'കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി'; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
'കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ആദ്യമായി വിമര്‍ശനവുമായി സിപിഎം നേതാക്കള്‍. പി ജയരാജനും സ്പീക്കര്‍ എ എന്‍ ഷംസീറുമാണ് ടിപി കേസ് പ്രതികള്‍ക്കെതിരെ രംഗത്തുവന്നത്. പ്രതികളെ സ്ഥിരമായി ന്യായീകരിച്ചു കൊണ്ടു രംഗത്തുവരാറുള്ള സിപിഎം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നത് രാഷ്ട്രീയ കൗതുകത്തിനും ഇട നല്‍കിയിട്ടുണ്ട്. കൊടി സുനിയുടെയും സംഘത്തിന്റെയും പേരില്‍ പാര്‍ട്ടിയും സര്‍ക്കാറും സ്ഥിരമായി വിമര്‍ശനം കേള്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇക്കുറി നേതാക്കള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണ്. ഇത് തിരെഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിലാണ് എന്നാണ് സൂചന.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നത് സിപിഎമ്മിനും സര്‍ക്കാറിനും ഏറെ നാണക്കേടായിരുന്നു. ഇതോടായാണ് ടിപി കേസ് പ്രതിികളെ പാര്‍ട്ടി തള്ളിപ്പറയുന്നത്. മദ്യപാന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ കടുത്ത പ്രതികരണമാണ് സിപിഎം നേതാവ് പി. ജയരാജന്‍ നടതത്ിയത്. സംഭവത്തില്‍ നടപടിയെടുക്കുമെന്നും അതാണ് സര്‍ക്കാര്‍ നയമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടിയെടുക്കും. അതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയം. ഗവണ്‍മെന്റ് കര്‍ശനമായ നടപടി എടുത്തിട്ടുണ്ട്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി. അതാണ് പിണറായി സര്‍ക്കാരിന്റെ പ്രത്യേകത. തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടി സുനിക്ക് ഇനി പരോള്‍ അനുവദിക്കില്ലെന്ന് ജയില്‍ ഉപദേശക സമിതി അംഗം പി. ജയരാജന്‍ പറഞ്ഞു.
കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിനകത്ത് മദ്യപിച്ചതായി എന്റെ ശ്രദ്ധയിലില്ല. ജയിലിന്റെ പുറത്തുനിന്ന് കഴിച്ചതായി അറിഞ്ഞു. അതൊരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ആരെങ്കിലും ജയില്‍ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഗൗരവത്തില്‍ത്തന്നെ കണ്ട് ആവശ്യമായ നടപടി എടുത്തിട്ടുണ്ട്, ഷംസീര്‍ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരി കോടതിയില്‍നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യപിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.
തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഘത്തില്‍ ടി.പി. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികള്‍ക്ക് അകമ്പടി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം പുതിയ സാഹചര്യത്തില്‍ കൊടി സുനി ഉള്‍പ്പെടെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൈവിലങ്ങ് വയ്ക്കാനും എസ്‌കോര്‍ട്ടിനു മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാഹി ഇരട്ടക്കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ ഉള്ളതിനാല്‍ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കേണ്ടി വരും. ആ സാഹചര്യത്തില്‍ സിപിഒമാര്‍ക്കു പകരം ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്‌കോര്‍ട്ടിനു നിയോഗിക്കാനാണു പുതിയ തീരുമാനം.
സാധാരണ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ കൈവിലങ്ങ് വയ്ക്കാറില്ലെങ്കിലും കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവുണ്ടാകില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും നിരീക്ഷണത്തിനു കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ചട്ടം ലംഘിച്ചുള്ള മദ്യപാനത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. കൊടി സുനിക്കും സംഘത്തിനും മദ്യപാനത്തിന് ആദ്യമായല്ല അവസരമൊരുക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനുശേഷം അതേ ജയിലില്‍നിന്നു കൊണ്ടുപോയ കൊടി സുനിക്കാണ് മദ്യപാനത്തിന് അവസരമൊരുക്കിയത്. മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ കൊടി സുനിയുടെയും സംഘത്തിന്റെയും മദ്യപാനം കൂടി വന്നത് പൊലീസിന് ആകെ നാണക്കേടായി. ഇതിനിടെ, ജാമ്യ വ്യവസ്ഥ ലംഘച്ചതിനെത്തുടര്‍ന്ന ജാമ്യത്തിലായിരുന്ന കൊടി സുനിയെ കണ്ണൂര്‍ ജയിലില്‍ തിരിച്ചെത്തിച്ചു.