സാമ്പത്തിക ക്രമക്കേട് മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും പി കെ ശശി ശ്രമിച്ചു; പിണറായിയെ ഞെട്ടിക്കാന്‍ വീണ്ടും പുഴിക്കടകന്‍; ഗോവിന്ദന്‍ രണ്ടും കല്‍പ്പിച്ച്
ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്: പാലക്കാട് മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സി.പി.എം നേതാവ് പി.കെ.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രംഗത്തു വരുമ്പോള്‍ പ്രകോപിതരാകുന്നത് പിണറായി വിഭാഗം. ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്നായിരുന്നു വിമര്‍ശനം. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമെ, ജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശശി ശ്രമിച്ചെന്നും ഇതിന് ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഢാലോചന നടത്തിയെന്നതുമടക്കം ഗുരുതര ആരോപണങ്ങളും ഗോവിന്ദന്‍ ഉന്നയിച്ചു. സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടരുമെന്ന സൂചനയാണ് ഗോവിന്ദന്‍ നല്‍കുന്നത്.
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാത്തതില്‍ സിപിഎമ്മിനുള്ളില്‍ അമര്‍ഷമുണ്ട്. ഇതിലെ അതൃപ്തി ഗോവിന്ദന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് പി കെ ശശിയെ ഗോവിന്ദന്‍ കടന്നാക്രമിക്കുന്നത്. പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കേണ്ട പ്രവൃത്തികളാണ് ശശി ചെയ്തത്. എന്നാല്‍ ഒരു മുതിര്‍ന്ന അംഗമെന്ന പരിഗണന നല്‍കിയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇത് ശശിക്ക് സ്വയം തെറ്റുതിരുത്താനുള്ള നടപടിയാണെന്നും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ തിങ്കളാഴ്ച നടന്ന മേഖല റിപ്പോര്‍ട്ടിങ്ങില്‍ പറഞ്ഞു.
കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് സിപിഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും പി കെ ശശി ശ്രമിച്ചതായി എംവി ഗോവിന്ദന്‍ വിശദീകരിച്ചു. സ്വയം തെറ്റു തിരുത്തുക ലക്ഷ്യമിട്ടാണ് പി കെ ശശിക്കെതിരെ തരംതാഴ്ത്തല്‍ നടപടിയെടുത്തത്. പി കെ ശശി ഇത് ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു. പിണറായി പക്ഷത്തെ കരുത്തനായ നേതാവായിരുന്നു പികെ ശശി. അതിവേഗ നീക്കങ്ങളിലൂടെയാണ് ശശിയെ പാര്‍ട്ടിയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും മാറ്റുന്നത്. കെറ്റിഡിസി ചെയര്‍മാനായും ശശി ഇപ്പോഴും തുടരുന്നുണ്ട്. ശശിയെ ഈ പദവിയില്‍ നിന്നും മാറ്റണമെന്നും സിപിഎം ജില്ലാ നേതൃത്വം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, പി കെ ശശിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.