പിണറായിയെ അന്‍വര്‍ നിരന്തരം ആക്രമിച്ചിട്ടും പ്രതിരോധിക്കാന്‍ മന്ത്രി പടയില്ല; ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന നേതാക്കളും മിണ്ടുന്നില്ല; ആകെയുള്ളത് ബാലനും റിയാസും മാത്രം; ഇമേജ് ഉയര്‍ത്താന്‍ പി ആര്‍ ഏജന്‍സി! പിണറായിയ്ക്ക് പാര്‍ട്ടി പിടി വിടുന്നുവോ?
മുഖ്യമന്ത്രിയുടേതായി വന്ന മലപ്പുറം വിവാദത്തിലും മന്ത്രിമാര്‍ പ്രതിരോധം തീര്‍ത്തില്ല. ഇതിനൊപ്പമാണ് പിആര്‍ ഏജന്‍സി വിവാദം
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരന്തര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിനെ എതിര്‍ക്കാനോ വിശദീകരണവുമായി വരാനോ മന്ത്രിമാര്‍ ആരുമില്ല. ആകെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് മാത്രമാണ് പിണറായയിക്ക് പ്രതിരോധം തീര്‍ക്കാനുള്ളത്. പി വി അന്‍വറിനെ സിപിഎം തള്ളി പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ച് സിപിഎം മന്ത്രിമാര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. അതിന് അപ്പുറത്തേക്ക് മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളെ സമര്‍ത്ഥമായി ചെറുക്കാന്‍ ആരും ഇല്ല. മന്ത്രിമാരല്ലാത്ത സിപിഎം നേതാക്കളില്‍ എകെ ബാലന്‍ മാത്രമാണ് പിണറായിയ്ക്ക് വേണ്ടി സംസാരിക്കുന്നത്.
മുഖ്യമന്ത്രിയുടേതായി വന്ന മലപ്പുറം വിവാദത്തിലും മന്ത്രിമാര്‍ പ്രതിരോധം തീര്‍ത്തില്ല. ഇതിനൊപ്പമാണ് പിആര്‍ ഏജന്‍സി വിവാദം. ഇടതു ഘടകക്ഷി മന്ത്രിമാരും മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിക്കുന്നില്ല. ഇതെല്ലാം പിണറായിയെ ചിന്തിപ്പിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ തുടര്‍ച്ചയായ രണ്ടാം ദിവസവും പിണറായിയെ ന്യായീകരിക്കാന്‍ മന്ത്രി റിയാസിന് എത്തേണ്ടി വന്നു. ഇത് അണിക്കള്‍ക്കിടയില്‍ മറ്റാരും പിണറായിക്കൊപ്പം ഇല്ലെന്ന തോന്നലുണ്ടാക്കുമെന്ന വിലയിരുത്തല്‍ പിണറായി ക്യാമ്പില്‍ സജീവമാണ്. സിപിഎം സമ്മേളനങ്ങള്‍ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരായ ആരോപണങ്ങളിലും പാര്‍ട്ടിക്കാര്‍ ആരും പ്രതികരിച്ചിട്ടില്ല. റിയാസിലും എകെ ബാലനിലും മാത്രമൊതുങ്ങുകായണ് പിണറായിയ്ക്കായുള്ള പ്രതിരോധം.
ഇപ്പോള്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായ സിപിഎം നേതാക്കള്‍ക്കെല്ലാം തുണയായത് പിണറായിയുടെ പിന്തുണയാണ്. പലവിധ സീനിയോറിട്ടിയും മറികടന്നാണ് വിശ്വസ്തരെന്ന് കരുതിയവരെ മന്ത്രിമാരാക്കിയത്. ഇതുകാരണം പല പ്രമുഖരുടേയും പിന്തുണ പിണറായിയ്ക്ക് പോയി. അങ്ങനെ കാര്യശേഷിയുള്ളവരെ മറന്ന് മന്ത്രിയാക്കിയവര്‍ ആവശ്യ ഘട്ടത്തില്‍ പിണറായിയെ പിന്തുണയ്ക്കുന്നുമില്ല. സിപിഎം നേതൃത്വത്തിന് കൂടുതല്‍ കരുത്തു കൂടുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് പല മന്ത്രിമാരും പിണറായിയ്ക്ക് വേണ്ടി വരാത്തതെന്ന നിഗമനവും സജീവമായ ചര്‍ച്ചകളിലുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രി പ്രതിരോധത്തിന് പി ആര്‍ എജിന്‍സിയെ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടും എത്തിയത്.
മുഖ്യമന്ത്രിക്ക് അഭിമുഖം നല്‍കാന്‍ പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് നേര്‍ക്ക് നിന്ന് കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് ഒരു പി ആര്‍ ഏജന്‍സിയുടെയും ആവശ്യമില്ല. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ വേറെ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിനെ തകര്‍ക്കണമെങ്കില്‍ അതിന്റെ തലതകര്‍ക്കണം. അതിനാണ് മുഖ്യമന്ത്രിയെ ആക്രമിക്കുന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെയുള്ള കടന്നാക്രമങ്ങള്‍ക്കെതിരെ ജീവന്‍ നല്‍കിയാലും ഒറ്റക്കെട്ടായി പ്രതിരോധിക്കും-എന്നാണ് റിയാസ് പറയുന്നത്.
മാധ്യമ ഉടമകള്‍ക്ക് രാഷ്ട്രീയമുണ്ട്. അതാണ് വികസന പ്രവര്‍ത്തനങ്ങള്‍ കാണാതെ മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റവും കുറവും മാത്രം കാണുന്നത്. മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനും പ്രമോഷനും വേണ്ടിയാണ് ചില മാധ്യമ പ്രവര്‍ത്തകരെങ്കിലും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത്. മലപ്പുറം ജില്ലയ്‌ക്കെതിരെ മുഖ്യമന്ത്രി എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് ജമാത്തെ ഇസ്ലാമിയാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. സമുഹത്തെ വര്‍ഗീയമായി വിഭജിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. യു.ഡി.എഫിന്റെ സ്‌ളിപ്പിങ്ങ് സെല്ലായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ കാര്യം തെളിഞ്ഞതാണെന്നും റിയാസ് പറഞ്ഞു വയ്ക്കുന്നു.
കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളാക്കാന്‍ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ട് അവരെ ശക്തമായി പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ അദ്ദേഹം ഓഫിസും മറുപടി പറയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഈ കാര്യത്തില്‍ കത്തുനല്‍കിയിട്ടുണ്ട്. മലപ്പുറം വിഷയത്തില്‍ പ്രതികരിച്ചതുപോലെ മുഖ്യമന്ത്രി ഈ കാര്യത്തിലും പ്രതികരിക്കും. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഹിന്ദുവിനെതിരെ തിയമനടപടി സ്വീകരിക്കുമോയെന്ന് പറയേണ്ടത് താനല്ല. എന്നാല്‍ മാധ്യമങ്ങള്‍ കണേണ്ട കാര്യം കാണുന്നില്ലെന്നും കന ഗേലു കേരളത്തില്‍ നടത്തിയ കുത്തി തിരിപ്പുകള്‍ വാര്‍ത്തയായില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി മുഖ്യമന്ത്രി പിണറായിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട്. എന്നിട്ടും അദ്ദേഹത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്കായൊ യെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.