150 വര്‍ഷത്തിലേറെയായി തിരുവോണ നാളില്‍ ഉണ്ണാവൃതം അനുഷ്ഠിക്കുന്ന ചെറുകര ഇല്ലം; 55 വര്‍ഷമായി അനുഷ്ഠാനം നിര്‍വഹിക്കുന്ന പരമേശ്വരന്‍ നമ്പൂതിരി അന്തരിച്ചു; രണ്ടാമത്തെ മകന്‍ ഗോപകുമാര്‍ അനുഷ്ഠാനം തുടരും
150 വര്‍ഷത്തിലേറെയായി തിരുവോണ നാളില്‍ ഉണ്ണാവൃതം അനുഷ്ഠിക്കുന്ന ചെറുകര ഇല്ലം
പത്തനംതിട്ട: ചിങ്ങത്തിലെ തിരുവോണത്തിന് ലോകമെമ്പാടും മലയാളികള്‍ സദ്യയുണ്ട് ആഘോഷിക്കുമ്പോള്‍ ആറന്മുളയിലെ മൂന്നു കുടുംബങ്ങ്ളിലെ കാരണവര്‍മാര്‍ ഉണ്ണാവൃതം ആചരിക്കുന്ന ഒരു പതിവുണ്ട്. കഴിഞ്ഞ 150 വര്‍ഷമായി തുടരുകയാണ് ഈ ആചാരം. നിലവില്‍ ഈ വൃതം അനുഷ്ഠിക്കുന്ന നെടുംപ്രയാര്‍ ചെറുകര ഇല്ലത്ത് സി.എ.പരമേശ്വരന്‍ നമ്പൂതിരി(93) അന്തരിച്ചു.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഊരാണ്‍മക്കാരനും ദേവപ്രശ്‌ന വിധിയാല്‍ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ ഉണ്ണാവൃതമിരിക്കുന്ന മൂന്ന് കുടുംബങ്ങളിലെ മുതിര്‍ന്ന കാരണവരുമാണ് പരമേശ്വരന്‍ നമ്പൂതിരി. നീണ്ട 55 വര്‍ഷത്തെ ഉണ്ണാവൃത ആചരണം പൂര്‍ത്തിയാക്കിയാണ് നമ്പൂതിരി യാത്രയാകുന്നത്. കഴിഞ്ഞ നൂറ്റിയമ്പതു വര്‍ഷത്തിലധികമായി ആറന്മുളയിലെ മൂന്നു കുടുംബക്കാര്‍ തിരുവോണ നാളില്‍ പട്ടിണിയായിരിക്കും. ഇന്നും ഇതിന് മുടക്കമില്ലാതെ പാലിച്ചു പോരുന്നു. അന്നദാന പ്രഭുവായ ആറന്മുള പാര്‍്ഥസാരഥിക്ക് തന്റെ ഭക്തര്‍ ഒരിക്കലും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള ക്ഷേത്രത്തിന്റെ അധീനതയിലുളള കരകളില്‍ ഓണക്കാലങ്ങളില്‍ ഉള്‍പ്പെടെ പാവപ്പെട്ടവര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.
ക്ഷേത്രത്തിന്റെ ഭരണാവകാശമുളള ഒമ്പത് ഊരായ്മ കുടുംബങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല. ഈ കുടുംബങ്ങളില്‍ ചിലത് കാലക്രമേണെ ക്ഷയിച്ചു. തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര, മംഗലപ്പളളി എന്നീ നാല് ഇല്ലങ്ങളാണ് അതില്‍ കാലത്തെ അതിജീവിച്ചു നിന്നത്. ഊരായ്മ നാലു കുടുംബങ്ങളിലേക്ക് ചുരുങ്ങിയെങ്കിലും ആറന്മുള ക്ഷേത്രത്തിലുളള അവകാശവും നെല്ലളക്കാനുളള ചുമതലയും ഈ കുടുംബങ്ങളില്‍ തന്നെ നിലനില്‍ക്കുന്നു. ഈ നാല് കുടുംബങ്ങളില്‍ ചെറുകര ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരി 55 വര്‍ഷമായി തിരുവോണ നാളില്‍ ഉണ്ണാവൃതം അനുഷ്ഠിച്ചു പോരുകയാണ്.
1970 ല്‍ പിതാവ് മരിച്ചതിനു ശേഷമാണ് പരമേശ്വരന്‍ നമ്പൂതിരി ദൗത്യം ഏറ്റെടുത്തത്. ഇത്രയും നാള്‍ അദ്ദേഹം ആചരിച്ചു വന്ന അനുഷ്ഠാനം മൂത്തമകന്‍ ഗോപകുമാറിലൂടെ തുടരും. പമ്പയുടെ കരയിലാണ് ചെറുകര ഇല്ലം. ഉപവാസം നിശബ്ദമായതു കൊണ്ടാകണം ആറന്മുളയിലെ ഉണ്ണാവൃതം ആചാരത്തിനു അധികം പ്രചാരം ഉണ്ടാകാത്തതെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഭക്തരുടെ ക്ഷേമത്തിനായി പാര്‍ഥസാരഥിക്ക് മുന്നില്‍ അനുഷ്ഠാനം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു പരാതിയും ഉണ്ടായിട്ടില്ല എന്നതും സ്മരിക്കപ്പെടേണ്ടതാണ്.
പരമേശ്വരന്റെ ഭാര്യ : പരേതയായ സാവിത്രീ ദേവി. മക്കള്‍: ഗിരീഷ്‌കുമാര്‍,ഗോപകുമാര്‍, ഗിരിജാകുമാരി., പരേതയായ ഗീതകുമാരി, മരുമക്കള്‍ : വിജയ,ഉമാദേവി, ശ്രീകുമാരന്‍ നമ്പൂതിരി.,പരേതനായ പരമേശ്വരന്‍ നമ്പൂതിരി, സംസ്‌കാരം നടത്തി.