പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധന; മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്‍; കേന്ദ്രത്തിന് കത്തയയ്ക്കും; വിവാദ പദ്ധതിയില്‍ നിന്നും കേരളം പിന്നോട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധന; മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി പരിശോധിക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്. സിപിഐയുടെ രണ്ട് മന്ത്രിമാര്‍ ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, റോഷി അഗസ്റ്റിന്‍, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍. സിപിഐയുടെയും സിപിഐഎമ്മിന്റെയും രണ്ട് മന്ത്രിമാര്‍ ഉപസമിതിയില്‍ ഇടം നേടിയിട്ടുണ്ട്.
എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ അഞ്ചിന് സര്‍വ്വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്‌ഐആര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍മാറണമെന്ന നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിരുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പൂര്‍ണ്ണമായി അവഗണിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പിഎം ശ്രീയില്‍ സിപിഐയും കടുംപിടുത്ത നിലപാടാണ് സിപിഐ കൈക്കൊണ്ടത്. ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിര്‍ദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചക്ക് ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഎം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
ഏറെനാളായി എല്‍ഡിഎഫിനെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. സിപിഐയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം അറിയിച്ചുകഴിഞ്ഞു പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ അസാധാരണ പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞകുറച്ച് നാളുകളായി.2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്.
തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ സിപിഐയുടെ തീരുമാനം മുന്നണിയെ ഉലച്ചിരുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇതോടെയാണ് മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായത്. കണ്ണൂരിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പരിപാടികള്‍ റദ്ദാക്കി പുലര്‍ച്ചെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്തു. അനുനയത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടിറങ്ങുകയും ചെയ്തിരുന്നു.
പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനേത്തുടര്‍ന്ന് ഇടതുകക്ഷികള്‍ തമ്മിലുണ്ടായ ആദര്‍ശ പോരാട്ടത്തില്‍ സിപിഐക്ക് മേല്‍ക്കൈ നേടായി. കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന് പിന്‍മാറാനുള്ള സന്നദ്ധത സിപിഎം അറിയിച്ചതോടെയാണ് സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വംതന്നെ ചോദ്യംചെയ്യപ്പെടാവുന്ന പ്രതിസന്ധിക്കും പരിഹാരമായത്. യഥാര്‍ഥത്തില്‍ ഇത് ആശയസമരത്തിലൂടെ സിപിഐ നേടിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുക.
ധാരണാപത്രം ഒപ്പിട്ടസ്ഥിതിക്ക് ഏകപക്ഷീയമായി അതില്‍നിന്ന് പിന്മാറാനാകുമോ എന്ന ചോദ്യംനിലനില്‍ക്കുന്നു. കേന്ദ്രംകൂടി സമ്മതിച്ചാല്‍ പരസ്പര ധാരണയില്‍ പിന്മാറാന്‍ വകുപ്പുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. തത്കാലം മുഖംരക്ഷിക്കലിനുള്ള നടപടിയായി മരവിപ്പിക്കല്‍ പ്രഖ്യാപനം.
മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഐയുടെ ഉറച്ച തീരുമാനമാണ് ഇപ്പോള്‍ സിപിഎമ്മിനെ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിതമാക്കിയത്. കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി സിപിഐ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്താനാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ധാരണ. ഇരുകൂട്ടര്‍ക്കും വലിയ പരിക്കില്ലാത്ത വിധത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നാണ് കരുതേണ്ടത്.
