സ്ത്രീയെന്ന പ്രത്യേക പരിഗണന, അച്ഛന്‍ ഹൃദ്രോഗിയാണ്; കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കും; ഇനിയും കസ്റ്റഡിയില്‍ വേണം എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല; പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി

സ്ത്രീയെന്ന പ്രത്യേക പരിഗണന, അച്ഛന്‍ ഹൃദ്രോഗിയാണ്;

Update: 2024-11-08 09:58 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യ ഉത്തരവിന്റെ വിശദാശങ്ങള്‍ പുറത്തുവന്നു. സ്ത്രീയെന്ന പ്രത്യേക പരിഗണന നല്‍കിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നുമാണ് കോടതിയുടെ വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നത്. പ്രധാനമായും പ്രതിയുടെ കുടുംബത്തിലെ സാഹചര്യമാണ് കോടതി മുഖവിലക്കെടുത്തത്. പിപി ദിവ്യയുടെ അച്ഛന്‍ ഹൃദ്രോഗിയാണ്. മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആണെന്നതും കോടതി പരിഗണിച്ചു.

കുടംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് ആയില്ലെന്നും വിധിയില്‍ പറയുന്നു. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നു പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവര്‍ത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആള്‍ ജാമ്യവും വേണമെന്നാണ് ജാമ്യം നല്‍കുന്നതിനുള്ള ഉപാധികള്‍. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും വിധിപ്പകര്‍പ്പിലുണ്ട്.

കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തിയില്ല. ജാമ്യാപേക്ഷയില്‍ വിഷയം പരിഗണിക്കേണ്ടതില്ല. അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടതെന്ന് കോടതി പറയുന്നു. സാഹചര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, 2 ആള്‍ ജാമ്യം എന്നിവയും ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത്.

കേസില്‍ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. യാത്രയയപ്പ് യോഗത്തിലെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചിരുന്നു.

അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. കേസില്‍ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു.

അതേസമയം, ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്.

Tags:    

Similar News