കളിക്കൂട്ടുകാരി 'ലോക'യിലൂടെ 200 കോടി ക്ലബ്ബും ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയും സ്വന്തമാക്കി; പ്രിയദര്‍ശന്റെ മകളുടെ റിക്കോര്‍ഡ് തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ പുത്രന്‍; ബോക്‌സോഫീസിനെ 'ഭയപ്പെടുത്തി' ക്രോധത്തിന്റെ ദിനം ജൈത്ര യാത്രയില്‍; രണ്ടു ദിവസം കൊണ്ട് 18 കോടി! 'ഡീയസ് ഈറേ' മുന്നില്‍ കാണുന്നതും 200 കോടി ക്ലബ്ബ്; പ്രണവ് അച്ഛന്റെ മകന്‍
തിരുവനന്തപുരം: മോഹന്‍ലാലിന്റെ ഹൃദയപൂര്‍വ്വം സൂപ്പര്‍ ഹിറ്റായിരുന്നു. സത്യന്‍ അന്തികാടിന്റെ ഈ കുടുംബ ചിത്രം ആദ്യ രണ്ടു ദിവസം കേരളത്തില്‍ നേടിയത് ആറു കോടിയ്ക്ക് അടുത്ത് കളക്ഷനായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ബോക്‌സോഫീസിന് പുതിയ പ്രതീക്ഷയാകുന്നു. ആദ്യ രണ്ടു ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം പത്ത് കോടി നേടി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഡീയസ് ഈറേ' ഒക്ടോബര്‍ 31-നാണ് ആഗോള റിലീസായെത്തിയത്. ''ക്രോധത്തിന്റെ ദിനം'' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെ എത്തിയ ഈ ഹൊറര്‍ ത്രില്ലര്‍. ആഗോള കളക്ഷനില്‍ 18 കോടിയുമായി. ഇതോടെ ഈ ചിത്രവും നൂറു കോടി കടക്കുമെന്നാണ് പ്രതീക്ഷ.
'ഭ്രമയുഗം' എന്ന വിജയചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ആദ്യ ദിവസം 11 കോടിയോളം നേടിയ ചിത്രം രണ്ടാം ദിവസം 7 കോടി കൂടി നേടി മൊത്തം കളക്ഷന്‍ 18 കോടിയില്‍ ആഗോള കളക്ഷന്‍ എത്തിച്ചു. അടുത്ത കാലത്ത് ലോകാ ചാപ്റ്റര്‍ 1 എന്ന ചിത്രം മലയാളത്തില്‍ നിന്നും 200 കോടി ക്ലബ്ബില്‍ കളക്ഷന്‍ നേടിയിരുന്നു. ഇതും ഹൊറര്‍ മൂഡിലുള്ളതായിരുന്നു. ഈ സിനിമയ്ക്ക് ആദ്യ രണ്ടു ദിവസം ഇന്ത്യയില്‍ നിന്നും കളക്ഷനായി കിട്ടിയത് എട്ടര കോടിയോളമായിരുന്നു. ഈ കണക്കും പ്രണവിന്റെ ഡീയസ് ഈറ കടത്തി വെട്ടുന്നു. മോഹന്‍ലാലിന്റെ മകന്റെ ചിത്രം 200 കോടി നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചനയാണ് ഇത്. ഒടിടിയും സാറ്റലൈറ്റും അടക്കം 200 കോടി ക്ലബ്ബില്‍ പ്രണവ് ചിത്രമെത്തിയാല്‍ അത് പുതിയ സൂപ്പര്‍ സ്റ്റാറിന്റെ ഉദയമാകും. ലോകയില്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയായിരുന്നു നായിക. പ്രണവിന്റെ കളിക്കൂട്ടുകാരി. കല്യാണിയ്ക്ക് ലോക നല്‍കിയത് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയാണ്. ഇപ്പോള്‍ ലാലിന്റെ മകനും മറ്റൊരു ഹൊററുമായി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തുന്നു.
ഉദ്വേഗവും ആകാംഷയും നിറഞ്ഞ 'ഡീയസ് ഈറേ' എന്ന ഹൊറര്‍ ത്രില്ലറിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗംഭീരമായ ദൃശ്യങ്ങളും ക്രിസ്റ്റോ സേവ്യര്‍ ഈണമിട്ട ശ്രദ്ധേയമായ ഗാനങ്ങളും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയര്‍ത്തുന്നു. 'അ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. കേരളത്തില്‍ ഇ ഫോര്‍ എക്‌സ്‌പെരിമെന്റസ് ആണ് ചിത്രം വിതരണം ചെയ്തത്. ഇന്ത്യക്ക് പുറത്ത് ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ്‌സ് വിതരണ ചുമതല ഏറ്റെടുത്തു. കര്‍ണാടകയില്‍ വികെ ഫിലിംസും റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ തിങ്ക് സ്റ്റുഡിയോസും വിതരണം ചെയ്യുന്നു. യുഎസ്എയില്‍ പ്രൈം മീഡിയ യുഎസും നോണ്‍-ജിസിസി രാജ്യങ്ങളില്‍ ബെര്‍ക് ഷെയര്‍ ഡ്രീം ഹൗസ്, ഇസാനഗി ഫിലിംസ് എന്നിവരും ചിത്രമെത്തിച്ചു. എല്ലായിടത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്ക്.
മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെപ്പോലെ മികച്ച വര്‍ഷമാണ് കടന്നുപോകുന്നതും. തുടരെ മികച്ച ജനപ്രീതി നേടുന്ന വിജയ ചിത്രങ്ങള്‍ സംഭവിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് രണ്ട് തവണ തകര്‍ക്കപ്പെടുന്നതിനും ഈ വര്‍ഷം തന്നെ സാക്ഷ്യം വഹിച്ചു. ഡീയസ് ഈറേ ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 11.63 കോടി രൂപയാണ്. മോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് അത്. 68.2 കോടി നേടിയ എമ്പുരാന്‍, 17.18 കോടി നേടിയ തുടരും എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മോഹന്‍ലാലിന്റെ ഓണച്ചിത്രം ഹൃദയപൂര്‍വ്വമാണ് നാലാമത്. 8.43 കോടിയാണ് ഓപണിംഗ്. അഞ്ചാമത് മമ്മൂട്ടിയുടെ ബസൂക്കയും ആറാമത് നിലവില്‍ മലയാളത്തിലെ ഹയസ്റ്റ് ഗ്രോസര്‍ ആയ ലോകയും. ബസൂക്കയുടെ ആദ്യ ദിന നേട്ടം 7 കോടിയും ലോകയുടേത് 6.60 കോടിയും ആയിരുന്നു. ഞായറാഴ്ചയും പ്രണവ് ചിത്രം മികച്ച ബുക്കിംഗ് നേടുന്നുണ്ട്.
ഡീയസ് ഈറേ എന്ന ചിത്രം ബോക്സ് ഓഫീസിനെയാകെ 'ഭയപ്പെടുത്തി'ക്കൊണ്ട് വിജയക്കുതിപ്പ് തുടരുകയാണെന്നത് കളക്ഷന്‍ റിക്കോര്‍ഡുകള്‍ക്ക് വെല്ലുവിളിയാണ്. മികച്ച റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് ഭൂരിഭാഗം പേരും പ്രത്യേകമായി തന്നെ പറയുന്നുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കലും പ്രണവിന്റെ ഡീയസ് ഈറേയിലെ അഭിനയമികവിനെ പ്രകീര്‍ത്തിക്കുകയാണ്. ലാലേട്ടന് (മോഹന്‍ലാല്‍) പകരം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല എന്ന് അടിവരയിട്ട് പറഞ്ഞ സിദ്ധു പനയ്ക്കല്‍, അച്ഛനോളമെത്താനുള്ള പരിശ്രമത്തിലെ കുതിച്ചുചാട്ടമാണ് പ്രണവ് നടത്തിയിരിക്കുന്നത് എന്നും പറഞ്ഞു. സംവിധായകന്‍ രാഹുല്‍ സദാശിവനെ നമിച്ചേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ശരിവയ്ക്കുന്നതാണ് ആദ്യ രണ്ടു ദിനത്തിലെ കളക്ഷനും.
'സംഭാഷണത്തിന്റെ അകമ്പടി ഇല്ലാതെ ഒരു ഒരു ക്ലോസപ്പ് ഷോട്ടില്‍ അഭിനയിച്ച്, ആ സീനിന്റെ ഇമോഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനായാല്‍ അതിനര്‍ഥം അയാള്‍ ഒരു മികച്ച നടന്‍ ആണെന്നാണ്.' സിബി മലയില്‍ സര്‍ പറഞ്ഞതാണ്. സാങ്കല്‍പിക സാഹചര്യങ്ങളില്‍ സത്യസന്ധമായി പെരുമാറുന്നതാണ് അഭിനയം എന്ന് വായിച്ചിട്ടുണ്ട്. ശരീരചലനങ്ങള്‍ മുഖഭാവങ്ങള്‍ ശബ്ദം എന്നിവ ഉപയോഗിച്ച് കഥാപാത്രത്തിന്റെ ചിന്തകളെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രക്രിയയാരണ് അഭിനയം എന്നും കേട്ടിട്ടുണ്ട്.-ഇതാണ് സിദ്ധുവിന്റെ വിശദീകരണം.
2002ല്‍ 'ഒന്നാമന്‍' എന്ന സിനിമയില്‍ ബാലതാരമായാണ് പ്രണവിന്റെ അരങ്ങേറ്റം. മോഹന്‍ലാലിന്റെ ബാല്യകാലമായിരുന്നു അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ മേജര്‍ രവി സംവിധാനം ചെയ്ത 'പുനര്‍ജനി' എന്ന ചിത്രത്തിലുടെ മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. പിന്നീട് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുന്നത്. മോഹന്‍ലാല്‍ നായകനായ 'സാഗര്‍ ഏലിയാസ് ജാക്കി'യിലെ അതിഥിവേഷം. തുടര്‍ന്ന് പാപനാശം (ദൃശ്യത്തിന്റെ തമിഴ് റീമേക്ക്) , ലൈഫ് ഓഫ് ജോസൂട്ടി എന്നീ ജിത്തു ജോസഫ് സിനിമകളില്‍ സഹസംവിധായകന്റെ കുപ്പായം. 2018 ല്‍ 'ആദി' എന്ന ആക്ഷന്‍ ചിത്രത്തിലുടെ നായകനായി അരങ്ങേറ്റം. ഈ സിനിമയില്‍ ജിപ്സി വിമന്‍... എന്ന ഗാനം പ്രണവ് എഴുതി, പാടി, അഭിനയിച്ചു. തുടക്കം ഗംഭീരമായിരുന്നു. ആദി ഹിറ്റായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വീണ്ടും നായകന്‍. എന്നാല്‍ ആദ്യചിത്രത്തിന്റെ വിജയം രണ്ടാമത് സംഭവിച്ചില്ല. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ വീണ്ടും അതിഥിവേഷം. 2020 ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയ'ത്തില്‍ നായകനായി അതിശക്തമായ തിരിച്ചുവരവ്. ചിത്രം സൂപ്പര്‍ഹിറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലും കസറി. അതിന് ശേഷമാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് ലാലിന്റെ നടന്‍ മുന്നേറുന്നത്.
