ഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്‍കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന്‍ നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?
താന്‍ തന്നെ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തി റെക്കോഡ് ചെയ്യുന്നുണ്ടെന്ന് പി.വി. അന്‍വര്‍ പറയുന്നു. ഇത് കുറ്റകരമായതിനാല്‍ അദ്ദേഹത്തിനെതിരേ നിയമനടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം.
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെയും മറ്റു പലരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഇടപെടലില്‍ സര്‍ക്കാര്‍ നീക്കം കരുതലോടെ മാത്രം. തല്‍കാലം മറുപടി നല്‍കില്ല. സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍, ബാഹ്യശക്തികള്‍ക്കു സ്വാധീനമുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന വിമര്‍ശനവും മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ കത്ത് അവഗണിക്കാനാണ് സാധ്യത. മുമ്പും ഗവര്‍ണറുടെ പല കത്തിനും മുഖ്യമന്ത്രി പ്രതികരിക്കാത്ത സംഭവങ്ങളുണ്ട്.
പ്രതിപക്ഷത്തു നിന്നുള്ള ആക്രമണവും ഘടകകക്ഷികളുടെ വിമര്‍ശനവും നേരിടുന്നതിനിടെയാണു സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഗവര്‍ണറും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ഫോണ്‍ ചോര്‍ത്തലിലും ഡിജിപി അന്വേഷണം നടത്തുന്നുണ്ട്. അതിന് ശേഷമേ സര്‍ക്കാര്‍ നിലപാടുകളില്‍ എത്തൂവെന്നാണ് ഇടതു കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ അന്‍വറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് മറുപടി വൈകിയാലുളള തുടര്‍ നടപടികളാണ് ഗവര്‍ണര്‍ ആലോചിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് സ്വമേധയാ ഗവര്‍ണറുടെ ഇടപെടല്‍. ഇതിന് പിന്നിലെ രാഷ്ട്രീയം മുഖ്യമന്ത്രി തിരിച്ചറിയുന്നു. 'മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതിനെ അതീവ ഗൗരവമായി കാണണം. സുപ്രീം കോടതി ഉത്തരവുകളുടെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും നഗ്‌നമായ ലംഘനമാണിത്' കത്തില്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവുകളുടെ കൂടി ചുവടുപിടിച്ചു ഗവര്‍ണര്‍ നടത്തിയ വിമര്‍ശനം സര്‍ക്കാരിനുള്ള സന്ദേശമായാണു കരുതുന്നത്. തന്റെ കത്തില്‍ നടപടികളുണ്ടായില്ലെങ്കില്‍ ഗവര്‍ണര്‍ കോടതിയെ സമീപിച്ചേക്കും.
ഗുരുതരമായ നിരീക്ഷണമാണ് ഗവര്‍ണ്ണ നടത്തുന്നത്. എംഎല്‍എയും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ, എംഎല്‍എ പുറത്തുവിട്ട ഓഡിയോ ക്ലിപ് വളരെ ഗുരുതരമാണെന്നു ഗവര്‍ണര്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരും തമ്മില്‍ ബന്ധമുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഇവരുടെ സംഭാഷണമെന്നു സുജിത്ദാസും അന്‍വറും തമ്മിലുള്ള ഫോണ്‍ കോള്‍ പരാമര്‍ശിച്ച് ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് മുഖ്യമന്ത്രി.
ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അന്‍വറിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നു. എംഎല്‍എ തന്നെ ഫോണ്‍ ചോര്‍ത്തിയതായി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തിലും നിയമപ്രകാരമുള്ള നടപടികള്‍ വേണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. വിഷയം പ്രധാനപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തിലെടുത്ത നടപടി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലാണ് മറുപടി വൈകിപ്പിക്കാനുള്ള നീക്കം.
രാജ്ഭവനില്‍നിന്ന് പ്രത്യേക ദൂതന്‍വശം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് എത്തിക്കുകയായിരുന്നു. ഫോണ്‍സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ സാധാരണ ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയക്കുക. എന്നാല്‍, ഇപ്പോള്‍ ഗവര്‍ണര്‍ നേരിട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. താന്‍തന്നെ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തി റെക്കോഡ് ചെയ്യുന്നുണ്ടെന്ന് പി.വി. അന്‍വര്‍ പറയുന്നു. ഇത് കുറ്റകരമായതിനാല്‍ അദ്ദേഹത്തിനെതിരേ നിയമനടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം.