മാനുവിനെ കാട്ടാന തുമ്പികൈയ്ക്ക് പൊക്കിയെടുക്കുന്നത് ബന്ധു നേരിട്ടു കണ്ടു; ഫോണില്ലാത്തതു കൊണ്ട് രാത്രി ആരേയും ഒന്നും അറിയിക്കാനായില്ല; വീട്ടിന് മുന്നിലെ കൊമ്പനെ ഭയന്ന് അവര്‍ ആ രാത്രി വീട്ടിനുള്ളില്‍ കഴിഞ്ഞു; നൂല്‍പ്പുഴ കാപ്പാട് ഉന്നതിയില്‍ ആന പേടി രൂക്ഷം; എല്ലാവരേയും മാറ്റി പാര്‍പ്പിക്കും; വയനാട്ടില്‍ വന്യജീവി ഭീതി തുടരുമ്പോള്‍

Update: 2025-02-12 02:05 GMT

സുല്‍ത്താന്‍ബത്തേരി : നൂല്‍പ്പുഴ കാപ്പാട് ഉന്നതിയില്‍ മൂന്നുവീടുകളിലായി താമസിക്കുന്ന ആറ്് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ഇവര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെട്ടവരല്ല. സുരക്ഷിതമായ സ്ഥലം കണ്ടെത്തി ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് നല്‍കി നടപടിയുണ്ടാക്കാനാണ് വനംവകുപ്പ് നീക്കം.

നൂല്‍പ്പുഴ കാപ്പാട് ആദിവാസിയായ മാനുവിനെ കാട്ടാന ചവിട്ടിക്കൊന്ന സാഹചര്യത്തിലാണ് ഇത്. വീട്ടുസാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ ആയിരുന്നു ആക്രമണം. മാനുവിനെ കാട്ടാന ആക്രമിക്കുന്നത് ബന്ധുവായ സത്യഭാമ കണ്ടെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രാത്രി സത്യഭാമ വീടിന് സമീപത്തു നിന്ന് അരി കഴുകുമ്പോഴാണ് കാട്ടാന മാനുവിനെ ആക്രമിക്കുന്നത് കണ്ടത്. മാനുവിന്റെ കുട്ടികള്‍ സത്യഭാമയുടെ വീട്ടിലായിരുന്നു. കുട്ടികള്‍ക്കുള്ള ബിസ്‌കറ്റുമായി വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സത്യഭാമയുടെ കയ്യില്‍ ഫോണും ഇല്ല. കാട്ടാനകള്‍ ഈ പരിസരത്തു തന്നെ നിലയുറപ്പിച്ചതിനാല്‍ പുറത്തിറങ്ങാനും സാധിച്ചില്ല. കുട്ടികളോടൊപ്പം രാത്രിയില്‍ വീട്ടില്‍ പേടിച്ച് കഴിഞ്ഞു. നേരം വെളുത്ത ശേഷമാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. അപ്പോഴേക്കും മാനുവിന്റെ ജീവന്‍ പോയിരുന്നു.

നൂല്‍പ്പുഴ കാപ്പാട് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്. വൈകിട്ട് അഞ്ചുമണിയാകുമ്പോഴേക്കും ഉന്നതിയിലെ വീടുകള്‍ക്ക് സമീപം കാട്ടാന എത്തും. പിന്നീടു ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കില്ല. രാവിലെയും വൈകിട്ടും ഭയന്നാണ് വനത്തിന് സമീപത്തുകൂടെയുള്ള വഴിയിലൂടെയുള്ള യാത്രകള്‍്. വേലിയും ട്രഞ്ചും ഇല്ലാത്തതും പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിലാണ് ഇവിടെയുള്ളവരെ മാറ്റാനുള്ള തീരുമാനം. മാനുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. ഇതിന്റെ ആദ്യ ഘടുവായ 5 ലക്ഷം ഇന്നു തന്നെ കൈമാറും. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും (എഫ്ആര്‍എഫ്) തൃണമൂല്‍ കോണ്‍ഗ്രസും വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യില്ലെന്നും പൊതുജനം മനസാക്ഷിക്കനുസരിച്ച് ഹര്‍ത്താലിനോട് സഹകരിക്കണമെന്നും എഫ്ആര്‍എഫ് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ വലിയ വിജയമാണെന്നതാണ് വസ്തുത.

10 വര്‍ഷത്തിനിടെ വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22 പേരാണ്. 2014 മുതല്‍ 2024 വരെയുള്ള കണക്ക് പ്രകാരമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ 58 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. വയനാട് നോര്‍ത്ത്, സൗത്ത് ഡിവിഷനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടിയാകുമ്പോള്‍ വയനാട് ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടും. 2025ല്‍ വയനാട്ടില്‍ ഇതുവരെ മൂന്നു പേരാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടുപേരെ കാട്ടാനയും ഒരാളെ കടുവയുമാണ് കൊന്നത്. ഈ സാഹചര്യവും പ്രതിഷേധം ആളിക്കത്തിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസില്‍വെച്ച് മാനുവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറും. ബാക്കി തുക നിയമപരമായ രേഖകള്‍ ലഭിച്ചശേഷം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

പുതുശ്ശേരിവരെയുള്ള ഫെന്‍സിങ് ഒന്നരക്കിലോമീറ്റര്‍കൂടി നീട്ടിസ്ഥാപിക്കും. പ്രദേശത്ത് നിലവില്‍ പലയിടത്തും തകര്‍ന്നുകിടക്കുന്ന രണ്ടുകിലോമീറ്ററോളം ട്രഞ്ച് ഉടന്‍ നന്നാക്കും. പഞ്ചായത്ത് ജനജാഗ്രതാസമിതിയുടെ യോഗം ചേരാനും അതില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പങ്കെടുക്കാനും തീരുമാനിച്ചതായി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മാനുവിന്റെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് നൂല്‍പ്പുഴയിലുണ്ടായത്. രാവിലെ എട്ടോടെ നൂല്‍പ്പുഴ പോലീസ് കാപ്പാട് വയലില്‍ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഫെന്‍സിങ് മതിലടക്കമുള്ള സുരക്ഷയൊരുക്കണമെന്നുമായിരുന്നു ആവശ്യം.

മാനുവിന്റെ ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമായി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ചര്‍ച്ച നടത്തി. പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതില്‍ അഞ്ചുലക്ഷം ചൊവ്വാഴ്ചതന്നെ കൈമാറാനും സമ്മതിച്ചു. ഇതോടെ 11.45-ഓടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആംബുലന്‍സില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാനു ഒറ്റയ്ക്കായിരുന്നു ബന്ധു വീട്ടിലേക്ക് വന്നത്. ഭാര്യ ചന്ദ്രിക ഒപ്പമുണ്ടായിരുന്നില്ല. മാനുവിന്റെ മൃതദേഹത്തിന്റെ അടുത്ത ഷാള്‍ കണ്ടത് പലവിധ സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട് ഭാര്യ ഇല്ലെന്നും തിരിച്ചറിഞ്ഞു.

Tags:    

Similar News