തൃശ്ശൂരില്‍ നിന്നും വന്ന കാര്‍ നിര്‍ത്തി ക്രൈസ്തവ പുരോഹിതന്‍ വെപ്രാളത്തോടെ പുറത്തിറങ്ങി; 'എനിക്ക് നെഞ്ചുവേദനയെടുക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് കുഴഞ്ഞുവീണു; ഉടനടി ആംബുലന്‍സില്‍ കയറ്റി സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ച് പൊലീസ്; വൈദികന്‍ പറയുന്നു എന്റെ സല്യൂട്ട് ഇവര്‍ക്ക്

വൈദികന്റെ ജീവന്‍ രക്ഷിച്ച് പൊലീസുകാര്‍

Update: 2024-11-02 16:40 GMT

ചാലക്കുടി: ജീവിതത്തില്‍ ചിലപ്പോള്‍, ചില നിര്‍ണായക ഘട്ടങ്ങളില്‍ നമ്മുടെ വീട്ടുകാരോ, ബന്ധുക്കളോ നാട്ടുകാരോ ആവില്ല ആപത്തില്‍ സഹായിക്കാന്‍ എത്തുന്നത്. ഒരു ബന്ധവും ഇല്ലാത്ത ചില അപരിചിതരാകും. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് പൊടുന്നനെ പിടിച്ചുകയറ്റുന്നത് പോലെയാവാം. ചിലപ്പോള്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറ്റും പോലെയും. അത്തരമൊരു അനുഭവമാണ് മൂലം മണ്ണംപേട്ട പള്ളിയിലെ വികാരി ജെയ്‌സണ്‍ പുന്നശ്ശേരി എന്ന വൈദികന് ഉണ്ടായത്. ഇവിടെ ആ അപരിചിതര്‍ പൊലീസുകാര്‍ ആയെന്ന് മാത്രം.

പൊലീസ് എന്ന് പറഞ്ഞാല്‍ പൊതുവെ മലയാളികള്‍ക്ക് പേടിയാണെങ്കിലും, ഈ സംഭവത്തില്‍, ഫാ.ജെയ്‌സണ്‍ പുന്നശ്ശേരിയുടെ ജീവന്‍ പൊന്നുപോലെ കാത്ത് രക്ഷിച്ചത് ഒരു സംഘം കേരള പൊലീസ് ഉദ്യോഗസ്ഥരാണ്. ആ കഥ ഇങ്ങനെ:

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗോവ ഗവര്‍ണറുടെ തൃശ്ശൂര്‍ ജില്ലയിലെ വിവിധ പരിപാടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് - എസ്‌കോര്‍ട്ട് ഡ്യൂട്ടികള്‍ക്കായി പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പിന്റെ സമീപത്ത് ഡ്യൂട്ടിയിലായിരുന്നു കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം.

പൊലീസ് സംഘത്തിന്റെ വാഹനത്തിന് അടുത്തേക്ക് തൃശ്ശൂര്‍ ഭാഗത്തുനിന്നും വന്ന ഒരു കാര്‍ നിര്‍ത്തി ഒരു ക്രൈസ്തവ പുരോഹിതന്‍ വെപ്രാളത്തോടെ ഇറങ്ങി പൊലീസിന്റെ അടുത്തേക്ക് വന്നു. 'എനിക്ക് നെഞ്ചുവേദനയെടുക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കുഴഞ്ഞുവീണു.

അപ്പോള്‍, അവിടെ എത്തിയ ചാലക്കുടി ഡിവൈഎസ്പി സുമേഷും ചാലക്കുടി സിഐ സജീവും ചേര്‍ന്ന് വൈദികനെ ഉടനെ തന്നെ ഒരു ആംബുലന്‍സില്‍ കയറ്റി. കൊരട്ടി സിഐ അമൃതരംഗന്‍ തന്റെ കൂടെ വാഹനത്തില്‍ വിഐപി ഡ്യൂട്ടി ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫൈസലിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ആംബുലന്‍സില്‍ കയറ്റി വിട്ടു. വാഹനത്തില്‍ വെച്ച് പോലീസുകാര്‍ ഇടവിട്ട് വൈദികന് സിപിആര്‍ നല്‍കി കൊണ്ട് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ എത്തിക്കുക മാത്രമല്ല, ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു.

ഡോക്ടര്‍മാര്‍ പരിശോധിച്ചു ഉടനെ തന്നെ അടിയന്തര ചികിത്സകള്‍ നല്‍കിയതിനാല്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി. വൈദികന് ഹൃദയത്തില്‍ രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. അദ്ദേഹം നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലവും കൃത്യസമയത്ത് ശരിയായ രീതിയില്‍ സിപിആര്‍ പോലുള്ള പ്രാഥമികശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചതിനാല്‍ വൈദികന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അഭിന്ദിക്കുകയും ചെയ്തു.

Tags:    

Similar News