പിഎം ശ്രീയുടെ ഫണ്ട് വേണ്ടാത്തവര്‍ക്ക് എന്തിന് ദുരന്ത സഹായം നല്‍കണമെന്ന് കേന്ദ്രം ചോദിച്ചുവോ? പൊതു വിദ്യാഭ്യാസ വകുപ്പ് ആ ഫണ്ട് സ്വീകരിക്കുന്നത് കേന്ദ്ര സഹായം കൂടുതലായി കേരളത്തില്‍ എത്തിക്കാന്‍; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വത്തെ ചേര്‍ത്ത് നിര്‍ത്തും; പിഎം ശ്രീ കേരളത്തിലും വരും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പിടാനുള്ള തീരുമാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മുമ്പോട്ട് പോകും. സിപിഎയെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം തുടങ്ങിയിട്ടുണ്ട്. പദ്ധതിയില്‍ ഒപ്പിടേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ചര്‍ച്ച നടത്തും. ഇതിനുശേഷം ഇടതുമുന്നണി യോഗവും ചേരും. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കും. പ്രതികരിച്ചു വിവാദം ഉണ്ടാക്കരുതെന്നു മന്ത്രി വി. ശിവന്‍കുട്ടിക്കും നേതാക്കള്‍ക്കും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതിയില്‍ ഒപ്പിടില്ലെന്ന് ആദ്യം വ്യക്തമാക്കിയ സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ നിലപാടു മാറ്റിയത് പ്രതിപക്ഷവും ചര്‍ച്ചയാക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമതി ഷായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഫണ്ട് വാങ്ങുന്നത്. ഇത് ഇടതുമുന്നണിക്കുള്ളിലും വലിയ അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്. ഇക്കാര്യത്തിലുള്ള നീരസം സിപിഐ മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളൂ. മറ്റു പാര്‍ട്ടികള്‍ക്കു പ്രതിഷേധമുണ്ടെങ്കിലും പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുണ്ടാക്കിയ ധാരണയാണ് ഇതെന്നാണ് സൂചന. പി എം ശ്രീയില്‍ ഒപ്പിട്ടാല്‍ വയനാട്ടിലെ ദുരന്തത്തില്‍ അടക്കം കൂടുതല്‍ കേന്ദ്ര സഹായത്തിന് സാധ്യതയുണ്ട്. കേന്ദ്ര ഫണ്ടുകള്‍ വേണ്ടെന്ന് വയ്ക്കുന്ന സംസ്ഥാനത്തിന് എന്തിനാണ് ദുരന്ത നിവാരണത്തിനുള്ള സഹായമെന്ന ചോദ്യം കേന്ദ്രം ഉയര്‍ത്തിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പിഎം ശ്രീയില്‍ അടക്കം നിലപാട് മാറ്റമെന്ന് സിപിഐയെ സിപിഎം അറിയിക്കും.
ഇടതുമുന്നണി യോഗത്തില്‍ പിഎം ശ്രീയെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാത്തതിലുള്ള അമര്‍ഷം മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ സിപിഐ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്യാമെന്നു കണ്‍വീനര്‍ സിപിഐ നേതാക്കളെ അറിയിച്ചതായാണു വിവരം. ബിജെപിയുമായി സിപിഎം കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബിനോയ് വിശ്വം സിപിഐ സെക്രട്ടറിയായതിനു ശേഷം വലിയ അഭിപ്രായ വ്യത്യാസങ്ങളൊന്നും സിപിഎമ്മുമായി ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന ഒരു കാര്യവും സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് ബിനോയിയുടെ നിലപാട്.
പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെക്കുറിച്ച് സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് ഇടതു കണ്‍വീനര്‍ അറിയിച്ചിട്ടുണ്ട്. ചെറിയകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന് സമഗ്രശിക്ഷ കേരള (എസ്എസ്‌കെ)യുടെ പ്രവര്‍ത്തനം മുന്നോട്ടു പോകണം. എസ്എസ്‌കെയ്ക്ക് കേന്ദ്രത്തിന്റെ പണം ലഭിക്കണം. കേന്ദ്രഫണ്ട് കിട്ടിയാലേ കേരളത്തിനു മുന്നോട്ടു പോകാനാവുകയുള്ളൂ. അതിന്റെകൂടി ഭാഗമായാകും വിദ്യാഭ്യാസ വകുപ്പ് അങ്ങനൊരു സമീപനമെടുത്തത്. തമിഴ്നാടിനു വരുമാനമുണ്ട്. കേരളത്തിനു വരുമാനമില്ല. നമുക്ക് വേറെ വഴിയില്ലെന്നു മനസിലാക്കണം. പിഎം ശ്രീ വിഷയത്തില്‍ കേന്ദ്രനയത്തോട് എല്‍ഡിഎഫിനു വിയോജിപ്പുണ്ട്. എന്നാല്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കു സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാമെന്നും സിപിഎം നിലപാട് എടുത്തിട്ടുണ്ട്.
അതിനിടെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിക്ക് ഒപ്പമാണെന്നു വ്യക്തമായെന്നും ഇരുപാര്‍ട്ടികളുടെയും ബന്ധം മറനീക്കിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറയുന്നു. മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്കോ ഇഡിക്കോ ബിജെപിക്കോ അതിനെക്കുറിച്ചു പറയാന്‍ ഒന്നുമില്ല. മന്ത്രിസഭയില്‍പോലും ചര്‍ച്ചചെയ്യാതെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണ്. സിപിഐ അവരുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ പിന്തുണ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.