക്കിയാണ് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. അടുത്ത മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ഷംനാസിന്റെ പരാതിയില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ കുറ്റത്തിനു കേസെടുത്തിരുന്നു. കോടതിയുടെ പുതിയ തീരുമാനത്തോടെ വാദി, പ്രതിയാകാനുള്ള സാധ്യത കൂടുകയാണ്.
ഷംനാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ള തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതു മൂലമാണ് ഒരു സിവില്‍ കേസായി കണക്കാക്കേണ്ടിയിരുന്ന കേസിനെ ക്രിമിനല്‍ കേസായി കണക്കാക്കി നിവിന്‍ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഷംനാസിനെതിരെ ബിഎന്‍എസ് 227 അനുസരിച്ച് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ താനും ഏബ്രിഡ് ഷൈനും ഷംനാസും ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ കമ്പനിയായ പോളി ജൂനിയറിനാണെന്ന് നിവിന്‍ പോളി പറയുന്നു. എന്നാല്‍ ഇക്കാര്യം മറച്ചു വച്ച് ഫിലിം ചേംബറില്‍നിന്നു ചിത്രത്തിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി ഫിലിം ചേംബറില്‍നിന്നു രേഖ കരസ്ഥമാക്കുകയും ചെയ്തു. ഇത് ഹാജരാക്കിയാണ് സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് സത്യവാങ്മൂലം നല്‍കിയത് എന്നാണ് നിവിന്‍ പോളി പറയുന്നത്. നിവിന്‍ പോളി ഹാജരാക്കിയ രേഖകള്‍ അതേ കോടതി തന്നെ പരിശോധിച്ചു. തുടര്‍ന്നാണ് തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. തന്റെ വ്യാജ ഒപ്പിട്ട് ചേംബറില്‍ നിന്ന് സിനിമയുടെ അവകാശം സ്വന്തമാക്കിയെന്ന് കാട്ടി നിവിന്‍ പോളി നല്‍കിയ കേസില്‍ ഷംനാസിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ നിവിന്റെ അവകാശവാദങ്ങള്‍ ശരിയല്ലെന്നായിരുന്നു ഷംനാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെയാണ് കോടതിയില്‍നിന്ന് അന്വേഷണത്തിനുള്ള ഉത്തരവ്. ഇത് കേസിനെ എല്ലാ അര്‍ത്ഥത്തിലും പുതിയ തലത്തിലേക്ക് കൊണ്ടു പോകും. നിവിന്‍ പോളിക്കെതിരായ സ്ത്രീ പീഡന പരാതിയും സമാന സ്വഭാവത്തിലുള്ളതായിരുന്നു. ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ദുബായില്‍ പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിന്‍ പോളി കൊച്ചിയില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു. ഇത് പോലീസും തിരിച്ചറിഞ്ഞു. ഇതോടെ ആ കേസ് ആവിയായി. അതിന് പിന്നാലെയാണ് സാമ്പത്തിക കുറ്റകൃത്യത്തിന്റെ ആരോപണം എത്തിയത്.
ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചു വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും. പൊലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ഈ ചിത്രത്തിന്റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ചു ഷംനാസ് നല്‍കിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് പൊളിയുന്നത്. വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഈ പരാതി നല്‍കിയതെന്ന് മനസിലായതോടെ ആ കേസ് റദ്ദാക്കപ്പെട്ടേക്കും. കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ഭീഷണിപ്പെടുത്തി തന്റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി ആരോപണം ഉയരുന്നു. വ്യാജരേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അങ്ങനെ ഈ കേസിലും വാദി പ്രതിയാവുകയാണ്.
നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് പി എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് ആദ്യം കേസ് എടുത്തത്. 'ആക്ഷന്‍ ഹീറോ ബിജു 2' സിനിമയുടെ നിര്‍മാണത്തിന്റെ പേരില്‍ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലായിരുന്നു ഈ നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ 'ആക്ഷന്‍ ഹീറോ ബിജു 2'യുടെ മുന്നോട്ട് പോക്കും പ്രതിസന്ധിയിലായി. തന്റെ ബാനറിനാണ് ഈ സിനിമയുടെ അവകാശമെന്നാണ് ഷംനാസ് പരാതിയില്‍ ആരോപിച്ചത്. പോലീസ് സ്റ്റോറിയാണ് ആക്ഷന്‍ ഹീറോ ബിജു 2. എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു സൂപ്പര്‍ ഹിറ്റായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചത്. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്നു 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മാണ പങ്കാളിയാക്കാമെന്നും നിവിന്‍പോളി വാക്കുനല്‍കിയെന്ന് പരാതിയില്‍ പറയുന്നു. 2024 ഏപ്രിലില്‍ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റില്‍ എബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാല്‍ ഇതിനുശേഷം സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറ്റൊരു കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് 5 കോടിയുടെ ഓവര്‍സീസ് വിതരണാവകാശം ഉറപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ കോടതി നിരീക്ഷണങ്ങള്‍ നല്‍കുന്ന സൂചന.
മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് ലക്ഷ്യമിട്ടാണ് എബ്രിഡ് ഷൈനും നിവിന്‍ പോളിയും 'ആക്ഷന്‍ ഹീറോ ബിജു 2' എന്ന ചിത്രവുമായി എത്തിയത്. രണ്ടു കൂട്ടര്‍ക്കും വലിയൊരു സൂപ്പര്‍ ഹിറ്റ് അനിവാര്യതയായിരുന്നു. ഈ സാഹചര്യത്തില്‍ ഈ സിനിമയുടെ പേരിലെ കേസ് നടനും സംവിധായകനും വലിയ തിരിച്ചടിയായി മാറുമെന്ന വിലയിരുത്തലെത്തി. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ സബ് ഇന്‍സ്പെക്ടര്‍ ബിജുവെന്ന കഥാപാത്രം. 'ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍' എന്നാണ് നിവിന്‍ പോളിയെ മലയാള സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. ഇതിനിടെ ഒരു പീഡന പരാതിയും നിവിന്‍ പോളിക്കെതിരെ ഉയര്‍ന്നു. എന്നാല്‍ ഈ കേസ് തീര്‍ത്തും വ്യാജമായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. വീണ്ടും സിനിമയില്‍ നിവിന്‍ പോളി നിറഞ്ഞു. ഇതിനിടെയാണ് വമ്പന്‍ ഹിറ്റ് ലക്ഷ്യവുമായി പോലീസ് സ്റ്റോറിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും സജീവമായത്. അത് വലിയ കുരുക്കായി മാറില്ലെന്നാണ് കോടതി പരാമര്‍ശങ്ങളിലൂടെ വ്യക്തമാകുന്നത്.
നിവിന്‍ പോളിക്കെതിരായ എഫ് ഐ ആറിലെ പരാമര്‍ശങ്ങള്‍ ചുവടെ
മഹാവീര്യര്‍ എന്ന സിനിമയുടെ സഹ നിര്‍മ്മതാവാണ് പരാതിക്കാരന്‍. ഈ സിനിമ സാമ്പത്തികമായി തകര്‍ന്നു. അന്ന് 95ലക്ഷം രൂപ നല്‍കാമെന്ന് വാക്ക് നല്‍കി. അതിന് ശേഷം ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ നിര്‍മ്മാണ പങ്കാളിയാക്കാമെന്നും പറഞ്ഞു. ഇതിന് വേണ്ടി 2024 ഏപ്രിലില്‍ 1.90 കോടി രൂപ ചെലവാക്കി. ഇതിന് ശേഷം ഈ സിനിമയുടെ ബാനര് എബ്രിഡ് ഷൈന്‍ പ്രൊഡക്ഷനില്‍ നിന്നും പരാതിക്കാരന്റെ ഇന്ത്യന്‍ മൂവി മേക്കേഴ്സിലേക്ക് മാറ്റാനും ധാരണയായി. ഇതിനായി കേരളാ ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സില്‍ കത്തും നല്‍കി. അതിന് ശേഷം ബജറ്റുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതോടെ പരാതിക്കാരനെ നിര്‍മ്മാണത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് ആരോപണം. ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയാണ് ഇതെന്ന കാര്യം മറച്ചു വച്ച് ദുബായിലെ ഹോം സ്‌ക്രീന്‍ മോഷന്‍ പിക്ചേഴ്സ് എല്‍ എല്‍ സി എന്ന പ്രൊഡക്ഷന്‍ കമ്പനിയെ കൊണ്ടു വന്നു. ചെന്നൈയില്‍ ഓഫീസുള്ള ദുബായ് കമ്പനിയുമായി കരാര്‍ ഉറപ്പിച്ച് അഞ്ചു കോടി വാങ്ങി. ഓവര്‍സീസ് വിതരണാവകാശവും ഉറപ്പിച്ചായിരുന്നു ഈ തുക വാങ്ങിയത്. ഇതില്‍ രണ്ട് കോടി അജ്വാന്‍സായും വാങ്ങി. നിവിന്‍ പോളിയുടെ ബാനറായ പോളി ജൂനിയേഴ്സ് എന്ന സ്ഥാപനത്തിന് റൈറ്റുണ്ടെന്ന് വരുത്തിയായിരുന്നു ഇടപാട്.
ഇതിലൂടെ തനിക്ക് 1.9 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. പി എസ് ഷംനാസാണ് പരാതിക്കാരന്‍. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തതെന്ന് എഫ് ഐ ആറില്‍ വ്യക്തമാണ്. 2024 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയാണ് തട്ടിപ്പ് കാലമായി എഫ് ഐ ആറില്‍ കാട്ടിയിരിക്കുന്നത്.