മുന്‍കാലങ്ങളില്‍ എം. മുകേഷിനും എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്‍സന്റിനും എതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്‌സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്‍എ പദവിയില്‍ ആയോഗ്യനാക്കല്‍: ആ നീക്കം പാളിയേക്കും
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നീക്കങ്ങള്‍ സങ്കീര്‍ണ്ണമായ നിയമക്കുരുക്കിലേക്ക്. രാഹുലിനെ പുറത്താക്കാനുള്ള സാധ്യതകള്‍ സ്പീക്കര്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഇതിന് വലിയ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുന്‍പ് നിയമസഭ നടപടിയെടുക്കുന്നത് രാഷ്ട്രീയവും നിയമപരവുമായ നിരവധി ചോദ്യങ്ങള്‍ക്ക് വഴിതുറക്കും.
നിയമസഭയുടെ കാലാവധി തീരാന്‍ ഇനി അഞ്ച് മാസം മാത്രമാണ് അവശേഷിക്കുന്നത്. ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ, ഇത്തരം ഒരു സാഹചര്യത്തില്‍ രാഹുലിനെതിരെ ധൃതിപിടിച്ച നീക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല. സഭയ്ക്ക് പുറത്ത് നടന്ന ഒരു ക്രിമിനല്‍ കേസിന്റെ പേരില്‍ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിക്ക് എത്രത്തോളം ഇടപെടാന്‍ കഴിയുമെന്ന കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിനും വ്യക്തതയില്ല. സഭയുടെ അന്തസ്സിനും പദവിക്കും ചേരാത്ത വിധം പെരുമാറിയെന്ന് കാണിച്ച് സ്പീക്കര്‍ക്ക് ലഭിക്കുന്ന പരാതി കമ്മിറ്റിക്ക് വിടുകയാണ് ആദ്യ നടപടി.
എന്നാല്‍ കമ്മിറ്റി തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി സഭ നടപടിയെടുക്കുമ്പോഴേക്കും നിയമസഭയുടെ കാലാവധി തന്നെ അവസാനിച്ചേക്കാം. മുന്‍കാലങ്ങളില്‍ എം. മുകേഷ്, എല്‍ദോസ് കുന്നപ്പിള്ളി, എം. വിന്‍സന്റ് തുടങ്ങിയ എംഎല്‍എമാര്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എത്തിക്‌സ് കമ്മിറ്റി പരിശോധന നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെ കോടതി ശിക്ഷിക്കുന്നത് വരെ സഭ കാത്തിരുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കോടതി ശിക്ഷിക്കാതെ ഒരാളെ സഭ പുറത്താക്കുന്നത് കീഴ്വഴക്കമില്ലാത്ത കാര്യമാണെന്നും, ജയിച്ചുവന്ന ഒരാളുടെ അംഗത്വം കളയാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് വകുപ്പില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിക്കുന്നു.
അതേസമയം, സഭാംഗങ്ങളുടെ പെരുമാറ്റത്തിന് നിശ്ചിത നിലവാരമുണ്ടെന്നും അതില്‍ വീഴ്ച വന്നാല്‍ നടപടിയെടുക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്നുമാണ് ചിലരുടെ നിലപാട്. പൊലീസ് അന്വേഷണം ഈ നടപടിക്ക് തടസ്സമല്ലെങ്കിലും, ധാര്‍മ്മികതയുടെയും സദാചാരത്തിന്റെയും പേരില്‍ ഒരു എംഎല്‍എയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് സഭാ ചട്ടങ്ങളില്‍ വ്യക്തമായ നിര്‍വചനങ്ങളില്ല.
ഈ അവ്യക്തതകളും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടികള്‍ക്ക് വലിയ തടസ്സമായി മാറും.
