സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി; നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം; സുപ്രീംകോടതി ജാമ്യം അനുവദിച്ചത് വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തില്‍; ഏഴര വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാര്യം ചൂണ്ടിക്കാട്ടി കോടതി
സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി; നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യ
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, പ്രതി ഏഴര വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാര്യവും കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പള്‍സര്‍ സുനിക്കു ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചാല്‍ ഇത് പുറത്തുവിടുമെന്ന തരത്തില്‍ നടിയെ ഭീഷണിപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. ഇയാള്‍ രാജ്യംവിടാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂര്‍വമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാല്‍ ജാമ്യം തന്റെ അവകാശമാണെന്നുമാണു പള്‍സര്‍ സുനി വാദിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ബദല്‍ കഥകള്‍ മെനയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിയ്ക്കാന്‍ ദിലീപ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായാണ് അടിസ്ഥാന രഹിതമായ കഥകള്‍ അദ്ദേഹം മെനയുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള ആറ് പ്രതികള്‍ പരാതിക്കാരി തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരം കഴിഞ്ഞതോടെയാണ് വാദം പൂര്‍ത്തിയായത്. 261 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ കേസിന്റെ വിധി ഈ വര്‍ഷം നവംബറില്‍ ഉണ്ടാകും. 2017 ഫെബ്രുവരിയിലാണു കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.