'കാര്‍ഗിലില്‍ ഇസ്ലാമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചു'; കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

Update: 2024-09-07 12:12 GMT

ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് ആദ്യമായി തുറന്നു സമ്മതിച്ച് പാക് സൈനിക മേധാവി. ഇതാദ്യമായാണ് പാകിസ്താന്റെ ഉന്നത സൈനിക നേതൃത്വം ഇക്കാര്യം സമ്മതിക്കുന്നത്. മുജാഹിദ്ദീനുകള്‍ എന്ന് പാകിസ്ഥാന്‍ വിളിക്കുന്ന കശ്മീരി തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മിലാണ് യുദ്ധമുണ്ടായത് എന്നായിരുന്നു ഇതുവരെയുള്ള പാകിസ്ഥാന്റെ ഭാഷ്യം.

പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്താന്‍ സൈനികര്‍ക്ക് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു. കാര്‍ഗില്‍ ഉള്‍പ്പെടെയുളള യുദ്ധഭൂമികളില്‍ നിരവധി സൈനികരെ പാകിസ്ഥാന് നഷ്ടമായതായി സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ തുറന്നു സമ്മതിച്ചത്.

പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നു, മുനീര്‍ പറഞ്ഞു. 1948, 1965, 1971 വര്‍ഷങ്ങളില്‍ ആകട്ടെ, അല്ലെങ്കില്‍ 1999-ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്ഥാന്‍ സൈനിക മേധാവി, സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്ഥാന്‍ മുന്നോട്ടുവെച്ചിരുന്ന വാദം.

1999 ലാണ് കാര്‍ഗില്‍ യുദ്ധം ഉണ്ടാകുന്നത്. രണ്ടര ദശാബ്ദമായെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ പാക് സൈനിക നേതൃത്വം സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. 1948 ലെയും 1965, 1971, 1999 ലെ കാര്‍ഗില്‍ യുദ്ധങ്ങളിലും ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്ലാമിനും വേണ്ടി സമര്‍പ്പിച്ചുവെന്ന് ആയിരുന്നു ജനറല്‍ അസിം മുനീറിന്റെ വാക്കുകള്‍.

ഭീകരരെ മറയാക്കി കാര്‍ഗിലില്‍ ഇന്ത്യയുടെ ഭൂപ്രദേശം പിടിച്ചടക്കാനുളള പാക് സൈന്യത്തിന്റെ ശ്രമമായിരുന്നു നടന്നത്. ഇന്ത്യന്‍ സൈന്യം ചുട്ടമറുപടി കൊടുത്തതോടെ പാക് സൈന്യം പിന്‍മാറുകയായിരുന്നു. 59 ാമത് പ്രതിരോധ ദിനത്തിന്റെ ഭാഗമായി റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ജനറല്‍ അസിം മുനീര്‍ ഇക്കാര്യം സമ്മതിച്ചത്.

ദിവസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ പാക് സൈന്യം കൈവശപ്പെടുത്തിയ തന്ത്രപ്രധാന മേഖലകളൊക്കെ ഭാരതസൈന്യം തിരിച്ചുപിടിച്ചു. 1999 ജൂലൈ 26 നാണ് യുദ്ധം അവസാനിച്ചത്.

Tags:    

Similar News