ഇരട്ട ജീവപര്യന്തം വിധിച്ചത് കൊലയാളി സംഘത്തിലെ എട്ടുപേര്‍ക്കും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ക്കും; ഇരട്ടജീവപര്യന്തം തടവെങ്കിലും ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതി; കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനാല്‍ വിചാരണ കോടതിയില്‍ ജാമ്യം ലഭിക്കില്ല; പ്രതികളെ മാറ്റുന്നത് സഖാക്കളുടെ സ്വന്തം കണ്ണൂര്‍ ജയിലിലേക്ക്!
ഇരട്ട ജീവപര്യന്തം വിധിച്ചത് കൊലയാളി സംഘത്തിലെ എട്ടുപേര്‍ക്കും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊലയാളി സംഘത്തില്‍ പെട്ട എട്ട് പേര്‍ക്കും കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കും അടക്കം പത്ത് പേര്‍ക്കാണ് എറണാകുളം സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിക്കാന്‍ തക്കവണ്ണമുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടാണ് കൊലയാളികള്‍ക്ക് വധശിക്ഷ കോടതി നല്‍കാതിരുന്നത്. എന്നാല്‍, ഇരട്ടജീവപര്യന്തം എന്ന കോടതി വിധിയെ പൊതുവേ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്.
ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കാാണ് ഈ ശിക്ഷ. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
കോടതി വിധിയില്‍ ഇരട്ടജീവപര്യന്തം എന്നു പറയുമ്പോഴും പ്രതികള്‍ ഒറ്റത്തവണയായി ശിക്ഷ അനുഭവിച്ചാല്‍ മതി. സുപ്രീകോടതി ഇക്കാര്യത്തില്‍ നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. സാങ്കേതികമായി ഇരട്ടജീവപര്യന്തം ആണെങ്കിലും ഒരു തവണ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ഒരാള്‍ക്ക് ഒരു ജിവതമേ ഉള്ളു,അതിനാല്‍ ഒരു ജീവ പര്യന്തം തന്നെ പര്യപ്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ആദ്യം നിശ്ചിത കാലത്തേക്ക് തടവും പിന്നീട് ജീവപര്യന്തവും വിധിക്കാം. ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നുതന്നെയാണ് അര്‍ത്ഥമെന്ന് സുപ്രീം കോടതി മുമ്പ് വിവിധ കേസുകളിലായി പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലയില്‍ പെരിയ കേസില്‍ ശിക്ഷിക്കപ്പെട്ട പത്ത് പേര്‍ ചുരുങ്ങിയത് 14 - 20 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും. ജീവിതാവസാനം വരെ എന്നാണ് അര്‍ത്ഥമെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്ത് ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി കുറ്റവാളികളെ വെറുതേ വിടുന്നതാണ് പതിവ്. ആ നില പരിശോധിച്ചാല്‍ പെരിയ കേസിലെ പ്രതികള്‍ക്ക് സിപിഎം അധികാരത്തില്‍ ഉള്ള കാലത്തോളം പേടിക്കേണ്ട കാര്യമില്ല. പരോളും മറ്റു യഥേഷ്ടം കിട്ടാന്‍ ഇവര്‍ക്ക് അവസരം ഒരുങ്ങും. കൂടാതെ സിപിഎമ്മിന്റെ സ്വന്തം ജയിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതികളെ മാറ്റുന്നത്. അതുകൊണ്ട് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് കണ്ണൂല്‍ ജയിലില്‍ യഥേഷ്ടം വിലസാനാണ് അവസരം ഒരുങ്ങുന്നത്.
അതേസമയം പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചിട്ടുണ്ട്. 4-ാം പ്രതി കെ. മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചതിനാല്‍ തന്നെ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് വിചാരണാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ല. മൂന്ന് വര്‍ഷമാണെങ്കില്‍ വിചാരണ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമായിരുന്നു. എന്നാല്‍ അത് സാധ്യമല്ല. വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോകും. അപ്പീല്‍ പോകാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സി കെ ശ്രീധരന്‍ പറഞ്ഞു.
ഇപ്പോഴത്തെ നിലയില്‍ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് കോടതിയുടെ വിധി. മുന്‍ എം.എല്‍.എ. മുതല്‍ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം വരെ ശിക്ഷിക്കപ്പെട്ടു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു മുന്‍ എം.എല്‍.എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഇത്രനാള്‍ വാദിച്ച പാര്‍ട്ടിയുടെ വാദങ്ങളുടെ മുനയൊടുക്കുന്നതാണ് സിബിഐ കോടതിയുടെ വിധി. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് കേസിലെ ഒന്നാംപ്രതി എ. പീതാംബരന്‍. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പീതാംബരന് വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പീതാംബരനെ കൂടാതെ, മറ്റ് മൂന്ന് നേതാക്കള്‍ക്കും അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതിലെ ഏറ്റവും പ്രധാനി ഉദുമ മുന്‍ എം.എല്‍.എ. കെ.വി കുഞ്ഞിരാമനാണ്. ഒരു മുന്‍ എം.എല്‍.എ.യെ കൊലപാതകത്തിന് ശിക്ഷിക്കുന്നത് ഞെട്ടലോടെയാണ് പാര്‍ട്ടി കേട്ടത്. കേസിലെ 20-ാം പ്രതിയായിരുന്നു കെ.വി. കുഞ്ഞിരാമന്‍. ജില്ലാ സെക്രട്ടറിയായി വരെ പരിഗണനയിലുണ്ടായിരുന്ന കെ.വി. കുഞ്ഞിരാമനെതിരായ കോടതി വിധി കാസര്‍കോട്ടെ പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ഒന്നാംപ്രതി ഒഴികെയുള്ള മൂന്ന് നേതാക്കള്‍ക്കെതിരേയും കോടതി കണ്ടെത്തിയത്. ഇവരില്‍ 14-ാം പ്രതി കെ. മണികണ്ഠന്‍ ഉദുമ ഏരിയാ മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ട നേതാവാണ് മണികണ്ഠന്‍. മണികണ്ഠനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് കോടതി വിധി. 21-ാം പ്രതി രാഘവന്‍ വെളുത്തോളി പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി നേതാവുമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുപ്രതികളും സജീവ സി.പി.എം. പ്രവര്‍ത്തകരാണ്.
ഇവരെകൂടാതെ, കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടവരിലും സി.പി.എമ്മിലെ പ്രധാനികളുണ്ടായിരുന്നു. പെരിയ ലോക്കല്‍ മുന്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, ഏച്ചിലടുക്കം ബ്രാഞ്ച് മുന്‍ സെക്രട്ടറി പി. രാജേഷ് എന്നിവരുള്‍പ്പെടെയുള്ള പത്ത് പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. വെറുതേവിട്ട മറ്റ് എട്ടുപേരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഇവരെ വെറുതേവിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതതൃത്വം ഇതിനോടകം വ്യക്തമാക്കിയതിനാല്‍ കേസ് ഇവിടംകൊണ്ട് അവസാനിക്കാനുള്ള സാധ്യത കുറവാണ്.