'ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍'; ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി; ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പാര്‍ലമെന്റില്‍ നാളെ ചര്‍ച്ച; 16 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുക്കും
'ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍';
ന്യൂഡല്‍ഹി: പാക്കിസ്ഥാനെ ഞെട്ടിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യവിഷമാകും. ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി തീരുമാനിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍, മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയ രാജ്യത്തിനു അഭിമാനം പകര്‍ന്ന നിമിഷങ്ങലാണ് എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ പാഠ്യപദ്ധതിയുടെ രണ്ടു മൊഡ്യൂളുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും.
''ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്''. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ ഇന്നലെ അറിയിച്ചു. വര്‍ഷം മുഴുവന്‍ 24 മണിക്കൂറും സേന സര്‍വസന്നാഹത്തോടെയാണ് നിലകൊള്ളുന്നതെന്ന് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കവേ ജനറല്‍ ചൗഹാന്‍ വ്യക്തമാക്കി.
യുദ്ധത്തിലും അറിവിലും സൈന്യത്തിന് ഒരുപോലെ പ്രാവീണ്യം വേണം. യുദ്ധത്തിന് മൂന്ന് തലങ്ങളാണ്: അടവുകള്‍, പ്രവൃത്തി, എല്ലാ മേഖലയിലുമുള്ള തന്ത്രപരമായ ആധിപത്യമുറപ്പാക്കല്‍. യോദ്ധാവിന് ഈ മൂന്ന് തലങ്ങളിലും പ്രാവീണ്യമുണ്ടാകണം. അടിക്കടിയുള്ള സാങ്കേതികവിദ്യാ പ്രവാഹത്താല്‍ എല്ലായിടത്തും അസാധാരണവേഗമാണ്. യുദ്ധതന്ത്രങ്ങളുടെ കാര്യത്തില്‍ മൂന്നാം വിപ്ലവമാണിപ്പോള്‍. അതിന്റെ മുനമ്പിലാണ് നാമിപ്പോള്‍. ഒന്നും രണ്ടും തലമുറ യുദ്ധതന്ത്രങ്ങളെ മൂന്നാം തലമുറയുമായി ബന്ധിപ്പിച്ച് മുന്നേറുകയാണെന്നും സംയുക്ത സേനാമേധാവി പറഞ്ഞു.
അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച നാളെ പാര്‍ലമെന്റില്‍ നടക്കും. ചര്‍ച്ചയ്ക്കായി 16 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കും.
സംഭവത്തില്‍ പ്രധാനമന്ത്രി എന്താണ് പാര്‍ലമെന്റില്‍ പറയുക എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ട്രംപാണ് വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് പറയുമോ? മോദിക്ക് അത് പറയാന്‍ കഴിയില്ല. കാരണം ലോകത്തിനറിയാം, അതാണ് സത്യമെന്ന്. ട്രംപ് ഇക്കാര്യം 25 തവണ പറഞ്ഞുകഴിഞ്ഞു. പക്ഷേ, വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ്? ഇപ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരണമില്ല. ഒരുവശത്ത് നമ്മള്‍ ജയിച്ചെന്ന് പറയുന്നു മോദി. മറുവശത്ത്, ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. സംഘര്‍ഷ സമയത്ത് ഒരു രാജ്യവും ഇന്ത്യയെ പിന്തുണച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന് മറുപടിയായി ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. ഓപ്പറേഷന്‍ സിന്ദൂറില്‍ നമ്മുടെ രാജ്യത്തെ സൈന്യത്തിന്റെ വിജയത്തില്‍ രാഹുലിന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസിം മുനീറിനേക്കാള്‍ സ്ഥിരതയോടെ പാകിസ്താന്‍ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധിയോട് പാകിസ്താന്‍ നന്ദി പറയണമെന്നും ഭണ്ഡാരി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും അതേത്തുടര്‍ന്ന് കേന്ദ്രം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാര്‍ പ്രതികരണത്തില്‍ ഉത്തരവാദിത്വവും വ്യക്തതയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മുദ്രാവാക്യം വിളികളും തടസ്സങ്ങളുമുണ്ടായി. അതിനാല്‍ വരാനിരിക്കുന്ന ചര്‍ച്ച തീവ്രമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചയില്‍ മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.