ഒരാള്‍ തന്റെ പോരാട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം; പ്രതിപക്ഷം എന്നത് ജനങ്ങളുടെ ശബ്ദം; സംസാരിക്കുന്നതിനേക്കാള്‍ 'കേള്‍ക്കുക' ആണ് പ്രധാനം: ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ രാഹുല്‍ഗാന്ധി

ഡാലാസില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പ് നല്‍കി ഇന്ത്യന്‍ സമൂഹം

Update: 2024-09-09 03:18 GMT

ഡാലസ്: ലോക്‌സഭാ പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഡാലസിലെ ടെക്‌സാസ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായും രാഹുല്‍ സംവദിച്ചു. ഒരാള്‍ തന്റെ പോരാട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ പറഞ്ഞു.

'സംസാരിക്കുന്നതിനേക്കാള്‍ 'കേള്‍ക്കുക' എന്നതാണ് വളരെ പ്രാധാനമാണെന്നാണ് എന്റെ നിഗമനം. എന്നെ നിങ്ങളുടെ സ്ഥാനത്ത് നിര്‍ത്തുക എന്നതാണ് 'കേള്‍ക്കുക' എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒരു കര്‍ഷകര്‍ എന്നോട് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ അവരുടെ ദൈനംദിന ജീവിതത്തോടൊപ്പം സഞ്ചരിക്കാനും അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കാനും ശ്രമിക്കും- രാഹുല്‍ വ്യക്തമാക്കി

'കേള്‍ക്കുക' എന്ന അടിസ്ഥാന കാര്യമാണ്, തുടര്‍ന്ന് ആഴത്തില്‍ മനസിലാക്കുക. ഒരാള്‍ ഓരോ വിഷയവും ഉന്നയിക്കാന്‍ പാടില്ല. നിങ്ങള്‍ പ്രധാനപ്പെട്ട വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി പോരാടുകയും ചെയ്യുക. ഒരാള്‍ തന്റെ പോരാട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം' -അദ്ദേഹം പറഞ്ഞു.

'ജനങ്ങളുടെ ശബ്ദ'മാണ് പ്രതിപക്ഷം. പാര്‍ലമെന്റ് നടക്കുന്ന ദിനങ്ങളില്‍ തുടര്‍ച്ചയായി സംഭവവികാസങ്ങള്‍ നടക്കുന്നുണ്ട്. അല്ലാത്തപ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ 'എവിടെ', 'എങ്ങനെ' എനിക്ക് ഉന്നയിക്കാമെന്നുള്ളതാണ്. നിങ്ങള്‍ ഒരു വ്യക്തി, സംഘം, വ്യവസായം, കര്‍ഷകര്‍ എന്നിവരുടെ വീക്ഷണകോണില്‍ ചിന്തിക്കുക എന്നതാണ് പ്രധാന കാര്യം. ഒരാള്‍ വിഷയത്തെ ശ്രദ്ധയോടെ കേട്ട് മനസിലാക്കിയ ശേഷം വേഗത്തില്‍ ഇടപെടണമെന്നും രാഹുല്‍ വ്യക്തമാക്കി.

ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍വരവേല്‍പ്പാണ് പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അര്‍ഥവത്തായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും ഏര്‍പ്പെടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചത്.

ഡാലസിലെ ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രവാസി ഇന്ത്യക്കാരെ രാഹുല്‍ അഭിസംബോധന ചെയ്യുന്നത്. അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒമ്പതിനും പത്തിനും വാഷിങ്ടണ്‍ ഡിസിയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Tags:    

Similar News