രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി ഇരകള്‍ നേരിട്ടു വന്നിട്ടില്ല; എത്തിയ 13 പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാം കക്ഷികള്‍ നല്‍കിയത്; പരാതിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നതോടെ പിന്തുണച്ച് കോണ്‍്രസുകാര്‍; പ്രതിഷേധിക്കാന്‍ സിപിഎമ്മും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി ഇരകള്‍ നേരിട്ടു വന്നിട്ടില്ല

Update: 2025-09-01 01:39 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറു തന്ത്രങ്ങളുമായി കോണ്‍ഗ്രസും രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും ഒരു വിഭാഗം അണികളുടെ വലിയ പിന്തുണ രാഹുലിന് ലഭിക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കളില്‍ ചിലര്‍ വ്യക്തമാക്കിയതും.

കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചുമാണ് എംഎം ഹസ്സന്റെ പ്രതികരണം. അമ്മി കൊത്താന്‍ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടും. നിയമസഭയില്‍ വരണോയെന്നത് എംഎല്‍എയുടെ തീരുമാനമാണ്. നിയമസഭയില്‍ വരുന്നത് അവകാശമാണ്. ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാല്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരായ കേസ് അങ്ങിനെയല്ലെന്നും ഹസ്സന്‍ പറഞ്ഞു.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച 13 പരാതികളും മൂന്നാം കക്ഷികളുടേതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരാതികളില്‍ ഭൂരിഭാഗവും ഇ മെയില്‍ വഴിയാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് സമര്‍പ്പിക്കപ്പട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മിക്കപരാതികളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളില്‍ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗര്‍ഭച്ഛിദ്ര പരാതി ഉന്നയിച്ച യുവതിയില്‍ നിന്നും വിവരം ശേഖരിച്ച് തുടര്‍ നടപടിയിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗര്‍ഭച്ഛിദ്ര ആരോപണം ഉന്നയിച്ച യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇവര്‍ മൊഴി നല്‍കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍.

രാഹുല്‍ മോശമായി പെരുമാറിയെന്ന റിനി ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കര്‍ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളില്‍ രേഖപ്പടുത്തും. നിലവില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം മറുവശത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് ഡിവൈഎഫ്‌ഐ അടക്കമുള്ളവര്‍. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരില്‍ പരിപാടി നടത്തുന്നത്. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹാജരായില്ല. അടുത്ത ആഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കും. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.

Tags:    

Similar News