രണ്ടാംലോകമഹായുദ്ധം നടക്കുമ്പോള്‍ മൂന്നുവയസുകാരന്‍; യഹൂദരുടെ നാസി ഉന്മൂലനവും ജപ്പാനിലെ അണുബോംബാക്രമണവും; ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം മുതലുള്ള ചരിത്രവും സംഭവങ്ങളും യാഥാര്‍ഥ്യങ്ങളും കൊണ്ട് നിറഞ്ഞ ജീവിതകഥ; ആത്മകഥയായ ഹോപിലൂടെയും 'ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'യിലൂടെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തോട് പറഞ്ഞത്
ഹോപിലൂടെയും 'ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'യിലൂടെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തോട് പറഞ്ഞത്
വത്തിക്കാന്‍ സിറ്റി: രണ്ടാംലോകമഹായുദ്ധം മുതല്‍ ഇന്നുവരെ ലോകത്തെ അടയാളപ്പെടുത്തിയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ജീവിതമാണ് മാര്‍പാപ്പയുടേത്. രണ്ടാംലോകമഹായുദ്ധം, യഹൂദരുടെ നാസി ഉന്മൂലനം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബാക്രമണം, 2008ലെ സാമ്പത്തിക മാന്ദ്യം, മറഡോണയുടെ ഗോള്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജി, ഫ്രാന്‍സിസ് എന്ന പേരില്‍ പുതിയ പാപ്പയായി തിരഞ്ഞെടുത്ത കോണ്‍ക്ലേവ് തുടങ്ങി നിരവധി ചരിത്രനിമിഷങ്ങളിലൂടെ ജീവിതം കടന്നുപോയ നിമിഷങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി.., ജീവിതം മുഴുവന്‍ പ്രത്യാശകള്‍ നിറച്ച, ലോകത്തിന്റെ പ്രതീക്ഷകളെല്ലാം ദൈവത്തിനു സമര്‍പ്പിച്ച മനോഹരമായ ആത്മകഥ- ഹോപ് (പ്രത്യാശ).
80 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാര്‍പാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. 320 പേജുകളാണ് പുസ്തകത്തിനുള്ളത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസിന്റെ സ്‌പെയിനിലെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ഹോപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ കാലോ മൂസോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ആറ് വര്‍ഷത്തിലേറെ നീണ്ട സംഭാഷണങ്ങളില്‍ നിന്നാണ് ആത്മകഥ രചിച്ചിരിക്കുന്നത്.
ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത മാര്‍പാപ്പയുടെ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ വിയോഗ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കത്തോലിക്കാസഭ പ്രത്യാശയുടെ വര്‍ഷമായി ആചരിക്കുന്ന വര്‍ഷം തന്നെ ഇത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്.
സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിള്‍ നന്നാക്കാനുള്ള പണം നല്‍കാന്‍ സഹപാഠിയെ നിര്‍ബന്ധിച്ചതും ചെറുപ്പകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ വിവരിക്കുന്നു. എന്നാല്‍ പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകള്‍ ഹോപ്പിലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അര്‍ജന്റീനയിലെ കോര്‍ഡോബയില്‍ ചെലവിട്ട കാലവും ജര്‍മനിയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്. 2013 മാര്‍ച്ചില്‍ തന്നെ മാര്‍പാപ്പയായി തെരഞ്ഞെടുക്കാന്‍ നടത്തിയ കോണ്‍ക്ലേവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. ആദ്യ വോട്ടെടുപ്പുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ നാലാംവട്ടത്തില്‍ 69 വോട്ടു കിട്ടയതോടെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു.
ഫുട്ബോള്‍ പ്രേമിയായ, പുതിയ തലമുറയുടെ ഡിജിറ്റല്‍ സ്വാധീനങ്ങളും നിറച്ചാര്‍ത്തുകളും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും നിറഞ്ഞ അത്യാധുനിക 'കട്ടിങ് എഡ്ജ്' സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന, ഫ്രാന്‍സിസ് പാപ്പ കാലം ചെയ്യുമ്പോള്‍ വീണ്ടും വായിക്കപ്പെടുകയാണ് മനോഹരമായ ആത്മകഥ- ഹോപ് (പ്രത്യാശ). 2025 ജനുവരി പതിനാലിന് ലോകമെമ്പാടും എണ്‍പത് ഭാഷകളിലായി ആത്മകഥ ഇറങ്ങി. പാപ്പയുടെ ഓര്‍മകള്‍, അനുഭവങ്ങള്‍, വിഖ്യാത പ്രസ്താവനകള്‍, നിലപാടുകള്‍, അപൂര്‍വ ചിത്രങ്ങള്‍, ആഹ്വാനങ്ങള്‍ തുടങ്ങി ഫ്രാന്‍സിസ് പാപ്പയുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍കൊണ്ടൊരു പുസ്തകം.
ഓര്‍മകള്‍ രേഖപ്പെടുത്തണം എന്നു തീരുമാനിക്കപ്പെട്ടപ്പോള്‍ മുതല്‍ സ്വന്തം കൈപ്പടയില്‍ത്തന്നെ ആത്മകഥയുടെ ആദ്യപതിപ്പ് ഫ്രാന്‍സിസ് പാപ്പ തയ്യാറാക്കുകയായിരുന്നു. ആറുവര്‍ഷമെടുത്താണ് എഴുത്ത് ഉദ്യമം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇറ്റാലിയന്‍ എഴുത്തുകാരന്‍ കാര്‍ലോ മസ്സോയുടെ സഹായത്തോടെ ഇംഗ്ലീഷ് പതിപ്പ് റാന്‍ഡം ഹൗസ് പുറത്തിറക്കി. പിന്നാലേ തന്നെ യു.കെയില്‍ നിന്നും വികിങ് പബ്ലിഷിങ് ഹൗസും 'പ്രത്യാശ'യെ ഏറ്റെടുത്തു.
ലോകത്തിന്നേവരെയുള്ള മികച്ച ആത്മകഥകളുടെ പട്ടികയിലേക്ക് അനായാസം നടന്നു കയറി ഹോപ്പ്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം മുതലുള്ള ചരിത്രവും സംഭവങ്ങളും യാഥാര്‍ഥ്യങ്ങളും കൊണ്ട് നിറഞ്ഞു ആത്മകഥ. ഇറ്റലിയിലെ തന്റെ കുടുംബവേരുകള്‍ തേടിയുള്ള അന്വേഷണവും പലായന-കുടിയേറ്റ പാരമ്പര്യത്തിന്റെ കണ്ണിയാവാന്‍ വിധിക്കപ്പെട്ട മാതാപിതാക്കളുടെ ലാറ്റിനമേരിക്കന്‍ കുടിയേറ്റവും അതിവൈകാരികമായി 'പ്രത്യാശ'യില്‍ എഴുതിച്ചേര്‍ത്തു പാപ്പ. കുട്ടിക്കാലം അത്ര എളുപ്പമല്ലായിരുന്നുവെന്നും കൗതുക കൗമാരവും യൗവനം അതിന്റെ ആരംഭദശയില്‍ത്തന്നെ ജോലി എന്ന ആഗ്രഹത്തെ കൈയടക്കാന്‍ ശ്രമിച്ചതും ഒടുക്കം പൗരോഹിത്യത്തിന്റെ അന്തസത്തയിലേക്കാഴ്ന്നിറങ്ങിയ മുഹൂര്‍ത്തങ്ങളെക്കുറിച്ചും പാപ്പ പ്രത്യാശയില്‍ വ്യക്തമാക്കുന്നുണ്ട്.
ജീവിച്ചിരിക്കേ തന്നെ തന്റെ വൈയക്തികാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തിയ ആദ്യത്തെ മാര്‍പ്പാപ്പയായും ഫ്രാന്‍സിസ് പാപ്പയെ വായനാസമൂഹം വാഴ്ത്തിപ്പാടി. സ്വവര്‍ഗാനുരാഗത്തോടും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളോടും വര്‍ണ വിവേചനങ്ങളോടും പ്രകൃതി- പരിസ്ഥിതി ചൂഷണങ്ങളോടും സമചിത്തതയോടെ തന്റെ ഉത്തരവാദിത്തഭാരമുള്ള കസേരയില്‍ ഇരുന്നുകൊണ്ട് ലോകത്തോട് മുഴുവന്‍ അദ്ദേഹം സംവദിച്ചു.
തന്റെ പൗരോഹിത്യകാലത്തിരുന്നുകൊണ്ട് മനുഷ്യര്‍ക്കുവേണ്ടിയും മണ്ണിനുവേണ്ടിയും ഒന്നുപോലെ ശബ്ദമുയര്‍ത്തിയ പാപ്പയുടെ പ്രസ്താവനകള്‍ക്ക് ദൈവവചനങ്ങളേക്കാള്‍ കരുത്തും കാമ്പും നിറച്ചാണ് വിശ്വാസസമൂഹം ഏറ്റെടുത്തത്. സമകാലികസമൂഹവും ലോകവും ഒന്നുപോലം നേരിട്ട ഒട്ടുമിക്ക സങ്കീര്‍ണപ്രശ്നങ്ങളിലും പാപ്പയ്ക്ക് തന്റേതായ നിലപാടുണ്ടായിരുന്നു; ഉറക്കെപ്പറഞ്ഞ നിലപാട്. രാജ്യം നോക്കാതെ, സാമ്രാജ്യശക്തികളെ പിണക്കിക്കൊണ്ട് യുദ്ധത്തിനെതിരായി നിരന്തരം പ്രസ്താവനകളിറക്കി. പള്ളിയും മതവും വിശ്വാസവും പാപ്പ തിരുത്തി നിര്‍വചിച്ചു. സാമൂഹ്യനയങ്ങളില്‍ തന്റെതായ നിലപാടുകള്‍ കൂട്ടിച്ചേര്‍ത്തു. ഗൗരവസ്വഭാവമുള്ള പരിസ്ഥിതി പ്രശ്നങ്ങളും പലായനങ്ങളും പാപ്പയുടെ വിഷയങ്ങളായി. സ്ത്രീകളുടെ പ്രശ്നങ്ങളും സാങ്കേതിക വികസനങ്ങളും ജന്‍ഡര്‍ വിഷയങ്ങളും പാപ്പയുടെ പ്രസ്താവങ്ങളില്‍ മുഖ്യ ഇടം പിടിച്ചു. വാര്‍ത്താമാധ്യമരംഗത്തിനും കിട്ടി വേണ്ടതിലധികം വിമര്‍ശനം- ''The Media only writes about the sinners and scandals,but that is normal, because a tree that falls makes more noise tahn a forest that grows.'' എന്നായിരുന്നു മാധ്യമങ്ങളെക്കുറിച്ച് പാപ്പയുടെ പ്രതികരണം.
പ്രത്യാശയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന വലിയൊരു പാഠമുണ്ട്.- No one can grow if he doensot accept his smallness- അവനവന്റെ വലിപ്പമില്ലായ്മ തിരിച്ചറിയത്തിടത്തോളം കാലം ഒരാള്‍ക്കും വളര്‍ച്ചയുണ്ടാവില്ലെന്നര്‍ഥം! വിശ്വാസികളോട് പാപ്പ പറയുന്നത് ദൈവവും മനുഷ്യരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്, അതും കരുണയുടെ കാര്യത്തില്‍: ''ദൈവം നമ്മോട് ക്ഷമിക്കുന്നതില്‍ ഒരിക്കലും മടുക്കുന്നില്ല; അവന്റെ കരുണ തേടുന്നതില്‍ മടുക്കുന്നവരാണ് നമ്മള്‍.''
കൃത്യവും വ്യക്തവുമായ നിരീക്ഷണങ്ങള്‍കൊണ്ട് ജനകോടികളുടെ ഹൃദയം കവരാന്‍ പാപ്പയ്ക്കു കഴിഞ്ഞുവെങ്കില്‍ അത് അദ്ദേഹത്തിന്റെ വാക്കുകളുടെ തിരിഞ്ഞെടുപ്പുകളുടെ കൂടി ഗുണമാണ്. ഒരു മനുഷ്യജീവന്‍ ഇല്ലാതാക്കിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പുരോഗമനപരമല്ല എന്നു പറഞ്ഞുകൊണ്ട് മനുഷ്യക്കിടയിലുള്ള സ്പര്‍ധയെ കഴുകിക്കളയാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒന്നുകില്‍ സ്വതന്ത്രനായിരിക്കുക, അല്ലെങ്കില്‍ അടിമയായിരിക്കുക എന്നതാണ് ഓരോ മനുഷ്യനും നേരിടുന്ന സംഘര്‍ഷമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. 'സത്യമെവിടെയുണ്ടോ, അവിടെ പ്രകാശമുണ്ടാവും പക്ഷേ മിന്നല്‍ കണ്ട് പ്രകാശമാണെന്ന് ധരിക്കരുത്' എന്നുകൂടി പാപ്പ ഉപദേശിക്കുന്നുണ്ട്.
എണ്‍പത്തിയെട്ടാം വയസ്സില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്യുമ്പോള്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടവരുടെ എണ്ണത്തിലും ഗുണത്തിലും ജാതിയോ മതമോ വര്‍ഗമോ തലമുറ വ്യത്യാസമോ ഇല്ലെന്നതാണ് പാപ്പയെ ഇതുവരെയുള്ള മാര്‍പാപ്പമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. തന്നെ കേള്‍ക്കാനെത്തുന്നവരെ പ്രായാധിക്യത്താല്‍ വീല്‍ച്ചെയറില്‍ച്ചെന്ന് അഭിസംബോധന ചെയ്യുമ്പോളും ഉള്ളില്‍ നിന്നും ഒരു മനുഷ്യസ്നേഹി എത്തിനോക്കുന്നത് ഒപ്പിയെടുത്ത ക്യാമറകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ എന്നും പുതുമ നിറഞ്ഞ ഒരു അനുഭവമായിരുന്നു.
ഒരു വ്യാഴവട്ടക്കാലം ലോകത്തിന്റെ പാപ്പയായി ഇരുന്നു അദ്ദേഹം. അതിനുപിന്നിലെ തന്റെ കുടുംബത്തിന്റെ കഷ്ടതകളിലേക്ക് നമ്മെ 'പ്രത്യാശ'യിലൂടെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. മുപ്പതുകളുടെ മധ്യത്തില്‍ അര്‍ജന്റീനയിലേക്ക് കുടിയേറിയ ഇറ്റാലിയന്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ കുടിച്ചുവളര്‍ന്ന മകന്‍. പൗരോഹിത്യമാണ് തന്റെ വഴി എന്നു തിരച്ചറിഞ്ഞതിനെ 'ദൈവത്തിന്റെ വിളി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ ജീവിതം തനിക്കുമുന്നേ രേഖപ്പെടുത്തിയവര്‍ പൗരോഹിത്യം സ്വാകരിക്കുന്നതിനുമുമ്പ്, കൗമാരം പിന്നിടുംമുമ്പേ തന്നെ ദൈവവുമായി താന്‍ സമ്പര്‍ക്കം ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നദ്ദേഹം പറയുന്നു.
മുസ്സോളിനിയുടെ ഇറ്റലിയില്‍ നിന്നുള്ള പലായനം മുതല്‍ തന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളെല്ലാം തന്നെ വെറും മനുഷ്യനായിക്കൊണ്ട് അടയാളപ്പെടുത്താന്‍ പാപ്പയ്ക്കു കഴിഞ്ഞു എന്നതാണ് 'പ്രത്യാശ' എന്ന ആത്മകഥയുടെ വിജയം. എണ്‍പത് രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ മാനവരാശിക്കുമേലുള്ള അക്ഷരങ്ങളുടെ പ്രത്യാശകൂടിയായിരുന്നു അത്.
ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
ബ്യൂണസ് ഐറിസിലെ ബാല്യം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാനകാലം വരെ സുദീര്‍ഘമായി പ്രതിപാദിച്ച 240 പേജുകളുള്ള പുസ്തകമാണ് ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി. മാര്‍പാപ്പയുടെ ജീവിതത്തിനൊപ്പം അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ ചരിത്രസംഭവങ്ങള്‍ കൂടി അടയാളപ്പെടുത്തുന്ന ഒന്ന്. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ഫാബിയോ മാര്‍ഷെ റഗോണയാണ് പുസ്തകം തയ്യാറാക്കിയത്, പ്രസിദ്ധീകരിച്ചത് ഹാര്‍പ്പര്‍ കോളിന്‍സും.
1939ല്‍ രണ്ടാംലോകമഹായുദ്ധം നടക്കുമ്പോള്‍ മൂന്നുവയസ്സാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രായം. അന്നത്തെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആത്മകഥ ആരംഭിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും യഹൂദജനത നേരിടേണ്ടി വന്ന പീഡനങ്ങളും മാര്‍പാപ്പയുടെ കുടുംബത്തെ, പ്രത്യേകിച്ച് അമ്മയെ എങ്ങനെയാണ് ബാധിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍ക്കുന്നു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെയും സമാധാനത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളെ രൂപപ്പെടുത്തിയത് ഈ അനുഭവങ്ങളാണ്. ഹോളോകോസ്റ്റിനെ അഭിസംബോധന ചെയ്ത് പീഡനത്തിന് ഇരയായവരോട് പുലര്‍ത്തേണ്ട അനുകമ്പയെകുറിച്ചും ആത്മകഥ ചര്‍ച്ച ചെയ്യുന്നുണ്ട്.
1969ലാണ് ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തുന്നത്. ലോകം ആകാംക്ഷയോടെ വീക്ഷിച്ച അപ്പോളോ 11 ദൗത്യ നേട്ടം ആത്മകഥയില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. 90കളില്‍ കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിനുണ്ടായ തളര്‍ച്ച ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതിനെ ശീതയുദ്ധം അവസാനിച്ച് ഒരു പുതിയ യുഗം ആരംഭിക്കുന്നതിന്റെ തുടക്കമായാണ് അദ്ദേഹം വിലയിരുത്തുന്നത്. 2001ലെ സെപ്റ്റംബര്‍ 11 ആക്രമണം ഓര്‍ത്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ ലോകത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു
ലോകം മുഴുവന്‍ ക്വാറന്റീനില്‍ കഴിച്ചുകൂട്ടിയ കോവിഡ് 19 നാളുകളും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു മഹാമാരിയില്‍ ലോകം വിറച്ചുപോയതിനെ കുറിച്ചും ഓരോമനുഷ്യരുടെ ദൈനംദിന ജീവിതത്തെ അത് ബാധിച്ചതിനെ കുറിച്ചും സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നുണ്ട്. യെമനിലും സുഡാനിലും യുക്രെയ്നിലും ഉള്‍പ്പെടെ എവിടെയെല്ലാം മനുഷ്യര്‍ ജീവന്‍ കയ്യില്‍പിടിച്ച് മരണത്തെ പ്രതീക്ഷിച്ചുകഴിയുന്നുണ്ടോ ആ പ്രക്ഷുബ്ധതകളെയെല്ലാം ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി അഭിസംബോധന ചെയ്യുന്നുണ്ട്. രണ്ടാംലോക മഹായുദ്ധത്തിലുണ്ടായ സംഭവങ്ങളോട് ചേര്‍ത്തുവച്ചാണ് ഇതെല്ലാം അദ്ദേഹം നോക്കിക്കാണുന്നതും.
സാമൂഹിക അസമത്വത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും യുദ്ധം, ആണവായുധങ്ങള്‍, വംശഹത്യകള്‍ എന്നിവയെ കുറിച്ചുമെല്ലാം സത്യസന്ധമായ തന്റെ കാഴ്ചപ്പാടുകള്‍ ആത്മകഥയിലൂടെ വിവരിക്കുന്നുണ്ട് മാര്‍പാപ്പ. യുവതലമുറയോട് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഓരോരോ സംഭവങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി പറയാന്‍ ശ്രമിക്കുന്നു അദ്ദേഹം.
'കഴിഞ്ഞ എണ്‍പത് വര്‍ഷത്തിനിടയില്‍ മാനവരാശി അനുഭവിച്ച ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ സംഭവങ്ങളിലൂടെ, എന്റെ ജീവിതത്തിന്റെ കഥയാണ് ഈ പുസ്തകത്തില്‍ നമ്മള്‍ പറയുന്നത്. പ്രത്യേകിച്ച് യുവതലമുറയ്ക്ക്, ഒരു വൃദ്ധന്റെ ശബ്ദം കേള്‍ക്കാനും നമ്മുടെ ലോകം അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും, അങ്ങനെ ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, വെളിച്ചം കാണുന്ന ഒരു പുസ്തകമാണിത്.
ഉദാഹരണത്തിന്, ലോകത്തെ ബാധിച്ചതും ഇപ്പോഴും ബാധിക്കുന്നതുമായ യുദ്ധങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വംശഹത്യകള്‍, പീഡനങ്ങള്‍, വ്യത്യസ്ത മതങ്ങളിലെ സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള വിദ്വേഷം എന്നിവയെക്കുറിച്ച് നമുക്ക് ചിന്തിക്കാം! എത്ര കഷ്ടപ്പാടുകള്‍! ഒരു നിശ്ചിത പ്രായത്തിലെത്തിയ ശേഷം, ഓര്‍മകളുടെ പുസ്തകം വീണ്ടും തുറന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്: തിരിഞ്ഞുനോക്കി പഠിക്കുക, നല്ലതല്ലാത്ത കാര്യങ്ങള്‍, നമ്മള്‍ അനുഭവിച്ച വിഷലിപ്തമായ കാര്യങ്ങള്‍, നമ്മള്‍ ചെയ്ത പാപങ്ങള്‍ തിരിച്ചറിയുക, ദൈവം നമുക്ക് അയച്ചതെല്ലാം പുനരുജ്ജീവിപ്പിക്കുക. വളരെ വൈകുന്നതിന് മുമ്പ് നാമെല്ലാവരും ചെയ്യേണ്ട വിവേചനബുദ്ധിയുടെ ഒരു വ്യായാമമാണിത്!' ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററിയെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഇപ്രകാരമാണ്.